നോട്ടീസ് പോലും നല്‍കാതെയുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം സി ഖമറുദ്ദീന്‍; കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു; രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുസ്ലീം ലീഗ്
കാസര്‍കോട്: (www.kasargodvartha.com 07.11.2020) നോട്ടീസ് പോലും നല്‍കാതെയുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ പ്രതികരിച്ചു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി ഖമറുദ്ദീനെ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് ഈ പ്രതികരണം നടത്തിയത്.
നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമാണ് ഇപ്പോഴുമുളളത്. അറസ്റ്റ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ചാണ്.
കേസില്‍ തിങ്കളാഴ്ച താന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിനുപോലും കാത്തിരിക്കാതെയാണ് മൊഴിയെടുക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
ഇതുകൊണ്ടെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഖമറുദ്ദീന്‍ വ്യക്തമാക്കി.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത താല് കേസിലാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന്റെ മറവില്‍ 800ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെ നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വ്യക്തമായിട്ടുള്ളതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.
111 കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഖമറുദ്ദീനും എം ഡി പൂക്കോയ തങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഖമറുദ്ദീന് നോട്ടീസ് പോലും നല്‍കാതെ ചോദ്യം ചെയ്യാന്‍ വിളിച്ച് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
വ്യാപാര സംബന്ധമായ ഇടപാടുകളെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Keywords: Kasaragod, Kerala, News, Muslim-league, Politics, Police, Arrest, M.C.Khamarudheen, MC Khamaruddin says arrest without even giving notice is politically motivated