തെറ്റായ ഒരു സന്ദേശം നല്‍കാന്‍ ഇടയാക്കിയതില്‍ ഖേദമുണ്ട്, ഇത്തരം വീഴ്ചകള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും; മാസ്‌ക് കൊണ്ടു മുഖം തുടക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ചിത്തരഞ്ജന്‍ എംഎല്‍എ
തിരുവനന്തപുരം: (www.kasargodvartha.com 15.07.2021) ചാനല്‍ ചര്‍ചയ്ക്കിടെ മാസ്‌ക് കൊണ്ടു മുഖം തുടക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുകയും വിമര്‍ശനമുയരുകയും ചെയ്തതിന് പിന്നാലെ ഖേദപ്രകടനവുമായി സിപിഎം എംഎല്‍എ ചിത്തരഞ്ജന്‍. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. തെറ്റ് പറ്റിപ്പോയെന്നും ഇത്തരം വീഴ്ച ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നല്‍കാന്‍ ഇടയാക്കിയതില്‍ തനിക്ക് ഖേദമുണ്ട്. തന്നില്‍ നിന്നും ഇത്തരം വീഴ്ചകള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മേലില്‍ ഇത് അവര്‍ത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്നും വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നുവെന്നും എംഎല്‍എ ഫെയ്‌സ്ബുകില്‍ കുറിച്ചു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
നിര്‍വ്യാജം ഖേദിക്കുന്നു..
ബഹുമാന്യരേ,
കഴിഞ്ഞദിവസം മീഡിയവണ്‍ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വേളയില്‍ മാസ്‌ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാന്‍ അന്ന് വെച്ചിരുന്നത് ഡബിള്‍ സര്‍ജിക്കല്‍ മാസ്‌ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം മീഡിയാവണ്‍ സ്റ്റുഡിയോയിലായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്ക് എത്തേണ്ടിയിരുന്നത്.
ട്രെയിന്‍ വൈകിയത് മൂലം ചര്‍ച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാന്‍ ചര്‍ച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയില്‍ നടന്നപ്പോള്‍ വിയര്‍ത്തു. ചര്‍ച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്‍പില്‍ ഇരുന്നപ്പോള്‍ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗില്‍ ടവ്വല്‍ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന N95 വെള്ള മാസ്‌ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു.
പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയര്‍പ്പ് തുള്ളികള്‍ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത്. എന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നല്‍കാന്‍ ഇടയാക്കിയതില്‍ എനിക്ക് ഖേദമുണ്ട്. എന്നില്‍ നിന്നും ഇത്തരം വീഴ്ചകള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. മേലില്‍ ഇത് അവര്‍ത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്നും ഞാന്‍ വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
-പി പി ചിത്തരഞ്ജന്‍ എംഎല്‍എ
Keywords: Thiruvananthapuram, News, Kerala, Top-Headlines, Chittaranjan, MLA, Politics, Mask, Chittaranjan MLA regrets that scenes of wiping his face with mask went viral