Community Service | കാരുണ്യത്തിന്റെ കൈത്താങ്ങുമായി ജലീൽ കോയ പി ടി എച്ച് കാസർകോട് ജില്ലാ കോ-ഓർഡിനേറ്റർ
● കാസർകോട് ഗവ. ജനറൽ ആശുപത്രിക്ക് സമീപം ഫാർമസ്യൂട്ടിക്കൽ ഹോൾസെയിൽ സ്ഥാപനം ആരംഭിച്ചുകൊണ്ടാണ് ജലീൽ കോയയുടെ പ്രവർത്തനങ്ങളുടെ തുടക്കം.
● റൂബി മെഡിക്കൽ സ്റ്റോർ, റൂബി മെഡിക്കൽ ലാബ് എന്നിവ സ്ഥാപിച്ചു.
● 1990കളിൽ വീണ്ടും മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയ മേഖലയിൽ സജീവമാകുകയിരുന്നു.
കെ ടി നിയാസ്
കാസർകോട്: (KasargodVartha) ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ ഹോസ്പിറ്റാലിറ്റീസിന്റെ (പി ടി എച്ച്) കാസർകോട് ജില്ലാ കോ-ഓർഡിനേറ്ററായി ജലീൽ കോയയെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും നിലവിൽ പി ടി എച്ച് മണ്ഡലം കോ-ഓർഡിനേറ്ററുമാണ് സാമൂഹ്യ സേവന രംഗത്ത് ദീർഘകാലത്തെ അനുഭവപരിചയമുള്ള ജലീൽ കോയ.
എംഎസ്എഫിലൂടെ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജലീൽ കോയ 10 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 1990കളിൽ വീണ്ടും മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയ മേഖലയിൽ സജീവമാകുകയിരുന്നു. റൂബി ഗ്രൂപ്പിന്റെ ചെയർമാൻ എന്ന നിലയിൽ ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, തന്റെ ബിസിനസ് ജീവിതത്തിലും ജീവകാരുണ്യ മേഖലയെ മുറുകെ പിടിച്ചു.
കാസർകോട് ഗവ. ജനറൽ ആശുപത്രിക്ക് സമീപം ഫാർമസ്യൂട്ടിക്കൽ ഹോൾസെയിൽ സ്ഥാപനം ആരംഭിച്ചുകൊണ്ടാണ് ജലീൽ കോയയുടെ പ്രവർത്തനങ്ങളുടെ തുടക്കം. പിന്നീട് റൂബി മെഡിക്കൽ സ്റ്റോർ, റൂബി മെഡിക്കൽ ലാബ് എന്നിവ സ്ഥാപിച്ചു. ഇതിലൂടെ പാവപ്പെട്ട രോഗികൾക്ക് സൗജന്യ മരുന്നുകൾ നൽകി വരുന്നു.
കാസർകോട് ജില്ലയിൽ ആദ്യകാലത്ത് നിലനിന്നിരുന്ന ആംബുലൻസ് വാടകയിലെ ചൂഷണത്തിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ജലീൽ കോയയെന്നും സഹപ്രവർത്തകർ പറയുന്നു. സൗജന്യമായും കുറഞ്ഞ നിരക്കിലും ആംബുലൻസ് സർവീസുകൾ ആരംഭിച്ചുകൊണ്ട് അദ്ദേഹം ഈ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നുവെന്നാണ് പ്രശാസിക്കപ്പെടുന്നത്.
ജില്ലയിലെ ഡ്രൈവിങ് മേഖലയിലെ ചില ചൂഷണങ്ങളെയും അദ്ദേഹം റൂബി ഡ്രൈവിങ് സ്‌കൂളിലൂടെ പ്രതിരോധിച്ചതായും പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 2015ൽ ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ച് പാർട്ടിക്കെതിരെ മത്സരിച്ചപ്പോൾ അന്നത്തെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും പാർട്ടിയെ മുന്നോട്ട് കൊണ്ട് പോകാനും പകരക്കാരനായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത് ജലീൽ കോയയെ ആയിരുന്നു.
ചെമ്മനാട് പഞ്ചായത്ത് ഭരണം നിലനിർത്താനും പഞ്ചായത്തിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്ത്, രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളെ വിജയിപ്പിക്കാനും വർഷങ്ങളായി എൽഡിഎഫ് ഭരിച്ചിരുന്ന പുല്ലൂർ പെരിയ, ഉദുമ, മുളിയാർ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുക്കാനും ജലീൽ കോയയുടെ പ്രവർത്തനങ്ങൾ സഹായകരമായിരുന്നു. ഇതിനിടെയാണ് പുതിയ നിയോഗം അദ്ദേഹത്തെ തേടിയെത്തിയത്.
#Kasaragod #JaleelKoya #SocialService #CommunityService #PTH #Charity