കാസർകോട്ടെ സ്ഥലപേരുകൾ മാറ്റുന്നുവോ ? വിവാദം ഉണ്ടാക്കിയത് ഇല്ലാത്ത സർകാർ ഉത്തരവിന്റെ പേരിൽ! വെട്ടിലായി ബിജെപി നേതൃത്വവും
Jun 29, 2021, 13:57 IST
കാസർകോട്: (www.kasargodvartha.com 29.06.2021) ജില്ലയിലെ കന്നഡ - തുളു ശൈലിയിലുള്ള അതിർത്തി പ്രദേശങ്ങളുടെ പേരുകൾ മലയാളത്തിലേക്ക് മാറ്റാൻ കേരള സർകാർ പദ്ധതിടുന്നുവെന്ന തരത്തിലുള്ള വാർത്തകളെ തള്ളി ഭരണകൂടം. ഇതിന്റെ പേരിൽ കർണാടകയിലെ വിവിധ രാഷ്ട്രീയ പാർടികളും സംഘടനകളും കേരളത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ ഇത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള നീക്കങ്ങളും സർകാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സംസ്ഥാനത്തെ വിവിധ ഭരണകൂടങ്ങൾ വ്യക്തമാക്കുന്നു. പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ഫയലോ നിവേദനമോ പോലും ഇല്ലെന്ന് കാസർകോട് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മധൂരിന്റെ പേര് മാറ്റാൻ നിർദേശമില്ലെന്ന് മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽകൃഷ്ണ കെ പറഞ്ഞതായി ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്‌തു. 'സർകാർ അത്തരമൊരു നിർദേശം നൽകിയിട്ടില്ല, പേര് മാറ്റാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാറഡുക്കയുടെ പേരും മാറ്റാൻ നിർദേശമോ ഉദ്ദേശമോ ഇല്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജനനിയും പറഞ്ഞു.
തുളു - കന്നഡ ശൈലിയിലുള്ള മഞ്ചേശ്വര (മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക്ക (കാഡഗം), മധൂരു (മധൂർ), മല്ല (മല്ലം), ഹൊസ്‌ദുർഗ (പുതിയകോട്ട), കുംബ്ലെ (കുമ്പള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗിൽ), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത് ലു (തൈവളപ്പ്) എന്നിങ്ങനെ മലയാളത്തിലേക്ക് (ബ്രാകറ്റിൽ) മാറ്റാനാണ് സർകാർ നീക്കമെന്നായിരുന്നു റിപോർടുകൾ.
സർകാർ ഏജൻസിയായ കർണാടക ബോർഡർ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ആരംഭിച്ച വ്യാജ വർത്തയാണിതെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് പത്രം റിപോർട് ചെയ്‌തു. ജൂൺ 25 ന് അതോറിറ്റി സെക്രടറി പ്രകാശ് മട്ടിഹള്ളി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ കന്നഡയിൽ നിന്ന് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കി. പേരുകൾ മാറ്റുന്നതിനുള്ള നടപടികൾ കേരള സർകാർ ആരംഭിച്ചുവെന്നും ഇതിൽ പറഞ്ഞിരുന്നു.
ജനങ്ങളുമായി യാതൊരു ആലോചനയും നടത്താതെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കുന്നതായി അതോറിറ്റി ചെയർമാൻ സി സോമശേഖര പറഞ്ഞു. കാസർകോട് ജില്ലാ ഭരണകൂടവുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ബന്ധപ്പെടാതെ മാധ്യമങ്ങൾ ഇത് റിപോർട് ചെയ്‌തു. അതിനിടെ സോമശേഖര കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കണ്ട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു.
പേരുകൾ മാറ്റുന്നത് തടയാൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കണമെന്ന് മൈസൂറു എംപി പ്രതാപ് സിംഹ ട്വീറ്റിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച് ഡി കുമാരസ്വാമിയും രംഗത്തെത്തി. കാസർകോടിന്റെ ഭാഷാ തനിമ നിലനിർത്തണമെന്ന് കുമാരസ്വാമി ട്വീറ്റ് ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ കാസർകോട് ജില്ലാ ബിജെപി നേതൃത്വവും ഈ സംഭവത്തിന്റെ പേരിൽ സംസ്ഥാന സർകാരിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നു. മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധൂറിന്റെയുള്‍പെടെയുള്ള സ്ഥലനാമങ്ങള്‍ മാറ്റുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു. കാസർകോടിന്റെ സ്വതമടങ്ങുന്ന സ്ഥലനാമങ്ങള്‍ മാറ്റുമ്പോള്‍ വൈദേശിക സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമായി ആസൂത്രിതമായി മാറ്റിയിട്ടുള്ള അറബിക് സ്ഥലനാമങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന നടപടിയാണ് സംസ്ഥാന സര്‍കാരിന്റേതെന്നും പിണറായി സര്‍കാരിന്റെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ കാര്യങ്ങൾ ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും തള്ളിയതോടെ ജില്ലാ നേതൃത്വവും വെട്ടിലായി.
ഏതെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഇത് പോലെയുള്ള തീരുമാനം ഉണ്ടായിരുന്നുവോ എന്ന കാര്യം വ്യക്തമല്ല. ഔദ്യോഗികമായി സർകാരിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം ഉണ്ടായതായി അറിവില്ല. അതിനിടെയാണ് പ്രസ്താവനയുമായി കർണാടക നേതാക്കൾ രംഗത്തുവന്നത്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട്ടെ അനവധി കന്നഡ സംസാരിക്കുന്നവരുടെ ഐക്യത്തെ തകർക്കുന്ന നടപടികളൊന്നും ഭരണകൂടം എടുത്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കർണാടകയിൽ കാസർകോട്ടെ സ്ഥലപ്പേരുകൾ മാറ്റുന്നത് സംബന്ധിച്ച് നടന്ന വിവാദങ്ങളെല്ലാം കേരളത്തിൽ ഇല്ലാത്ത തീരുമാനങ്ങളുടെ പേരിലാണെന്നതാണ് വസ്‌തുത.
Keywords: Kasaragod, Kerala, News, BJP, Politics, Political party, Leader, Government, Name, JDS, HD Kumaraswamy, Yediyurappa, Is Kasargode changing place names?
< !- START disable copy paste -->