Complaint | പി സി ജോർജിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി
● മതസ്പർധ വളർത്തുന്ന പ്രസ്താവനയിൽ കേസ് എടുക്കണമെന്ന് ആവശ്യം.
● വെൽഫെയർ പാർട്ടിയാണ് പരാതി നൽകിയത്
● വിവിധ സംഘടനകളും പി സി ജോർജിനെതിരെ പരാതി നൽകിയിട്ടുണ്ട്.
കാസർകോട്: (KasargodVartha) ബിജെപി നേതാവ് പി സി ജോർജിന്റെ വിവാദ പ്രസ്താവനക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പി സി ജോർജിൻ്റെ പ്രസ്താവനകൾ ഭാരതീയ ന്യായ സംഹിതയിലെ 192, 353 വകുപ്പുകൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമായ അതിക്രമങ്ങളാണെന്നും മതസ്പർധയുണ്ടാക്കുന്നതും കലാപം ലക്ഷ്യം വെച്ചുള്ളതുമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി എ യൂസുഫ് ആണ് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജനം ടി വിയിൽ നടന്ന ഒരു ചർച്ചയ്ക്കിടെയാണ് പി.സി. ജോർജ് വിവാദ പ്രസ്താവനകൾ നടത്തിയത്. വിവിധ സംഘടനകളും പി സി ജോർജിനെതിരെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.
'മുസ്‌ലിംകൾ എല്ലാവരും പാകിസ്‌താനിലേക്ക് പോടേ. ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിംകൾ എല്ലാവരും വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്. വർഗീയവാദിയല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയിലില്ല. തുണി പൊക്കി നോക്കി കൊല്ലുന്നതാണ് അവരുടെ രീതി', എന്നായിരുന്നു പി സി ജോർജിന്റെ പരാമർശം.
അതിനിടെ വിവാദ പരാമർശത്തിൽ പി സി ജോർജ് മാപ്പപേക്ഷയുമായി രംഗത്തെത്തി. ഇന്ത്യയിലെ മുഴുവൻ മുസ്ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായും വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
#PCGeorge #HateSpeech #Kerala #WelfareParty #Controversy #Kasaragod