യു ഡി എഫ് അധികാരത്തിൽ എത്തിയാൽ പഞ്ചായത്തുകളിൽ നിന്നും അധികാരം പിടിച്ചെടുത്ത് ഉണ്ടാക്കിയ ലൈഫ്മിഷൻ ഉൾപ്പെടെ പിണറായി സർക്കാർ രൂപീകരിച്ച നാല് മിഷനുകളും പിരിച്ചുവിടും: എം എം ഹസൻ
Dec 12, 2020, 10:30 IST
കാസർകോട്: (www.kasargodvartha.com 12.12.2020) യു ഡി എഫ് അധികാരത്തിൽ എത്തിയാൽ പഞ്ചായത്തുകളിൽ നിന്നും അധികാരം പിടിച്ചെടുത്ത് പിണറായി സർക്കാർ ഉണ്ടാക്കിയ ലൈഫ്മിഷൻ ഉൾപ്പെടെ നാല് മിഷനുകളും പിരിച്ചുവിട്ട് പഞ്ചായത്തുകളുടെ അധികാരം തിരിച്ചു നൽകുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹസൻ.
അധികാര വികേന്ദ്രീകരണം യാഥാർഥ്യമാക്കും. കാൽ നൂറ്റാണ്ട് മുൻപ് നടപ്പാക്കിയ അധികാര വികേന്ദ്രീകരണം ഇല്ലാതാക്കി പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവർന്നെടുക്കുകയായിരുന്നുവെന്ന് ഹസൻ പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ പഞ്ചായത്തുകൾ വഴി നടപ്പാക്കുന്ന പാർപ്പിട പദ്ധതികളെ പിണറായി സർക്കാർ അട്ടിമറിച്ചു. ഈ പദ്ധതികളെയെല്ലാം പഞ്ചായത്തുകളെ തന്നെ തിരിച്ചേൽപ്പിക്കും.
നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങൾ നിയമസഭാ സബ് കമ്മിറ്റി അന്വേഷിക്കട്ടെയെന്ന നിലപാട് കള്ളം മറച്ചുവയ്ക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സബ് കമ്മിറ്റികളിൽ ഭൂരിപക്ഷം ഭരണമുന്നണിക്കാണ്. പ്രതിപക്ഷത്തിന് പേരിന് മാത്രമാണ് അംഗങ്ങളുള്ളത്. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല.
മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തത് കൊറോണയെ പേടിച്ചല്ലെന്നും, അഴിമതിയുടെ ചെളിക്കുണ്ടിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്തി മാത്രമല്ല സി പി എം നേതാക്കളും പ്രചാരണത്തിലില്ല. അടച്ചിട്ട മുറിയിലിരുന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ആ മുറിയിലേക്ക് ഇടത് മുന്നണി ഘടകകക്ഷി നേതാക്കളെയും കയറ്റുന്നില്ല.
വികസനത്തിൻ്റെ പേരിൽ കൊള്ളയാണ് സർക്കാർ നടത്തി കൊണ്ടിരിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടെന്നും ഹസൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ, കെ പി സി സി സി ജനറൽ സെക്രട്ടറി ജി രതികുമാർ, സെക്രട്ടറി കെ നീലകണ്ഠൻ, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, M.M. Hassan, Press meet, Local-Body-Election-2020, Politics, LDF, UDF, Top-Headlines, If the UDF comes to power, all the four missions set up by the Pinarayi government, including the Life Mission will be disbanded: MM Hasan.