Conflict | ഇടതുമുന്നണിയിൽ സിപിഐ അതൃപ്തിയിൽ; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നിർണായക തീരുമാനം?
● സിപിഐയുടെ എതിർപ്പ് മറികടന്ന് മദ്യ ഫാക്ടറിക്ക് അനുമതി നൽകി.
● ടോൾ പിരിവ് നടപ്പാക്കാനുള്ള നീക്കത്തിൽ സിപിഐക്ക് അതൃപ്തി.
● സിപിഎം നിലപാടുകൾ അംഗീകരിക്കുന്നതിൽ സിപിഐക്ക് അമർഷം.
● മുന്നണി വിടുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്.
● ബിജെപി വിഷയത്തിലും സിപിഎമ്മുമായി ഭിന്നത.
തിരുവനന്തപുരം: (KasargodVartha) മന്ത്രിസഭയും ഇടതുമുന്നണിയും സുപ്രധാന നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ സിപിഐയുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന അതൃപ്തി സിപിഐ നേതാക്കൾക്കിടയിൽ ശക്തമാകുന്നു. നാളിതുവരെ പാർട്ടി ഉന്നയിച്ച വിമർശനങ്ങളെ ഗൗനിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്ന ആക്ഷേപം സിപിഐ നേതാക്കൾക്കുണ്ട്.
സിപിഐയുടെ എതിർപ്പ് മറികടന്ന് പാലക്കാട്ട് മദ്യ ഫാക്ടറിക്ക് അനുമതി നൽകിയതും, കിഫ്ബി റോഡുകളിൽ ടോൾ പിരിവ് നടപ്പാക്കാനുള്ള നീക്കങ്ങളുമാണ് സിപിഐയെ കൂടുതൽ പ്രകോപിപ്പിച്ചത്. സിപിഐയുടെ ശക്തമായ എതിർപ്പ് ഉണ്ടായിട്ടും ഈ രണ്ട് വിഷയങ്ങളിലും മന്ത്രിസഭയും ഇടതുമുന്നണിയും മുന്നോട്ട് പോവുകയായിരുന്നു. ഇതിനു പിന്നാലെ പല വിഷയങ്ങളിലും സിപിഎംമിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൽ നിന്നുണ്ടായത് ശ്രദ്ധേയമാണ്.
ഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നിയമനത്തിലും സിപിഐ നേതാക്കൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇടതുമുന്നണിയിൽ സിപിഎം എടുക്കുന്ന നിലപാടുകൾ അംഗീകരിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ഇനിയും അംഗീകരിച്ചു കൊടുക്കരുതെന്ന വാദമാണ് ഇപ്പോൾ സിപിഐയിൽ ഉയർന്നു വരുന്നത്.
ജനകീയ വിഷയങ്ങളിൽ സിപിഐയുടെ നിലപാടാണ് പൊതുവെ സ്വീകാര്യത നേടുന്നത്. എന്നാൽ ഇത് മനസ്സിലാക്കാതെയാണ് ഇടതുമുന്നണി മുന്നോട്ട് പോകുന്നതെന്നും സിപിഐ നേതാക്കൾ വിമർശിക്കുന്നു. പല വിഷയങ്ങളിലും ഇടതുമുന്നണിയും സർക്കാരും സ്വീകരിച്ച സമീപനം ജനപിന്തുണയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ടെന്നും സിപിഐ വിലയിരുത്തുന്നു.
സിപിഐയിലെ ഭൂരിഭാഗം നേതാക്കളും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിക്കുന്ന നിലപാടുകൾക്ക് പിന്തുണ നൽകുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി എൽഡിഎഫിൽ തുടരണമോ എന്ന് പോലും ആലോചിക്കേണ്ടതുണ്ടെന്ന് ചില സിപിഐ നേതാക്കൾ അഭിപ്രായപ്പെടുന്നു. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുമായി അടുത്ത ബന്ധം പുലർത്തുന്ന സിപിഐക്ക് കേരളത്തിൽ യുഡിഎഫിന്റെ ഭാഗമായാൽ എന്താണ് പ്രശ്നമെന്ന് വരെ ചില നേതാക്കൾ ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.
ബിജെപി ‘ഫാഷിസ്റ്റോ’ എന്ന വിഷയത്തിൽ സംസ്ഥാന സിപിഎമ്മിന്റെ മലക്കം മറിച്ചിലിനെയും സിപിഐ ശക്തമായി എതിർത്തിരുന്നു. ഇത് സിപിഎമ്മിന് തിരുത്തേണ്ടി വരുമെന്ന് വരെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. റോഡ് കൈയേറിയും വഴി തടഞ്ഞുമുള്ള സിപിഎം സമ്മേളനങ്ങളെയും സിപിഐ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. വഖ്ഫ് വിഷയത്തിൽ സിപിഎം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന സംശയവും സിപിഐക്കുണ്ട്.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെപ്പോലെ ശക്തമായ ഒരു തീരുമാനം വഖ്ഫ് വിഷയത്തിൽ കേരളത്തിൽ ഉണ്ടാകുന്നില്ലെന്നും സിപിഐക്ക് ആക്ഷേപമുണ്ട്. അതേസമയം, സിപിഐ ദേശീയ നേതൃത്വം വഖ്ഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ള കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ചില മണ്ഡലങ്ങളിൽ ബിജെപിയുമായി നീക്കുപോക്കുകൾ നടത്താൻ സിപിഎം ശ്രമിക്കുന്നുണ്ടോ എന്ന സംശയവും സിപിഐക്ക് ഇല്ലാതില്ല. ഇതിന് ഡൽഹിയിൽ കെ.വി. തോമസ് ഇടനിലക്കാരനായി നിൽക്കുന്നുവെന്ന സംശയവും അവർക്കുണ്ട്.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നുവന്ന മാസപ്പടി കേസിലും സിപിഐക്ക് ശക്തമായ നിലപാടുണ്ട്. ഇത് സംബന്ധിച്ച് പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതാണ്. എന്നാൽ മന്ത്രിസഭയുടെയും ഇടതുമുന്നണിയുടെയും എല്ലാ തീരുമാനങ്ങളെയും കണ്ണടച്ച് എതിർക്കുന്നവരാണ് സിപിഐക്കാരെന്ന് സിപിഎമ്മിലെ ഒരു വലിയ വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. പരിഹാസരൂപേണ ചില നേതാക്കൾ ഇത് മാധ്യമങ്ങളോട് പറയാറുമുണ്ട്. എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നത് സിപിഐയുടെ വികസന വിരുദ്ധ നിലപാടാണെന്ന് സിപിഎം നേതാക്കൾ തുറന്നു പറയുന്നു.
അതിനിടെ മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിയിലും പാർട്ടിയിൽ അതൃപ്തി പുകയുന്നുണ്ട്. ബിനോയ് വിശ്വത്തോട് എതിർപ്പുള്ള നേതാക്കളാണ് പാർട്ടി തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിട്ടുള്ളത്. ഈ നടപടി പാർട്ടിയിൽ ആലോചിക്കാതെ ധൃതിപിടിച്ചെടുത്തതാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പാർട്ടി മുൻ എംഎൽഎ പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കെ.ഇ. ഇസ്മായിൽ നടത്തിയ വിവാദ പ്രസ്താവനയിലായിരുന്നു നടപടി. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനം തടയുന്നതിനായി നേതാക്കൾ മാധ്യമങ്ങളിലൂടെ പ്രസ്താവനകൾ നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി ഇതിനോടകം വിലക്കിയിട്ടുണ്ട്.
CPI leaders are increasingly dissatisfied with the Left Democratic Front (LDF) as their opinions on key policy decisions are allegedly ignored by the CPM and the government. This has led to discussions within the CPI about potentially reconsidering their alliance before the next assembly elections.
#KeralaPolitics, #CPIM, #CPI, #LDF, #PoliticalNews, #KeralaAssemblyElections