Conference | അണങ്കൂരിനെ ചുവപ്പണിയിച്ച് സിപിഎം കാസർകോട് ഏരിയ സമ്മേളനത്തിന് സമാപനം; ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഉടൻ തുറക്കണമെന്ന് പ്രമേയത്തിൽ ആവശ്യം
● ജില്ലയിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
● മധുവാഹിനി പുഴയിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചു
● ഇ.പി. ജയരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
കാസർകോട്: (KasargodVartha) ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഉടനടി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കാസർകോട് ഏരിയ സമ്മേളനം. ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാൽ രോഗികൾ ഏറെ പ്രയാസപ്പെടുകയാണെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണമെന്നും 24 മണിക്കൂർ ഒപി പ്രവർത്തിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക, മധുവാഹിനി പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വൈകിട്ട് നുള്ളിപ്പാടി കേന്ദ്രീകരിച്ച് നടന്ന വളണ്ടിയർ മാർച്ചും പൊതുപ്രകടനവും അണങ്കൂരിനെ ചുവപ്പണിയിച്ചു. അണങ്കൂർ സീതാറാം യച്ചൂരി നഗറിൽ സമാപന പൊതുസമ്മേളനം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പുതിയ ഏരിയ സെക്രടറി ടി എം എ കരീം അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ വി വി രമേശൻ, എം സുമതി, കെ എ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. മുൻകാല ഏരിയാസെക്രട്ടറിമാരെ ആദരിച്ചു. അനിൽ ചെന്നിക്കര സ്വാഗതം പറഞ്ഞു. നവാസും സംഘവും അവതരിപ്പിച്ച ഗാനമേള സമ്മേളനത്തിന് മാറ്റുകൂട്ടി.
ചൊവ്വാഴ്ച രാത്രി സമാപിച്ച പൊതുചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎയും ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫും മറുപടി പറഞ്ഞു. എ രവീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. പി ശിവപ്രസാദ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ വി വി രമേശൻ, എം സുമതി, കെ ആർ ജയാനന്ദ, ജില്ലാകമ്മിറ്റി അംഗം കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതിക്കുവേണ്ടി അനിൽ ചെന്നിക്കരയും പ്രസീഡിയത്തിനുവേണ്ടി പ്രവീൺ പാടിയും നന്ദി പറഞ്ഞു.
#CPM #Kasaragod #Kerala #GeneralHospital #Healthcare #Education #Infrastructure