Inaction | കള്ളവോടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന തിരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശത്തില്‍ 3 മാസമായിട്ടും റിപോർട് കൈമാറിയില്ലെന്ന് വിവരാവകാശ പ്രവർത്തകൻ; നടപടി സ്വീകരിച്ചെന്ന് കലക്ടർ
● ആരോപണം ഇരട്ട വോട്ട് റിപോർട് ചെയ്യാത്തതിൽ
● കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ
● വിശദമായ അന്വേഷണം നടത്തിയതായി കലക്ടർ
ചെറുവത്തൂർ: (KasargodVartha) കള്ളവോടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തിൽ തിരെഞ്ഞടുപ്പ് കമീഷൻ നിർദേശിച്ച് മൂന്നു മാസമായിട്ടും റിപോർട് സർകാരിന് കൈമാറിയില്ലെന്ന ആരോപണവുമായി വിവരാവകാശ പ്രവർത്തകൻ. 2024 ലെ പൊതുതിരഞ്ഞെടുപ്പിപ്പുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂർ മണ്ഡലം ബൂത് 40 ലെ ബൂത് ലെവൽ ഓഫീസർ എം രവിക്കെതിരെയുള്ള പരാതിയിലാണ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കാസർകോട് തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായിരുന്ന ജില്ലാ കലക്ടറോട് റിപോർട് തേടിയിരുന്നതെന്ന് ചെറുവത്തൂരിലെ എം വി ശിൽപരാജ് പറയുന്നു.
തനിക്ക് വന്ന ഇരട്ട വോടുകൾ റദ്ദാക്കാൻ തിരഞ്ഞെടുപ്പ് ഓഫീസിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് വന്ന ഉദ്യോഗസ്ഥൻ, 'താൻ ഇടതുപക്ഷ അനുഭാവിയായതുകൊണ്ടാണ് ഇത്തരത്തിലുള്ള മറ്റു വോടുകളും റിപോർട് ചെയ്യാത്തത്' എന്ന് തന്നോട് പറഞ്ഞതായി ശിൽപരാജ് പരാതിപ്പെട്ടു. ഉദ്യോഗസ്ഥന്റെ സംസാരത്തിന്റെ റെകോർഡ് സഹിതമാണ് ശിൽപരാജ് പരാതി നൽകിയത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഈ ഉദ്യോഗസ്ഥനെ വേതനത്തോടുകൂടിയുള്ള സസ്പെൻഷനിൽ ഒതുക്കി നിർത്തുക മാത്രമായിരുന്നു ചെയ്തതെന്ന് ശിൽപരാജ് പറയുന്നു.
ഈ നടപടി പോരായെന്ന് കാണിച്ചുകൊണ്ടും ജനപ്രാധിനിത്യ നിയമം വകുപ്പ് 32 പ്രകാരം ഉദ്യോഗസ്ഥനുമേൽ പരമാവധി ശിക്ഷയും പിഴയും ചുമത്തമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപിച്ച പരാതിയിന്മേലാണ് മൂന്നു മാസമായിട്ടും നടപടിയില്ലാത്തതെന്ന് വിവരാവകാശ പ്രവർത്തകൻ ചൂണ്ടിക്കാട്ടി. അതിനിടെ തന്റെ പേര് കലക്ടറേറ്റ് കമ്മ്യൂണിക്കേഷൻ രേഖകളിൽ 'ശിൽപരാജിന്റെ ഫോൺ എടുക്കരുത്' (Don't take Shilparaj) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ശിൽപരാജ് ആരോപിച്ചു.
അതേസമയം, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ബി എൽ ഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ബി എൽ ഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. അതേസമയം പരാതിക്കാരന്റെ ഫോൺ എടുക്കരുതെന്ന് കലക്ടറേറ്റ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്നും അയച്ച കമന്റ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഇതേ കുറിച്ച് അന്വേഷിക്കുമെന്നും അങ്ങനെ ഉണ്ടെങ്കിൽ അത് പാടില്ലാത്തതാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് വിഷയത്തിലെ ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
An RTI activist alleges inaction against an official involved in bogus voting, claiming the election commission's report has not been submitted to the government despite a three-month delay. The collector, however, states that the official has been removed from the BLO post after a thorough investigation.
#BogusVoting #ElectionFraud #RTIActivist #Collector #KeralaElections #Allegations