Allegations | 'മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുപരിസരത്തെ 50 മീറ്റര്‍ ചുറ്റളവില്‍ 3 ഹൈമാസ്റ്റ് ലൈറ്റ്; ബന്ധുവിന്റെ പറമ്പിലും തെരുവ് വിളക്ക്'; പരാതിയുമായി വിവരാവകാശ പ്രവര്‍ത്തകൻ
ചെങ്കള: (www.kasargodvartha.com) മുസ്ലിം ലീഗ് പഞ്ചായത് നേതാവിന്റെ വീട്ടുപരിസരത്തെ 50 മീറ്റര്‍ ചുറ്റളവില്‍ പുതുതായി മൂന്ന് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചപ്പോള്‍ തൊട്ടടുത്ത എരുതുംകടവ് എന്‍എ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ റോഡും പട്ടിക ജാതി കോളനി വയല്‍ റോഡും രാത്രിയായാല്‍ കൂരിരുട്ടിലെന്ന് വിവരാവകാശ പ്രവര്‍ത്തകൻ മുട്ടത്തൊടി പുതുമണ്ണിലെ അബൂബകര്‍ ആരോപിച്ചു.
മുസ്ലിം ലീഗിന്റെ പാര്‍ടി ഓഫീസിന് മുന്നിലും തൊട്ടടുത്ത് തന്നെ കവലയിലും അടക്കം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചപ്പോഴാണ് പേപ്പട്ടി ശല്യവും ഇഴ ജന്തുക്കളും രൂക്ഷമായ സ്ഥലത്ത് തെരുവ് വിളക്ക് പോലും കത്താതെ നില്‍ക്കുന്നതെന്നാണ് ആരോപണം. ലീഗ് നേതാവിന്റെ ബന്ധുക്കളുടെ പറമ്പില്‍ പോലും തെരുവ് വിളക്കുകള്‍ കത്തുമ്പോഴാണ് മറ്റുസ്ഥലങ്ങള്‍ കൂരിരുട്ടിലായിരിക്കുന്നതെന്നും പറയുന്നു.
പലതവണ ഇവിടെ തെരുവ് വിളക്ക് കത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ചെങ്കള പഞ്ചായത് അധികൃതര്‍ ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചെങ്കള പഞ്ചായതിലെ പദ്ധതി പ്രവൃത്തികളെല്ലാം ചില കോകസില്‍ പെട്ടവര്‍ ഹൈജാക് ചെയ്യുന്നതായും പരാതിയുണ്ട്. ഖര മാലിന്യ ശേഖരണത്തിനുള്ള എംസിഎഫ് സ്ഥാപിച്ചതിലും പാവപ്പെട്ട രോഗികള്‍ക്ക് കട്ടില്‍ നല്‍കിയതിലും വരെ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ചുള്ള രേഖകള്‍ സംഘടിപ്പിച്ച് വിജിലന്‍സ് അധികൃതര്‍ക്കും മറ്റും ഇതിനകം പരാതി നല്‍കിയിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവിനെ കാലുവാരി തോല്‍പിച്ച് പഞ്ചായത് ഭരണത്തില്‍ ഇടപെടാന്‍ കുറുക്കുവഴികള്‍ തേടിയ സംഘം അത് കൃത്യമായി തന്നെ നടപ്പില്‍ വരുത്തി തുടങ്ങിയിട്ടുണ്ടെന്നാണ് ആരോപണം ഉന്നയിക്കുന്നവർ പറയുന്നത്. മുന്‍ പഞ്ചായത്ത് ഭരണസമിതിയെ പോലും വരിഞ്ഞുമുറുക്കാന്‍ ഈ സംഘം ശ്രമിച്ചിരുന്നെങ്കിലും അതിനെ ചെറുത്ത് തോല്‍പിക്കാന്‍ കഴിഞ്ഞത് കൊണ്ട് വലിയ ആരോപണമില്ലാതെയാണ് കഴിഞ്ഞ ഭരണസമിതി പടിയിറങ്ങിയതെന്ന് ഇവര്‍ പറയുന്നു.
2019-22 വര്‍ഷത്തില്‍ വാങ്ങിയ നിലവാരം കുറഞ്ഞ കട്ടിലിന് പൊതുമാര്‍കറ്റില്‍ 3000 രൂപയാണ് പരമാധി വിലയുള്ളതെന്നും എന്നാല്‍ 4350 രൂപ ഒരു കട്ടിലിന് വിലയിട്ടാണ് രോഗികള്‍ക്ക് നല്‍കിയതെന്നും അബൂബകര്‍ ആരോപിക്കുന്നു. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കാതെ അഴിമതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുവെന്നാണ് അദ്ദേഹത്തിൻറെ പരാതി.
പഞ്ചായത് ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ പഞ്ചായത് പ്രസിഡന്റും ബന്ധപ്പെട്ടവരും വെല്ലുവിളിച്ച സാഹചര്യത്തില്‍ കൃത്യമായ തെളിവുകളോടെ വിജിലന്‍സിനെ സമീപിക്കാന്‍ പാര്‍ടി അംഗങ്ങള്‍ തന്നെ മുന്നോട്ട് വന്നിട്ടുള്ളതായും ഇദ്ദേഹം പറയുന്നു.