Kumaraswamy’s Defeat | മൂന്നിൽ മൂന്നും കൈക്കുമ്പിളിൽ, കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വമ്പൻ മുന്നേറ്റം; കുമാരസ്വാമിയുടെയും ബസവരാജ് ബൊമ്മൈയുടെയും മക്കൾക്ക് തിരിച്ചടി
● സന്ദൂർ മണ്ഡലത്തിൽ അന്നപൂർണ തുക്കാറാം.
● നിഖില്‍ കുമാരസ്വാമി തോല്‍വിയിലേക്കുള്ള കുതിപ്പ്.
● ഷിഗ്ഗോണിൽ കോണ്‍ഗ്രസ് ലീഡ് തുടരുന്നു.
മംഗ്ളുറു: (KasargodVartha) കർണാടകയിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത കുതിപ്പ്. സന്ദൂർ, ഷിഗ്ഗാവ്, ചന്നപട്ടണ മണ്ഡലങ്ങളിൽ ഭരണകക്ഷിയായ കോൺഗ്രസ് മുന്നേറ്റമാണ് കണ്ടത്. സന്ദൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അന്നപൂർണ തുക്കാറാം വിജയം ഉറപ്പിച്ചപ്പോൾ ബിജെപിക്കും ജെഡിഎസിനും വലിയ തിരിച്ചടി നൽകുന്നതാണ് ഫലസൂചനകൾ.
ചന്നപട്ടണയിൽ ജെഡിഎസ് സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയും, മറ്റൊരു പ്രധാന മണ്ഡലമായ ഷിഗ്ഗാവിൽ മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ ബസവരാജ് ബൊമ്മൈയുടെ മകനുമായ ഭരത് ബൊമ്മൈയും ഏറെ പിന്നിലാണ്.
കോൺഗ്രസിന്റെ സിപി യോഗേശ്വരയാണ് ചന്നപട്ടണയിൽ ലീഡ് നേടിയത്. നേരത്തെ ബിജെപിയിൽ നിന്നു കോൺഗ്രസിലേക്ക് ചേക്കേറിയ അഞ്ചുതവണ എംഎൽഎയായ യോഗേശ്വര 24,831 വോട്ടുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി കുമാരസ്വാമിയും അരയും തലയും മുറുക്കി രംഗത്തിറങ്ങി ഗ്ലാമർ പോരാട്ടം നടന്ന മണ്ഡലമാണിത്.
ഷിഗ്ഗോണിൽ ഭരത് ബൊമ്മൈയ്‌ക്കെതിരെ കോൺഗ്രസിന്റെ യാസിർ അഹ്‌മദ് ഖാൻ പത്താൻ 13946 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 1994നു ശേഷം മണ്ഡലത്തിൽനിന്നു ജയിക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് കോൺഗ്രസ്.
കോൺഗ്രസിലെ ഇ തുക്കാറാം, മുൻ മുഖ്യമന്ത്രി ബിജെപിയുടെ ബസവരാജ് ബൊമ്മൈ, ജെഡി(എസ്)ൻ്റെ എച്ച്‌ഡി കുമാരസ്വാമി എന്നിവർ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സീറ്റുകൾ ഒഴിഞ്ഞതിനാലാണ് സന്ദൂർ, ഷിഗ്ഗാവ്, ചന്നപട്ടണ എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
#KarnatakaElection #CongressVictory #ByElectionResults #JD(S) #Kumaraswamy #CPYogeshwar