ഉദുമയിലെ ബ്ലാക്ക് മെയിൽ പീഡനം; അന്വേഷണം ആവശ്യപ്പെട്ട് സി പി എം രംഗത്ത് വന്നതോടെ സംഭവത്തിന് രാഷ്ട്രീയ നിറം കൈവന്നു
Sep 23, 2020, 23:01 IST
ഉദുമ: (www.kasargodvartha.com 23.09.2020) ഉദുമയിലെ 26കാരിയായ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് മാസങ്ങളോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സി പി എമ്മും രംഗത്ത് വന്നതോടെ സംഭവത്തിന് രാഷ്ട്രീയ നിറം കൈവന്നു. യുവതിയെ പീഡിപ്പിച്ച പരാതിയിൽ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് സി പി എം ഉദുമ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉദുമ പടിഞ്ഞാറിലെ മൂന്ന് മക്കളുള്ള സ്ത്രീയെയാണ് ഭർത്താവിന്റെ സുഹൃത്തും 18 ഓളം വരുന്ന യുവാക്കളും ചേർന്ന് വർഷങ്ങളായി ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് പരാതിപെട്ടത്. യുവതിയുടെ ഭര്‍ത്താവ് ഗൾഫിലും പിന്നീട് കോഴിക്കോടും ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് നാട്ടിലില്ലാത്ത സമയത്താണ് പീഡനം നടന്നതായാണ് പരാതി.
യുവതി നേരിട്ടെത്തിയാണ് ബേക്കല്‍ പൊലീസില്‍ പരാതി നൽകിയത്. അഞ്ചുപേർക്കതിരെ മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മറ്റുള്ള പ്രതികളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാനും അവരെ പ്രതിചേർക്കാനും പൊലീസ് തയ്യാറായിട്ടില്ല. പ്രതി ചേർത്തവരേയും ഇതുവരെ അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് സി പി എം ആരോപിക്കുന്നു.
മുസ്ലിംലീഗ്, കോൺഗ്രസ് പാർട്ടികളിൽ ഉൾപ്പെടുന്ന സജീവ പ്രവർത്തകരാണ് പ്രതികൾ എന്നും, അത് കൊണ്ട് തന്നെ പ്രതികളെ രക്ഷിക്കാൻ യുഡിഎഫിലെ നേതാക്കൾ ഇടപ്പെടുകയാണെന്നും സി പി എം കുറ്റപ്പെടുത്തുന്നു.
ചില പോലീസ് ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുകയാണെന്നും അതിനാൽ പ്രത്യേക അന്വേഷക സംഘംത്തെ നിയോഗിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും സി പി എം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേ സമയം ഉദുമ പടിഞ്ഞാറിലെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ കമ്മിറ്റി വ്യാഴാഴ്ച രാവിലെ 10.30യ്ക്ക് ഉദുമ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പി ബേബി ഉദ്ഘാടനം ചെയ്യും.
Keywords: Uduma, news, Kasaragod, Kerala, Harassment, Blackmail, Investigation, CPM, Police, Politics, Blackmail harassment in Uduma; The incident took on a political when the CPM came out demanding an inquiry