Criticism | എയിംസ് വിവാദം: പണം ചെലവഴിച്ചതിൽ സർക്കാരിനെതിരെ കോടതി; കാസർകോട് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം
-
കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർക്കാർ കോഴിക്കോട്ട് സ്ഥലം ഏറ്റെടുത്തത്.
-
കോടതി ആവശ്യപ്പെട്ട രീതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തയ്യാറായില്ല.
-
സർക്കാർ നൽകിയ അവ്യക്തമായ മറുപടിയിൽ സർക്കാരിന് എന്തോ മറച്ചുവെക്കാനുണ്ടെന്ന് ജനകീയ കൂട്ടായ്മ ആരോപിച്ചു.
-
കോടതി ഏപ്രിൽ 10 വരെ സർക്കാരിന് സമയം അനുവദിച്ചു.
-
കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുഖജനാവിൽ നിന്ന് പണം ചെലവഴിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു.
കാസർകോട്: (KasargodVartha) എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനദണ്ഡം പാലിക്കാതെ കോഴിക്കോട്ട് സ്ഥലം ഏറ്റെടുക്കലിന് പണം ചെലവഴിച്ചതിനെതിരെ കേരളാ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ അഡ്വ. സുബീഷ് ഋഷികേശ് മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.
-
കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചാണോ എയിംസ് സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയത് എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയതിനെതിരെയാണ് കോടതി രംഗത്തുവന്നത്.
-
സ്ഥലം ഏറ്റെടുക്കൽ, പണം അനുവദിക്കൽ, സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി സർക്കാർ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
-
കോടതി ആവശ്യപ്പെട്ട രീതിയിലുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഏപ്രിൽ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്.
-
കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുഖജനാവിൽ നിന്ന് പണം ചെലവഴിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
-
കോഴിക്കോട് ജില്ലയിലെ കിനാലൂർ, കാന്തലാട് വില്ലേജുകളിലായി 151.58 ഏക്കർ സ്ഥലം ഹെൽത്ത് ആൻഡ് ഫാമിലി ഡിപ്പാർട്ട്മെൻ്റിന്നു കൈമാറിയിട്ടുണ്ടെന്നും ഭൂമി അക്വിസിഷൻ ആവശ്യത്തിലേക്കായി 92,62,000 രൂപ ഉപയോഗിക്കാൻ അധികാരപ്പെടുത്തുകയും അതിൽ നിന്നും 50 ലക്ഷം രൂപ ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും അക്വയർ ചെയ്ത ഭൂമിയുടെ സംരക്ഷണത്തിനായി ചുറ്റുമതിൽ കെട്ടുന്ന പ്രവർത്തികൾക്കായി ഊരാളുങ്കാൽ സൊസൈറ്റിക്ക് 5 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.
-
സംസ്ഥാന സര്ക്കാർ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് എയിംസ് സ്ഥാപിക്കാൻ തിരഞ്ഞെടുത്തതെന്നും അല്ലാതെ കാസർകോട് ജില്ലയെ മനപൂർവ്വം ഒഴിവാക്കിയതല്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
കാസർകോട് ജനകീയ കൂട്ടായ്മ പ്രസ്താവന:
‘കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെയും കോടതിയുടെ മുൻ ഉത്തരവ് പ്രകാരമുള്ള സത്യവാങ്മൂലം ഹാജരാക്കാതെയും ഒളിച്ചുകളിക്കുകയാണ് സർക്കാർ. സർക്കാർ നൽകിയ അവ്യക്തമായ മറുപടിയിൽ സർക്കാരിന് എന്തോ മറച്ചുവെക്കാനുണ്ടെന്ന് വ്യക്തമാണ്.’ - കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, കോർഡിനേറ്റർ ശ്രീനാഥ് ശശി, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും കോടതി ആവശ്യപ്പെട്ട രീതിയിൽ സത്യവാങ്മൂലം ഹാജരാക്കാൻ സർക്കാർ തയ്യാറായില്ലെന്നും ജനകീയ കൂട്ടായ്മ ആരോപിക്കുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The Kerala High Court criticized the state government for spending money on land acquisition in Kozhikode for AIIMS without adhering to central guidelines. The court was responding to a petition filed by the AIIMS Kasaragod Janakeeya Koottayma. The government's affidavit was deemed unsatisfactory, and a revised one is due by April 10th. The court questioned the authority to spend public funds without following norms. The Koottayma alleges the government is hiding facts and failed to submit a proper affidavit.
#AIIMSKasaragod #KeralaGovernment #HighCourt #Controversy #Protest #Healthcare