city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെകോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും; ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകള്‍കുള്ളില്‍ സ്ഥാപിക്കും; ഗവര്‍ണറുമായി യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 12.12.2021) ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതല്‍ ശാക്തീകരിക്കണമെന്നും സര്‍കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ഇത് പറഞ്ഞിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവര്‍ത്തനത്തിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപപ്പെടുത്തണം. സമ്പദ്ഘടനയുടെ സമസ്ത മേഖലകളിലും ആധുനിക ശാസ്ത്രവും നൂതന സാങ്കേതികവിദ്യകളും ഉള്‍കൊള്ളാനാകും വിധം ആസൂത്രിതമായ ഇടപെടല്‍ വേണം' എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ദൗര്‍ബല്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളോട് പറഞ്ഞിട്ടുള്ളതാണ് എന്നര്‍ഥം. സര്‍കാരിന്റെ കര്‍മപരിപാടിയില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്.

'സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെകോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

അഫിലിയേറ്റഡ് കോളജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കും. കൂടുതല്‍ പഠനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് അവശ്യമായ ഇടങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായവും ആവശ്യമുളള ഇടങ്ങളില്‍ പുതിയ സ്ഥാപനങ്ങളും അനുവദിക്കും. കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബാക്കും'. ഇങ്ങനെയാണ് പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലുള്ള 40 ഇന പരിപാടികള്‍ അനുബന്ധമായി സര്‍കാര്‍ പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ നമ്മുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കാര്യങ്ങള്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1. ആധുനിക വൈജ്ഞാനിക സമൂഹമായി കേരളത്തിന്റെ സുസ്ഥിര പരിവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകാഡെമിക നിലവാരവും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ദേശീയവും അന്തര്‍ദേശീയവുമായ നിലവാരത്തിലേക്കുയര്‍ത്തുന്നതാണ്.

2. സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഒരു സംസ്ഥാനതല അക്രഡിറ്റേഷന്‍ സംവിധാനം വഴി ഉറപ്പുവരുത്തുന്നതാണ്.

3. ഉന്നത വിദ്യാഭ്യാസത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനായി സീറ്റുകളുടെ എണ്ണത്തിലും പുതിയ കോഴ്‌സുകളിലും ഗവേഷണ സൗകര്യങ്ങളിലും വര്‍ധനവ് ഉണ്ടാക്കുന്നതാണ്. ഈ സംരംഭത്തിന്റെ ഫലമായി മൂന്നു മുതല്‍ നാലു ലക്ഷം വരെ അധികം വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനുള്ള ഒരു അവസരം ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.

4. നമ്മുടെ കോളജുകള്‍ / സര്‍വകലാശാലകള്‍ എന്നിവയിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കായി വിവിധ മേഖലകളിലെ ലോകോത്തര വിശിഷ്ട പ്രൊഫസര്‍മാര്‍ ഓണ്‍ലൈനായി ഒരു പാരസ്പര്യ പ്രഭാഷണ പരമ്പര എമിനെന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ പ്രോഗ്രാം (Eminent Schoiars Online Programme) നടപ്പിലാക്കി വരുന്നു.

5. എന്റെ സര്‍കാര്‍ 2020-21 കാലയളവില്‍ ഡിജിറ്റല്‍ സര്‍വകലാശാലയും ശ്രീനാരായണഗുരു ഓപെണ്‍ യൂനിവേഴ്‌സിറ്റിയും ആരംഭിച്ചിട്ടുള്ളതാണ്.

6. സര്‍വകലാശാലാ വകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതാണ്.

ഈ സര്‍കാരിന്റെ പ്രഥമ ബജറ്റ് പ്രസംഗത്തിലും ഇത് സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കുകയും കര്‍മപദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

'പുതിയ സാഹചര്യങ്ങളില്‍ ജ്ഞാനോല്പാദനത്തിനുള്ള പ്രാപ്തിയും തദ്ദേശീയവും അന്താരാഷ്ട തലത്തിലുമുള്ള തൊഴില്‍ മേഖകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുളള നൈപുണികളുമുളള പുതിയ കേരള സമൂഹത്തെ വളര്‍ത്തിയെടുക്കുന്ന വിധത്തില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പുനര്‍നിര്‍മാണം അടിയന്തിര കര്‍ത്തവ്യമായി സര്‍കാര്‍ കാണുന്നു.

നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനസംഘാടനത്തിനു പ്രയോഗിക നിര്‍ദേശങ്ങള്‍ അടങ്ങിയ റിപോര്‍ട് മൂന്ന് മാസത്തിനകം സമര്‍പിക്കാന്‍ ഉന്നതാധികാരമുള്ള കമിഷനെ നിയോഗിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും'. എന്നാണ് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍കാരിന് പൂര്‍ണ ബോധ്യമുണ്ട്. അതിനായി കേരളത്തിന് പുറത്ത് ഉള്‍പെടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന മൂന്ന് സമിതികള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ സമിതികളില്‍ ചെന്നൈ ഐഐടി, ടാറ്റ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നിവയിലെ വിദഗ്ധര്‍ പങ്കാളികളാണ്.

ഗവേഷണ രംഗത്ത് പ്രത്യേകിച്ച് ശാസ്ത്ര, സാങ്കേതിക, ഡിജിറ്റല്‍ രംഗങ്ങളില്‍ മുന്നോട്ടുപോകാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് ബഹു. ചാന്‍സിലര്‍ തന്നെ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി.

കഴിഞ്ഞ ബജറ്റില്‍ ശ്രീനാരായണ ഗുരു ഓപെണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ അധികമായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ അനവധി കാര്യങ്ങള്‍ സര്‍കാര്‍ ചെയ്യുന്നുണ്ട്. അതിന്റെ പരിണിതഫലമായി എന്‍ ഐ ആര്‍ എഫ് റാങ്കിംഗിലും നാക് അക്രഡിറ്റേഷനിലും കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തിലെ സര്‍വകലാശാലകളുടെയും കോളജുകളുടെയും നിലവാരം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് കാണാം.

240 ല്‍ 180 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്ക് NAAC അക്രഡിറ്റേഷന്‍ കിട്ടിയിട്ടുണ്ട്.

കേരള, എം ജി, കുസാറ്റ്, കോഴിക്കോട് സര്‍വകലാശാലകള്‍ക്ക് എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ ആദ്യത്തെ 60 - റാങ്കുകള്‍ക്ക് ഉള്ളില്‍ സ്ഥാനമുണ്ട്.

സംസ്‌കൃത സര്‍വകലാശാലക്ക് NAAC A+ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ഇവിടെ നില്‍ക്കുകയല്ല. ഇനിയും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍കാര്‍ തുടര്‍ന്നും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് സവിശേഷമായ ഇടപെടലും ഇതോടൊപ്പം സംസ്ഥാന സര്‍കാര്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്.

1. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തിക്കൊണ്ട് ഗ്രേഡിംഗ് നല്‍കുന്നതിനായുള്ള സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ സെന്റര്‍ (SAAC) പ്രവര്‍ത്തനമാരംഭിച്ചു.

2. NIRF ന്റെ മാതൃകയില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില്‍ അകാഡെമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക് (Kerala Institutional Ranking Framework-KIRF) സംവിധാനം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

അത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനും സഹായകരമായിരിക്കും.

ലോകോത്തര മലയാളി ശാസ്ത്രജ്ഞനായ താണു പത്മനാഭന്റെ സ്മരണാര്‍ഥം കേരള സര്‍വകലാശാലയില്‍ 88 കോടി രൂപ ചെലവിട്ട് അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചുകൊണ്ട് ലോകനിലവാരത്തില്‍ കൂടുതല്‍ മുന്നോട്ടുനയിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെയും മേഖല മെച്ചപ്പെടുത്തേണ്ടതും സംബന്ധിച്ച് ഗവര്‍ണറും സര്‍കാരും പൊതുവില്‍ ഒരേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് കാണാം. ഈ പൊതു സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ചര്‍ച ചെയ്ത് പൊതുവായ യോജിപ്പില്‍ എത്തുകയാണ് ചെയ്യുക. ബഹു. ഗവര്‍ണര്‍ പല കാര്യങ്ങളിലും കത്തുകളിലൂടെയും നേരിട്ടും പലപ്പോഴും ആശയവിനിമയം നടത്താറുണ്ട്. അത് ഭരണതലത്തില്‍ സ്വാഭാവികമായും ഉണ്ടാകുന്ന കാര്യങ്ങളുമാണ്.

ഇപ്പോള്‍ പൊതുമണ്ഡലത്തിലും വാര്‍ത്താമാധ്യമങ്ങളിലും തുടര്‍ചയായി വാര്‍ത്തകള്‍ വരുകയും ചാന്‍സലര്‍ കൂടിയായ ബഹു. ഗവര്‍ണറുടെ ചില പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന വിധം മാധ്യമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജന സമക്ഷത്തില്‍ വന്ന ചില പ്രശ്‌നങ്ങളില്‍ വ്യക്തത വരുത്തുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍കാരിന്റെ കടമയാണ്. ആ നിലയിലാണ് ഈ കാര്യങ്ങള്‍ ഇവിടെ പറയാന്‍ ആലോചിച്ചത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചില പ്രശ്‌നങ്ങളെക്കുറിച്ച് ചാന്‍സെലര്‍ കൂടിയായി ബഹു. ഗവര്‍ണര്‍ 2021 ഡിസംബര്‍ എട്ടിന് അയച്ച ഒരു കത്തിലൂടെ ചില കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ സര്‍കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍കൊള്ളുകയും അതേ ദിവസം തന്നെ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള സര്‍കാരിന്റെ കാഴ്ചപ്പാട് അറിയിക്കുകയും ചെയ്തു.

മറുപടിക്കത്ത് സംസ്ഥാനത്തെ സിവില്‍ സെര്‍വീസിലെ എറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രടെറിയും സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ധനകാര്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രടെറിയും ബഹു. ചാന്‍സെലറെ നേരില്‍ കണ്ട് നല്‍കി. തുടര്‍ന്ന് ചീഫ് സെക്രടെറി, ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രടെറിമാര്‍ എന്നിവര്‍ക്കൊപ്പം ധനകാര്യ മന്ത്രി ബഹു. ചാന്‍സെലറെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ നേരില്‍ കേള്‍ക്കുകയും ചെയ്തു. ഞാന്‍ കണ്ണൂരില്‍ ആയതിനാല്‍ അദ്ദേഹത്തിനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ വന്നത് വിദ്യാഭ്യാസ രംഗത്ത് പ്രാവീണ്യമുള്ളവരാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളുടെ ചരിത്രമെടുത്താല്‍ വിവിധ എല്‍ഡിഎഫ് സര്‍കാരുകളുടെ കാലത്ത് നിയമിക്കപ്പെട്ട വൈസ് ചാന്‍സെലര്‍മാര്‍ ഈ മേഖലയെ നയിക്കാന്‍ പ്രാപ്തമായിരുന്നു എന്ന് കാണാന്‍ കഴിയും.

യു ആര്‍ അനന്തമൂര്‍ത്തി, മൈകിള്‍ തരകന്‍, രാജന്‍ ഗുരുക്കള്‍, ഗംഗന്‍ പ്രതാപ്, കെ ടി ജയകൃഷ്ണന്‍, അന്‍വര്‍ ജഹാന്‍ സുബേരി, എന്‍ പി ഉണ്ണി, കെ എന്‍ പണിക്കര്‍ എന്നിവരെല്ലാം തന്നെ അവരുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ചില പേരുകള്‍ മാത്രം ഉദാഹരിച്ചെന്നേയുള്ളൂ.

24 മണിക്കൂര്‍ പോലും സര്‍വകലാശാല അധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂനിവേഴ്‌സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര്‍ ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണ്. ആളുകളുടെ പേരുകള്‍ പറയുന്നത് മര്യാദയല്ല. എങ്കിലും കേരളത്തിലെ ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സെലറെ ആ പദവിക്ക് യോഗ്യനല്ലായെന്ന് കണ്ട് യു ഡി എഫ് സര്‍കാരിന്റെ കാലത്ത് അന്ന് ഗവര്‍ണറായിരുന്ന ഷീലാ ദീക്ഷിത് നീക്കം ചെയ്ത സംഭവം ആളുകള്‍ മറന്നിട്ടുണ്ടാവില്ല. കേരള ചരിത്രത്തില്‍ ആദ്യമായി സംഭവിച്ചതാണ് ഈ കത്ത് എന്ന് വ്യാകുലപ്പെടുന്നവര്‍ തങ്ങള്‍ നിയമിച്ച വിസിയെ അന്നത്തെ ഗവര്‍ണര്‍ നീക്കം ചെയ്തത് മറന്നുപോകരുത് എന്നതുകൊണ്ടാണ് അതിവിടെ പരാമര്‍ശിക്കുന്നത്.

വൈസ് ചാന്‍സെലര്‍മാരെ നിയമിക്കുന്നത്, യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം സെര്‍ച് - കം - സെലക്ഷന്‍ കമിറ്റികള്‍ രൂപീകരിച്ചാണ്. ഇപ്പോള്‍ സെര്‍ച് കമിറ്റിയില്‍ സംസ്‌കൃത സര്‍വകലാശാല ഉള്‍പെടെയുള്ള വിസി തെരഞ്ഞെടുപ്പില്‍ സര്‍കാര്‍ നോമിനിയായി കമിറ്റിയില്‍ വന്നിട്ടുള്ള ഒരു വ്യക്തി പ്രൊഫ. വി കെ രാമചന്ദ്രനാണ്. അദ്ദേഹം നിലവില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാണ്.

സാമൂഹ്യശാസ്ത്ര മേഖലയില്‍ വളരെയേറെ മികവ് പ്രകടിപ്പിച്ച അകാഡെമിഷ്യന്‍ കൂടിയാണ്. ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡെവലപ്‌മെന്റ് റിസേര്‍ച്, ഇന്‍ഡ്യന്‍ സ്റ്റാറ്റസ്റ്റികല്‍ ഇസ്റ്റിറ്റിയൂടിന്റെ കൊല്‍കത, ബെന്‍ഗ്ലൂറു കേന്ദ്രങ്ങളിലെ വകുപ്പ് മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.

പ്രൊഫ. രാജന്‍ ഗുരുക്കള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈ. ചെയര്‍പേഴ്‌സനും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സിലെ ഹ്യൂമാനിറ്റിസ് വിഭാഗത്തില്‍ ഫാകല്‍റ്റിയായിരുന്നയാളുമാണ്. ചരിത്ര ഗവേഷണത്തില്‍ തനത് സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുമുണ്ട്. ഇവര്‍ക്കു പുറമെ യുജിസിയുടെ നോമിനിയും സമിതികളില്‍ ഉണ്ട്. ഇവരുടെയൊക്കെ നിയമനം വെറും കക്ഷിരാഷ്ട്രീയത്തിന് അടിസ്ഥാനപ്പെടുത്തിയാണെന്ന് പറയുന്നത് യുക്തിസഹമല്ല. വസ്തുതാവിരുദ്ധവുമാണ്.

ഇത്തരം സമിതികള്‍ പരിശോധന നടത്തി നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെയാണ് വൈസ് ചാന്‍സെലര്‍ പദവിയിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ ബഹു. ചാന്‍സെലര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ആണ് ഇതെല്ലാം തീരുമാനിക്കുന്നത് എന്ന രീതിയില്‍ നടക്കുന്ന പ്രചരണം ശരിയല്ല. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാനുള്ള സര്‍കാരിന്റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്.

അവയ്ക്ക് ഉത്തേജനം നല്‍കുന്ന പരസ്യ പ്രസ്താവനകള്‍ ബഹു. ചാന്‍സെലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. അത് അദ്ദേഹം മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഒട്ടും മുന്നോട്ടു പോകാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്ന നിലപാട് അദ്ദേഹത്തെപ്പോലെ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.

ബഹുമാനപ്പെട്ട ചാന്‍സെലര്‍ അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. സര്‍കാരിന്റെ അഭിപ്രായങ്ങള്‍ ചാന്‍സെലറെ അറിയിക്കുക എന്നത് ഭരണതലത്തില്‍ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാന്‍സെലര്‍ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണര്‍ക്ക് ഉണ്ട് താനും. ഏതെങ്കിലും കോണില്‍ നിന്നും വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍കാരിനല്ല.

ഇന്ന് മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത റെസിഡന്റ് എന്ന വിമര്‍ശനം ബഹു. ഗവര്‍ണര്‍ ഇഷ്ടപ്പെടുന്നില്ലായെന്നതാണ്. സര്‍കാരും ഗവര്‍ണറും വളരെ നല്ല ബന്ധത്തിലും നല്ല രീതിയിലുമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്നത്. അദ്ദേഹത്തെ ബഹുമാനിക്കാത്ത വാക്കിലോ നോക്കിലോ ഉള്ള പരാമര്‍ശം പോലും സര്‍കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അത് ഉണ്ടാകുകയുമില്ല. അത് ഞങ്ങളുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല.

കേന്ദ്ര സര്‍കാര്‍ പാസാക്കിയ പൗരത്വനിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സര്‍കാരിന് അയച്ചുകൊടുത്തു. ഇതിനെ ബഹു. ഗവര്‍ണര്‍ പരസ്യമായി ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തു.

ബ്രിടിഷ് ഭരണകാലത്ത് അന്നത്തെ പരിമിതമായ അധികാരമുള്ള നിയമനിര്‍മാണ സഭയ്ക്ക് മേല്‍ ബ്രിടിഷ് അധികാരികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ സ്വതന്ത്ര ഇന്‍ഡ്യയില്‍ ഇല്ലായെന്ന് പറയുക മാത്രമേ ആ സമയത്ത് ചെയ്തിട്ടുള്ളൂ. അത് ഒരു രാഷ്ട്രീയ വിമര്‍ശനത്തിനുള്ള രാഷ്ട്രീയ മറുപടിയാണ്. ബഹു. ഗവര്‍ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമേ അല്ല. തുടര്‍ന്ന് ഊഷ്മളമായ ബന്ധത്തിലാണ് സര്‍കാരും ഗവര്‍ണറും നീങ്ങിയിട്ടുള്ളത്.

എല്‍ ഡി എഫിന്റെ ഇപ്പോഴത്തെ സര്‍കാരോ നേരത്തെ ഇടതുപക്ഷം നയിച്ച സര്‍കാരുകളോ അനധികൃതമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ ശ്രമിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. സര്‍വകലാശാലകളെ അകാഡെമിക് രംഗത്ത് മികവുറ്റ രീതിയില്‍ നയിക്കാന്‍ നിയുക്തരാകുന്നവരാണ് വൈസ് ചാന്‍സെലര്‍മാര്‍. അവരെ സ്വതന്ത്രവും നീതിപൂര്‍വകവുമായി ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അനുവദിക്കുക എന്നതാണ് സര്‍കാരിന്റെ നിലപാട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ല.

യൂനിവേഴ്‌സിറ്റിയിലൂടെ ചാന്‍സെലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍കാര്‍ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സര്‍കാര്‍ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സെലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നല്‍കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജനഹിതത്തിനനുസരിച്ചാണ് സര്‍കാര്‍ പ്രവര്‍ത്തിക്കുന്നത്.

ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍കാരിന്റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ചയാകാം. അതിലൊന്നും ഞങ്ങള്‍ക്ക് പിടിവാശിയില്ല.

ബഹുമാനപ്പെട്ട ഗവര്‍ണര്‍ നിയമസഭ നല്‍കിയ ചാന്‍സെലര്‍ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാന്‍സെലര്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍കാരിന്റെയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്. അതാണ് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുള്ളതും.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെകോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും; ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകള്‍കുള്ളില്‍ സ്ഥാപിക്കും; ഗവര്‍ണറുമായി യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ലെന്നും മുഖ്യമന്ത്രി


Keywords:   Chief Minister Pinarayi Vijayan Press Meet, Thiruvananthapuram, News, Pressmeet, Top-Headlines, Politics, Pinarayi-Vijayan, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia