സി പി എം-ബി ജെ പി സംഘര്‍ഷം; ഏരിയാ കമ്മറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2020) സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ സി പി എം ഏരിയാ കമ്മറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു.
പടന്നക്കാട് കറുന്തൂരില്‍ രാത്രി 8 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. സി പി എം ഏരിയ കമ്മിറ്റി അംഗം സുകുമാരനും, ബി ജെ പി പ്രവര്‍ത്തകന്‍ വൈശാഖി(24)നുമാണ് വെട്ടേറ്റത്. സുകുമാരനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈശാഖിനെ കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബി ജെ പി പ്രവര്‍ത്തകനായ വൈശാഖിനെ ആദ്യം സി പി എം പ്രവര്‍ത്തകര്‍ മുഖത്ത് പഞ്ച് കൊണ്ട് കുത്തുകയായിരുന്നു എന്ന് പറയുന്നു. തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഏരിയാ കമ്മറ്റി അംഗം സുകുമാരനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സി പി എം പ്രവര്‍ത്തകന്‍ മദനനെ ആക്രമിച്ച കേസിലെ പ്രതിയാണ് വൈശാഖ്.
വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമികള്‍ക്ക് വേണ്ടി തെരെച്ചില്‍ ആരംഭിച്ചു.