Government | പിണറായി സർക്കാരിന്റെ ഒമ്പതാം വാർഷികം: കാസർകോടിന് വേണ്ടത്ര നേട്ടമില്ലെന്ന് വിമർശനം
● പത്ത് വർഷമായി പൂർത്തിയാകാത്ത കാസർകോട് മെഡിക്കൽ കോളേജ് സർക്കാർ അവഗണനയുടെ ഉദാഹരണമാണ്.
● ജില്ലയിലെ വൈദ്യുതി പ്രതിസന്ധി, പൊസഡിഗുംബെ പോലുള്ള ടൂറിസം പദ്ധതികൾ, സർക്കാർ ഓഫീസുകളിലെ ഒഴിവുകൾ നികത്താത്തത്, വികസന പദ്ധതികൾക്ക് ഫണ്ട്അ നുവദിക്കാത്തത് തുടങ്ങിയവയെല്ലാം സർക്കാരിൻ്റെ അവഗണന വ്യക്തമാക്കുന്നു.
● ഒമ്പത് വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ കാസർകോടിന് ഒന്നും ലഭിച്ചില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം.
● ആരോഗ്യമേഖലയിലാണ് കടുത്ത അവഗണന നേരിടുന്നത്. എൻഡോസൾഫാൻ രോഗികൾ ദിവസേന മരിക്കുന്നു.
● ദേശീയപാത നിർമ്മാണം മാത്രമാണ് എടുത്തുപറയാവുന്ന നേട്ടം. എന്നാൽ, അത് കേന്ദ്രസർക്കാർ പദ്ധതിയാണ്.
എം എ മുഹ്സിൻ
കാസർകോട്: (KasargodVartha) പിണറായി സർക്കാരിന്റെ ഒമ്പതാം വാർഷികവും രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികവും ആഘോഷിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്. ഏപ്രിൽ 21-ന് മുഖ്യമന്ത്രി കാസർകോട് വെച്ച് ഉദ്ഘാടനം ചെയ്യും. എന്നാൽ, ഒമ്പത് വർഷത്തെ ഭരണത്തിൽ കാസർകോട് ജില്ലയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് ജനങ്ങൾ ചോദിക്കുന്നു. മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ അവലോകന യോഗങ്ങൾ പ്രഹസനമാണെന്ന് ഇതിനോടകം തന്നെ വിമർശനം ഉയർന്നിട്ടുണ്ട്.
പത്ത് വർഷമായി പൂർത്തിയാകാത്ത കാസർകോട് മെഡിക്കൽ കോളേജ് സർക്കാർ അവഗണനയുടെ ഉദാഹരണമാണ്. ജില്ലയിലെ വൈദ്യുതി പ്രതിസന്ധി, പൊസഡിഗുംബെ പോലുള്ള ടൂറിസം പദ്ധതികൾ, സർക്കാർ ഓഫീസുകളിലെ ഒഴിവുകൾ നികത്താത്തത്, വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാത്തത് തുടങ്ങിയവയെല്ലാം സർക്കാരിന്റെ അവഗണന വ്യക്തമാക്കുന്നു. ഒമ്പത് വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ കാസർകോടിന് ഒന്നും ലഭിച്ചില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം.
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടികൾ, താലൂക്ക് തല അദാലത്തുകൾ, പാർട്ടി സമ്മേളനങ്ങൾ എന്നിവയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി തവണ ജില്ലയിൽ വന്നുപോയി. എന്നാൽ, വികസന പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള നിവേദനങ്ങൾക്കും പരാതികൾക്കും പരിഹാരമോ തുടർ നടപടികളോ ഉണ്ടായില്ല. ആരോഗ്യമേഖലയിലാണ് കടുത്ത അവഗണന നേരിടുന്നത്. എൻഡോസൾഫാൻ രോഗികൾ ദിവസേന മരിക്കുന്നു. അവശേഷിക്കുന്നവർക്ക് ചികിത്സയ്ക്കായി ജില്ലയിൽ സൗകര്യങ്ങളില്ല. എയിംസ് കാസർകോട് വേണമെന്ന ആവശ്യം പോലും സർക്കാർ അവഗണിക്കുകയാണ്.
ഈ അവഗണനകൾക്കിടയിലും ജനപ്രതിനിധികൾ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ ചെറുകിട പദ്ധതികൾ മാത്രമാണ് ജില്ലയിലുള്ളത്. പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നോട്ടുവയ്ക്കുന്ന സമഗ്ര വികസനത്തിനുള്ള ഒരു പദ്ധതി പോലും ഒമ്പത് വർഷത്തിനിടെ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസ, ഗതാഗത, ആരോഗ്യ മേഖലകളിലെ ചെറുകിട പദ്ധതികൾ പോലും സർക്കാർ അവഗണിക്കുകയാണ്. മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിടം, പൈവളിഗെ പോലീസ് സ്റ്റേഷൻ, മഞ്ചേശ്വരം ഹാർബർ നിർമ്മാണം, തളങ്കര ഹാർബർ നിർമ്മാണം, കുമ്പള സാമൂഹികാരോഗ്യ കേന്ദ്ര നവീകരണം, കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലം പുനരുദ്ധാരണം തുടങ്ങിയവയ്ക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. നഷ്ടത്തിലോടുന്ന ബെല്ലിനെ പുനരുജ്ജീവിപ്പിക്കാനും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നു. ദേശീയപാത നിർമ്മാണം മാത്രമാണ് എടുത്തുപറയാവുന്ന നേട്ടം. എന്നാൽ, അത് കേന്ദ്രസർക്കാർ പദ്ധതിയാണ്. ദേശീയപാത നിർമ്മാണത്തിലൂടെയുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സർക്കാരിന് കഴിഞ്ഞിട്ടില്ല. കെ എസ് ടി പി സംസ്ഥാന പാതയാകട്ടെ യാത്രക്കാരെ നടുവൊടിക്കുന്ന വിധം കുണ്ടുംകുഴിയും നിറഞ്ഞ് അപകടാവസ്ഥയിലായിട്ട് വർഷങ്ങള്ളായി. ഇത് നേരാം വണ്ണം നന്നാക്കാൻ പോലും ഈ ഭരണത്തിനായില്ലെന്ന് മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ പോലും അടക്കം പറയുന്നു.
Critics argue that Kasaragod has seen little development in the nine years of the Pinarayi government's rule. Despite the government's anniversary celebrations, issues like the incomplete Kasaragod Medical College, electricity crisis, lack of tourism development, and unfilled government vacancies persist. Locals feel neglected, citing the government's failure to address their grievances.
#KasaragodDevelopment #PinarayiGovernment #KeralaGovernment #DevelopmentNeglect #KasaragodIssues #KeralaPolitics