മഞ്ചേശ്വരം മണ്ഡലം മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്ന് എ കെ എം അശ്റഫ്; പിടിച്ചെടുക്കുമെന്ന് വി വി രമേശൻ; പഞ്ചസഭയിൽ കത്തിക്കയറി സ്ഥാനാർഥികൾ
Mar 24, 2021, 20:22 IST
കാസര്‍കോട്: (www.kasargodvartha.com 24.03.2021) മഞ്ചേശ്വരം മണ്ഡലം മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്ന് യു ഡി എഫ് സ്ഥാനാർഥി എ കെ എം അശ്റഫും യു ഡി എഫിനെയും ബി ജെ പിയേയും തകർത്ത് മണ്ഡലം പിടിച്ചെടുക്കുമെന്ന് ഇടത് സ്ഥാനാർഥി വി വി രമേശനും അവകാശപ്പെട്ടു. കാസർകോട് പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ പഞ്ചസഭയിലാണ് അവകാശവാദങ്ങളുമായി സ്ഥാനാർഥികൾ കത്തിക്കയറിയത്.
ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ എത്തുമെന്ന അറിയിച്ചിരുന്നുവെങ്കിലും സംബന്ധിച്ചില്ല. എ കെ എം അശ്‌റഫ് മുൻ കബഡി താരവും വി വി രമേശൻ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന കമിറ്റി അംഗവുമാണ്. ഇരുവരും കായിക രംഗത്ത് വലിയ വികസനം മണ്ഡലത്തിൽ കൊണ്ടുവരുമെന്ന് അവകാശപ്പെട്ടു.
യു ഡി എഫും, ബി ജെ പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി എ കെ എം അശ്റഫ് വ്യക്തമാക്കി. എന്നാൽ ഇക്കുറി സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്നും ഭരണകക്ഷി അംഗത്തെ തന്നെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്നും വി വി രമേശൻ അവകാശപ്പെട്ടു.
മതേതരത്വത്തിന്റെ സന്ദേശമാണ് മണ്ഡലത്തിന്റെ പ്രത്യേകത. കായികരംഗത്ത് മണ്ഡലത്തില്‍ നിരവധി സംരംങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. യക്ഷഗാനം പോലെ മതസൗഹാര്‍ദത്തിനു സ്വന്തം കല തന്നെയുള്ള നാട്ടില്‍ മതേതര സംസ്‌ക്കാരം നിലനിര്‍ത്താനായിരിക്കും തന്റെ ശ്രമമെന്നും അശ്റഫ് പറഞ്ഞു. മഞ്ചേശ്വരം നിവാസികൾക്ക് ഇത്തവണ കിട്ടിയ വലിയൊരു ഭാഗ്യമാണ് നാട്ടുകാരന് വോട് ചെയ്യുക എന്നത്. മതപരമായ ആചാരങ്ങൾ ഒന്നിച്ചാണ് ജനങ്ങൾ നടത്തുന്നത്. അത് കൊണ്ട് തന്നെയാണ് ബിജെപിയുടെ മുതിർന്ന നേതാക്കളായ കെ ജി മാരാർ, സി കെ പത്മനാഭൻ തുടങ്ങിയവർ പരാജയപ്പെട്ട മണ്ണിൽ പുതിയ പരീക്ഷണങ്ങൾക്കൊന്നും പ്രസക്തിയില്ല മഞ്ചേശ്വരം മണ്ഡലത്തിൽ എൽ ഡി എഫ് ചിത്രത്തിലേ ഇല്ല. മണ്ഡലത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ വലിയ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കന്നഡയിൽ ബിരുദധാരി കൂടിയായ തനിക്ക് സാധിക്കും. മണ്ഡലത്തിലെ ജനങ്ങളുടെ മറ്റൊരു ഭാഷയായ തുളുവിലും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തനിക്ക് സാധിക്കും.
അതിര്‍ത്തിയിലെ യാത്രാ നിരോധന വിഷയം ഉണ്ടായപ്പോൾ സജീവമായ ഇടപെടൽ നടത്താൻ തനിക്ക് സാധിച്ചിട്ടുണ്ട്. ഇതിന് വൻ ജനപിന്തുണയാണ് ലഭിച്ചത്. കന്നഡ ന്യൂനപക്ഷങ്ങളുടെ അവകാശത്തിന് പോരാടിയതിന് കേസിൽ പ്രതി കൂടിയായിരുന്നു താൻ. തനിക്കെതിരെയുള്ള കേസ് പിന്നീട് കോടതി തള്ളിക്കളഞ്ഞുവെന്നും അശ്‌റഫ് കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് അധികാരത്തില്‍ വരുന്നതാണ് ഭൂരിപക്ഷ വർഗീയത വളരാൻ കാരണമെന്നും ഇരു വർഗീയതകളെയും എതിർക്കുന്ന പാർടിയായ എൽ ഡി എഫിനെ ജനം സ്വീകരിക്കും. മംഗല്‍പ്പാടിയിലെ മാലിന്യമല ഇല്ലാതാകാൻ പോലും ഇതുവരെ ഇവിടെ ഭരിച്ച ലീഗിന്റെ പ്രതിഷിക ഭരണകൂടങ്ങൾക്കോ എം എൽ എയ്ക്കോ സാധിച്ചിട്ടില്ല. മാലിന്യം അഴുകി അത് ഏതു സമയവും ഒഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന സ്ഥിതിയിലാണ്. മൂക്കു പൊത്തി മാത്രമേ ജനത്തിനു യാത്ര ചെയ്യാനാകുന്നുള്ളൂഎന്നും രമേശന്‍ പരിഹസിച്ചു.
ഇതിനു മഞ്ചേശ്വരത്തിന് ഒരു ശുചിത്വ സാക്ഷരത അനിവാര്യമാണെന്നായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥിയുടെ മറുപടി. കേരളത്തില്‍ തുടര്‍ഭരണം ഉറപ്പായ എല്‍ ഡി എഫിനു മഞ്ചേശ്വരത്ത് ഒരു എംഎല്‍എ കൂടി വരണം. എന്നാല്‍ വലിയ സാധ്യതകളാണ് തുളുനാടന്‍ മണ്ണിനെ കാത്തിരിക്കുന്നത്. മണ്ഡലത്തില്‍ ഭൂരിപക്ഷ വര്‍ഗീയത വളരുകയാണെന്നും കായിക രംഗത്തുള്‍പ്പെടെ താന്‍ വന്നാല്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്നും രമേശന്‍ അവകാശപ്പെട്ടു.
മുന്‍ എല്‍ ഡി എഫ് എംഎല്‍എയായിരുന്ന സി എച് കുഞ്ഞമ്പു മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങലും രമേശന്‍ അക്കമിട്ടു നിരത്തി. മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ കോടതിയില്‍ പോയ ബി ജെ പി ഒന്നര വര്‍ഷക്കാലം മണ്ഡലം അനാഥമാക്കിയെന്നും രമേശന്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്ററി വ്യാമോഹമില്ലാതിരുന്ന തനിക്ക് കാഞ്ഞങ്ങാട് നഗരസഭയില്‍ കാഴ്ച വച്ച മികച്ച ഭരണവും, എല്‍ ഡി എഫിനു തുടര്‍ ഭരണം ഉറപ്പാക്കിയതിലുള്ള അംഗീകാരവുമാണ് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വമെന്നും രമേശൻ കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് സെക്രടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ഹാശിം പരിപാടി നിയന്ത്രിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, LDF, BJP, Press Club, AKM Ashraf vows to retain Manjeswaram constituency with good majority; VV Ramesan says LDF will win.
< !- START disable copy paste -->