ഒരേ വേദിയിൽ കൊമ്പ് കോർത്ത് ഉദുമയിലെ സ്ഥാനാർഥികൾ; ഇടതിനൊപ്പം നിലയുറപ്പിച്ച ഉദുമയില്‍ വികസനം മാത്രമേയുണ്ടായിട്ടുള്ളൂവെന്ന് സി എച് കുഞ്ഞമ്പു, കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് ബാലകൃഷ്ണൻ പെരിയ, മണ്ഡലത്തിലെ വികസനം കടലാസില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് എ വേലായുധൻ
Mar 26, 2021, 20:27 IST
കാസർകോട്: (www.kasargodvartha.com 26.03.2021) തീപാറും പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലത്തിലെ സ്ഥാനാർഥികൾ ശക്തമായ വാദപ്രതിവാദങ്ങളുമായി കൊമ്പ് കോർത്തത് വ്യത്യസ്തമായ കാഴ്ചയായി. കാസർകോട് പ്രസ്‌ക്ലബിന്റെ പഞ്ചസഭ പരിപാടിയിയിലാണ് ഉദുമ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളും ഒരു വേദിയിലെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു, യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ, എൻഡിഎ സ്ഥാനാർഥി എ വേലായുധൻ എന്നിവരാണ് പങ്കെടുത്തത്.
കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ഉദുമയുടെ ചരിത്രമെടുത്താന്‍ ഇടതു എംഎല്‍എയുടെ കാലത്താണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നതെന്ന് അഡ്വ. സി എച് കുഞ്ഞമ്പു. പറഞ്ഞു. കാസര്‍കോടിന്റെ ഉപ്പുവെള്ള പ്രശ്‌നത്തിനു ബാവിക്കര തടയണ നിര്‍മിച്ചതും ഇതിനോടുനുന്ധിച്ചൊരു ടൂറിസ്റ്റ് സ്‌പോട് നിര്‍മിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതും ഇക്കാലത്താണെന്നു അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യത്തിനു ഊന്നല്‍ നല്‍കി ലൈഫ് പദ്ധതിയില്‍ നിരവധി റോഡുകളും പാലങ്ങളും നിര്‍മിച്ചു. മൂന്നര പതിറ്റാണ്ടുകാലം ഇടതിനൊപ്പം നിലയുറപ്പിച്ച ഉദുമയില്‍ വികസനം മാത്രമേയുണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉദുമയില്‍ ലോ കോളജ് തുടങ്ങുകയാണു തന്റെ സ്വപ്‌നമെന്നു പറഞ്ഞ കുഞ്ഞമ്പു പുതിയ പ്രഫഷണല്‍ കോഴ്‌സ് കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തു. മണ്ഡലത്തില്‍ വിദേശ ഭാഷാ പഠന കേന്ദ്രം സ്ഥാപിക്കുമെന്നും കുഞ്ഞമ്പു പറഞ്ഞു.
ഇത്തവണ ഉദുമയില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും ഉണ്ടാവുകയെന്നു ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. ഇടതു സ്ഥാനാര്‍ഥിക്കു മുന്‍തൂക്കമുണ്ടെന്നു പറയുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ല. മണ്ഡലത്തില്‍ തന്നെ ജനം നെഞ്ചേറ്റിയതായാണ് പ്രചരണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകരണങ്ങള്‍. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം വലിയ കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നും ഇതിലൊന്നും പാഠം പഠിക്കാത്ത ഇടതുമുന്നണി പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉദുമ വലിയതോതില്‍ വികസിച്ചെന്നു പറയുന്ന ഇടതു മുന്നണി ഒരു വ്യവസായം പോലും മണ്ഡലത്തില്‍ കൊണ്ടുവന്നില്ല. നല്ലൊരു ആശുപത്രിയില്ലാത്തതിനാൽ ആയുസിന്റെ ബലം കൊണ്ടു മാത്രമാണ് ഉദുമക്കാര്‍ ജീവിക്കുന്നത്. പുതിയ ഉദുമയാണ് മണ്ഡലത്തിലെ വോടര്‍മാരോടുള്ള തന്റെ വാഗ്ദാനമെന്നും ഇതിന്റെ ആദ്യ പടിയെന്നോണം സ്റ്റാര്‍ടപ് വില്ലേജുകള്‍ക്കു രൂപം നല്‍കുമെന്നും ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ വികസനം കടലാസില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് എ വേലായുധൻ പറഞ്ഞു. ഉദുമയില്‍ എന്‍ഡിഎയെ അത്ര വിലകുറച്ചു കാണേണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. കടംവാങ്ങി വികസനമുണ്ടാക്കിയെന്നു പറയുന്നവര്‍ ആ വികസനമെന്തെന്നു ചൂണ്ടിക്കാണിക്കണം. കടംവാങ്ങി കുമിഞ്ഞുകൂട്ടുന്ന സര്‍കാര്‍ അടുത്ത വരുന്ന സര്‍കാരിന്റെ തലയിലിതെല്ലാം കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. മണ്ഡലത്തില്‍ ചിന്താഗതി മാറി എന്‍ ഡി എ ജയിച്ചുകയറുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം നിയന്ത്രിച്ചു. കെ പി പത്മേഷ് സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, LDF, BJP, Press Club, Candidates of Udma in Kasaragod Press Club Panchasabha.
< !- START disable copy paste -->