Politics | 20 പാർട്ടികളെ അണിനിരത്തി ചെന്നൈയിൽ യോഗം; എം കെ സ്റ്റാലിൻ ‘ഇൻഡ്യ’ മുന്നണിയുടെ അമരത്തേക്കോ?
● 2026ൽ വരാൻ പോകുന്ന മണ്ഡലം പുനർനിർണയത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകൾ ഗണ്യമായി കുറക്കുക എന്നതാണ്.
● മണ്ഡലം പുനർനിർണയം നടന്നാൽ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം ഇരുപതിൽനിന്ന് 12 ആയി ചുരുങ്ങും.
● ബിജെപിക്ക് മേൽക്കോയ്മയുള്ള യുപിയിൽ 11 സീറ്റുകളുടെയും, ബിഹാറിൽ 10 സീറ്റുകളും, രാജസ്ഥാനിൽ 6 സീറ്റുകളും, മധ്യപ്രദേശിൽ നാല് സീറ്റുകളുടെയും വർദ്ധനവ് ഉണ്ടാവും.
● ഇൻഡ്യാ മുന്നണിയുടെ നേതൃത്വസ്ഥാനത്ത് സ്റ്റാലിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഇത് ആക്കം കൂട്ടുകയും ചെയ്യും.
എം എം മുനാസിർ
ചെന്നൈ: (KasargodVartha) ജനസംഖ്യാടിസ്ഥാനത്തിലുള്ള പുതിയ മണ്ഡല പുനർനിർണയം തടയാനുള്ള നടപടികളെ കുറിച്ച് ആലോചിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശനിയാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ 20ൽപ്പരം പാർട്ടികൾ പങ്കെടുക്കും.
രാജ്യത്തെ ഹിന്ദി മേഖലയെന്നും, അല്ലാത്തവയൊന്നും രണ്ടായി വിഭജിക്കപ്പെടുന്നതാണ് മണ്ഡലം പുനർനിർണയമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇതിനകം നിലപാട് വ്യക്തമാക്കിയതോടെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ചെന്നൈയിൽ നിർണായകമായ യോഗം ചേരുന്നത്.
2026ൽ വരാൻ പോകുന്ന മണ്ഡലം പുനർനിർണയത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകൾ ഗണ്യമായി കുറക്കുക എന്നതാണ്. മണ്ഡലം പുനർനിർണയം നടന്നാൽ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം ഇരുപതിൽനിന്ന് 12 ആയി ചുരുങ്ങും. തമിഴ്നാട്ടിലും എട്ടു സീറ്റുകളുടെ കുറവ് വരും. ആന്ധ്രപ്രദേശ്, തെലുങ്കാനയിലും എട്ട് സീറ്റുകളുടെ കുറവ് വരും, കർണാടകയിൽ രണ്ട് സീറ്റുകളുടെയും.
അതേസമയം പശ്ചിമബംഗാളിൽ നാല് സീറ്റ്, ഒഡിഷ മൂന്ന്, പഞ്ചാബ് ഒന്ന്, ഹിമാചൽപ്രദേശിൽ ഒന്ന്, ഉത്തരാഖണ്ഡിൽ ഒന്ന് എന്നിങ്ങനെയാണ് ലോക്സഭ മണ്ഡലങ്ങളിൽ കുറവ് വരിക. അതിനിടെ ബിജെപിക്ക് മേൽക്കോയ്മയുള്ള യുപിയിൽ 11 സീറ്റുകളുടെയും, ബിഹാറിൽ 10 സീറ്റുകളും, രാജസ്ഥാനിൽ 6 സീറ്റുകളും, മധ്യപ്രദേശിൽ നാല് സീറ്റുകളുടെയും വർദ്ധനവ് ഉണ്ടാവും. അങ്ങിനെ വരുമ്പോൾ ആകെ ലോക്സഭയിലെ 543ൽ 226 സീറ്റിനെയും നിയന്ത്രിക്കുന്ന ‘ഹിന്ദി ഹൃദയ ഭൂമിക്ക്' ഇതോടെ 259 സീറ്റ് ആകും.
ഇത് ഏകദേശം ഭൂരിപക്ഷത്തോടടുക്കാനുള്ളതാവും. 132 സീറ്റ് മാത്രമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് രാജ്യത്തെ ഭരണസംവിധാനത്തിൽ ചെറുത്തുനിൽക്കാനാവാത്ത സാഹചര്യം ഉണ്ടാകും. ഇതാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ യോഗത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.
ഈ വിഷയം ഇന്ത്യാ മുന്നണി തന്നെ ഏറ്റെടുക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം മുന്നണിയിലുണ്ടായിരുന്നു. എന്നാലിപ്പോൾ മുന്നണി ബന്ധം ശിഥിലമായ അവസ്ഥയിലാണുള്ളത്. പ്രാദേശിക വിഷയങ്ങളുമായി മുന്നണിയിലെ ഘടകകക്ഷികൾ തെരഞ്ഞെടുപ്പുകളിൽ നേർക്കുനേർ കൊമ്പ് കോർക്കുന്ന അവസ്ഥയാനുള്ളത്. ഇത് മനസ്സിലാക്കി തന്നെയാണ് എം കെ സ്റ്റാലിൻ നേരിട്ടിറങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 20 പാർട്ടികളെ അണിനിരത്തി കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയമെന്ന ‘ഹിഡൻ അജണ്ട'’യ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.
ഇതോടെ ഏവർക്കും സ്വീകാര്യനാവുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇത് സമീപ ഭാവിയിൽ ഇന്ത്യാ മുന്നണിയിലും പ്രതിഫലിക്കും. ഇൻഡ്യാ മുന്നണിയുടെ നേതൃത്വസ്ഥാനത്ത് സ്റ്റാലിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഇത് ആക്കം കൂട്ടുകയും ചെയ്യും. യോഗത്തിൽ സംബന്ധിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് പാർട്ടി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ കർണാടക പിസിസി അധ്യക്ഷനും, ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ, കോൺഗ്രസ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.
യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതിനിധി പങ്കെടുക്കും. എൻഡിഎയുടെ ഭാഗമായ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
കേരളത്തിൽനിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ജോസ് കെ മാണി (കേരള കോൺഗ്രസ്-എം), പി.ജെ. ജോസഫ് (കേരള കോൺഗ്രസ് ജോസഫ്), പി.എം.എ സലാം (മുസ്‌ലിംലീഗ്), എൻ കെ പ്രമേചന്ദ്രൻ (ആർഎസ്‌പി) എന്നിവരും യോഗത്തിനെത്തുമെന്നാണ് വിവരം.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Tamil Nadu CM MK Stalin convenes a meeting with 20 parties to discuss and strategize against the upcoming delimitation of constituencies, aiming to protect Southern states' representation.
#MKStalin, #Delimitation, #IndiaAlliance, #SouthernStates, #PoliticalMeeting, #Federalism