Politics | പ്രമുഖ സഹകരണ ബാങ്കില്‍ നിയമനവിവാദം; ലോകല്‍ കമിറ്റി അംഗമായ യുവതി അമിതമായി ഉറക്കഗുളിക ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയില്‍
ചെറുവത്തൂര്‍: (KasargodVartha) പ്രദേശത്തെ പ്രമുഖ സഹകരണ ബാങ്കില്‍ സ്ഥിര നിയമനം നല്‍കാനുള്ള ഉത്തരവ് ബാങ്ക് പ്രസിഡന്റും നേതൃത്വവും ഇടപെട്ട് മരവിപ്പിച്ചതിന് പിന്നാലെ സജീവ പാര്‍ടി പ്രവര്‍ത്തകയായ യുവതിയെ അമിതമായി ഉറക്കഗുളിക ഉള്ളില്‍ചെന്ന നിലയില്‍ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ പേരില്‍ രണ്ട് പ്രദേശത്തെ പാര്‍ടി നേതൃത്വം തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്.
ബാങ്കിന്റെ കീഴിലുള്ള സേവനകേന്ദ്രത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജോലി ചെയ്യുന്ന പ്രാദേശിക കമിറ്റിയില്‍ അംഗമായ യുവതിയാണ് അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രാദേശിക പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് മാര്‍ച് നടത്താനുള്ള ഒരുക്കവും നടത്തുന്നുണ്ട്. സഹകര ബാങ്കില്‍ നാല് പേരെ പ്യൂണ്‍ തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ച ബാങ്ക് അധികൃതര്‍ മൂന്ന് പേര്‍ക്ക് സ്ഥിരം നിയമനം കൊടുക്കുകയും യുവതിക്ക് നിയമനം നല്‍കാതെ തട്ടിക്കളിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പ്രദേശത്തെ പാര്‍ടിക്കാര്‍ പറയുന്നത്. ബാങ്കില്‍ അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത സീനിയോറിറ്റി ഉണ്ടായിട്ടും നിയമനം തടഞ്ഞുവെക്കുകയും നീട്ടികൊണ്ടുപോവുകയും ചെയ്യുകയും പിന്നീട് മരവിപ്പിച്ചതും ദുരൂഹമായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും പാര്‍ടിയും ജീവനക്കാരിയും നിരവധി തവണ പരാതി നല്‍കിയിരുന്നു. സംസ്ഥാന നേതാവ് യുവതിക്ക് നിയമനം നല്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പാര്‍ടി പ്രാദേശിക നേതാക്കള്‍ തടസം നില്‍ക്കുകയും ബാങ്ക് പ്രസിഡന്റ് അതിന് കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ജില്ലാ നേതാവ് നേരിട്ട് പങ്കെടുത്ത യോഗത്തിന് ശേഷവും തീരുമാനം എടുക്കാതെ പാര്‍ടിക്കാര്‍ തട്ടിക്കളിച്ചു. പിന്നീട് പാര്‍ടി നിര്‍ദേശം അനുസരിച്ച് നിയമനം നല്‍കാന്‍ ബാങ്ക് പ്രസിഡന്റ് തീരുമാനിക്കുകയും വീണ്ടും ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ മരവിപ്പിക്കാന്‍ പറയുകയുമായിരുന്നു.
മുന്‍പ് നടന്ന നിയമനത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ സംവരണം നടന്നിട്ടില്ലെന്ന ന്യായം പറഞ്ഞാണ് ഏറ്റവും ഒടുവില്‍ യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ടിക്കാരും പ്രസിഡന്റും ഈ ജീവനക്കാരിയുടെ നിയമനം തുടര്‍ച്ചയായി തടയുന്നത് എന്തിനാണെന്ന വസ്തുതയും ദുരൂഹമാണെന്നും അതിനുള്ള കാരണം എന്താണെന്ന് ഇതുവരെ നേതൃത്വം വെളിപ്പെടുത്തിയിട്ടില്ലെന്നും യുവതിയുടെ നിയമനത്തിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നു. അതേസമയം, യുവതിക്ക് നിയമന ഉത്തരവ് ഇപ്പോള്‍ നല്‍കിയിട്ടുണ്ടെന്നാണ് പാര്‍ടി നേതൃത്വവുമായി ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.
#cooperativebank #appointment #controversy #Kerala #politics #protest #justice