Electoral Bonds | ഇലക്ടറൽ ബോണ്ട്: പുതിയ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
Mar 17, 2024, 15:48 IST
ന്യൂഡെൽഹി: (KasargodVartha) ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. ഈ വിവരങ്ങൾ 2019 ഏപ്രിൽ 12 ന് മുമ്പ് നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോർട്ട്. 2019 ഏപ്രിൽ 12 ന് ശേഷം നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ പുറത്തുവിട്ടത്. ഏറ്റവും പുതിയ വിവരങ്ങളിൽ ബോണ്ട് തീയതി, ബോണ്ട് നമ്പർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ശാഖ, തീയതി, ക്രെഡിറ്റ് തീയതി എന്നീ വിവരങ്ങളാണ് ഉള്ളത്.
2019 ഏപ്രിലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനകൾ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വിവരമാണിത്. ഇത് രഹസ്യമായി സൂക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മുദ്രവച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.
ശനിയാഴ്ച, മുദ്രവച്ച കവറിൽ സമർപ്പിച്ച ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനു തിരികെ നൽകിയിരുന്നു. ഈ വിശദാംശങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. https://www(dot)eci(dot)gov(dot)in/candidate-politicalparty എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്
Keywords: Election Commission, Electoral Bonds, Politics, Lok Sabha Election 2024, Data, Public, Supreme Court, Election Commission makes fresh electoral bonds data public.