Criticism | സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാൻ പിണറായി വിജയൻ ഉപദേശിക്കണമെന്ന് ജെബി മേത്തർ എം പി
● മഹിള സാഹസ് കേരള യാത്രയ്ക്ക് വിവിധ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ജെബി മേത്തർ എംപി.
● പെരിയ കേസിൽ ശിക്ഷിപ്പെട്ട കൊലപുള്ളികളെ കാണാൻ ശ്രീമതി ടീച്ചറും ദിവ്യയും ജയിലിൽ പോയത് സ്ത്രീകൾക്കും അമ്മമാർക്കും നാണക്കോടാണ്.
● നവീൻ ബാബുവിന്റെ കൊലക്ക് ഉത്തരവാദിയായ ദിവ്യയെ ജയിലിൽ സ്വീകരിക്കാൻ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പോകുന്നു.
കാസർകോട്: (KasargodVartha) സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാൻ പിണറായി വിജയൻ ഉപദേശിക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം പി. സിപിഎം നടത്തുന്ന എല്ലാ കൊലപാതകങ്ങളുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും ബ്ലുപ്രിൻ്റ് പിണറായിയുടെതാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സ്ത്രീകളുടെയും അമ്മമാരുടെയും മുന്നേറ്റമാണ് മഹിളാ സാഹസ് കേരള യാത്ര. പിണറായിയെ താഴെയിറക്കും വരെ സ്ത്രീകൾക്ക് വിശ്രമമില്ലെന്നും അവർ പറഞ്ഞു.
മഹിള സാഹസ് കേരള യാത്രയ്ക്ക് വിവിധ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ജെബി മേത്തർ എംപി. മഹിളാ സാഹസ് കേരള യാത്രയുടെ നാലാം ദിനത്തിൽ ഉദുമ, പള്ളിക്കര, അജനൂർ, കാഞ്ഞങ്ങാട്, മടിക്കൈ, കിനാനൂർ കരിന്താലം, കോടോം ബെല്ലൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
കെപിസിസി. രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനിൽകുമാർ എംഎൽഎ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട്, യുഡിഎഫ് ജില്ലാ കൺവീനർ ഗോവിന്ദൻ നായർ, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, മുൻ പ്രസിഡണ്ട് ഹകീം കുന്നിൽ, കെപിസിസി സെക്രട്ടറി എം ഹസനാർ, മീനാക്ഷി ബാലകൃഷ്ണൻ എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
'കൊലയാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ ആഘോഷയാത്ര നടത്തുന്നു'
സംസ്ഥാനത്തെ അമ്മമാർ സിപിഎം കൊലപാതകത്തിനെതിരെ ചെറുത്ത് നിൽപ്പ് നടത്തുമ്പോൾ സിപിഎം വനിത നേതാക്കൾ കൊലയാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ ജയിലുകളിലേക്ക് ആഘോഷയാത്ര നടത്തുകയാണെന്ന് ജെബി ആരോപിച്ചു. പെരിയ കേസിൽ ശിക്ഷിപ്പെട്ട കൊലപുള്ളികളെ കാണാൻ ശ്രീമതി ടീച്ചറും ദിവ്യയും ജയിലിൽ പോയത് സ്ത്രീകൾക്കും അമ്മമാർക്കും നാണക്കോടാണ്.
നവീൻ ബാബുവിന്റെ കൊലക്ക് ഉത്തരവാദിയായ ദിവ്യയെ ജയിലിൽ സ്വീകരിക്കാൻ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പോകുന്നു. മനുഷ്യ മനസാക്ഷിയും അമ്മമാരുടെ കണ്ണീരും കാണാതെ ഇവർ കൊലപാതക രാഷ്ട്രീയത്തെ മഹത്വവൽക്കരിക്കുന്നു. ഇവർക്കെതിരെ എല്ലാ സ്ത്രീജനങ്ങളും സംഘടനകളും രംഗത്ത് വരണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
#PoliticalViolence #PinarayiVijayan #WomenEmpowerment #MahilaSahasKeralaYatra #JebyMethar #KeralaPolitics