city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Remembrance | തട്ടകം ബദ്‌രിയ ഹോടൽ; അന്തരിച്ച അഡ്വ. പി കെ മുഹമ്മദ്‌ കാസർകോട്ട് വരദരാജ്പൈക്കൊപ്പം പോരാട്ട വീര്യം നയിച്ച നേതാവ്

Advocate PK Muhammed, Kasaragod
Photo: Arranged

● കാസർകോട്ടെ തൊഴിലാളി സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു.
● ചെർക്കളം അബ്ദുല്ലയെ തോൽപ്പിച്ച് പഞ്ചായത് അംഗമായി.
● എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്

 

കാസർകോട്: (KasargodVartha) കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് അന്തരിച്ച അഡ്വ. പി കെ മുഹമ്മദ്‌ കാസർകോട്ട് വരദരാജ്പൈക്കൊപ്പം പോരാട്ട വീര്യം നയിച്ച നേതാവ്. പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ബദരിയ ഹോടലിൽ നിന്നാണ് അദ്ദേഹത്തിൻ്റെ പോരാട്ട പ്രവർത്തനത്തിലേക്കുള്ള കാൽവെപ്പ്. കാസർകോട്ട്‌ കമ്യൂണിസ്‌റ്റ്‌ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. 

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ്‌ എസ്‌എസ്‌എൽസി പരീക്ഷ കഴിഞ്ഞ്‌ തോൽക്കുമെന്ന ഭീതിയിൽ തൊഴിൽതേടി കാസർകോടെത്തിയതായിരുന്നു. നഗരത്തിൽ അബ്ദുൽ ഖാദർ ഹാജി, ഹസൈനാർ ഹാജി, അബ്ബാസ്‌ ഹാജി എന്നിവർ നടത്തിയ ബദ്‌രിയ ഹോടലിൽ ചെറിയ ജോലി നൽകി പുറം നാട്ടുകാരോടുള്ള ആതിഥ്യ മര്യാദ നൽകി. ദിവസങ്ങൾക്ക്‌ ശേഷം പത്രം വായിക്കുകയായിരുന്ന മുഹമ്മദ്‌ കരയുന്നത്‌ ശ്രദ്ധയിൽപെട്ട ഹോടലുടമ അബ്ദുൽ ഖാദർ ഹാജി കാര്യമന്വേഷിച്ചു. 

പത്താംക്ലാസ് ജയിച്ചുവെന്ന്‌ മുഹമ്മദ്‌ പറഞ്ഞപ്പോൾ നിലവിൽ ചെയ്‌ത ജോലിയിൽനിന്ന്‌ മാറ്റി കണക്ക്‌ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തി. എറണാകുളത്തേക്ക്‌ തന്റെ കാറിൽ പറഞ്ഞുവിട്ട്‌ എസ്‌എസ്‌എൽസി സർടിഫികറ്റ്‌ കൊണ്ടുവരികയും തുടർന്ന്‌ കാസർകോട്‌ ഗവ. കോളജിൽ പ്രീഡിഗ്രി പഠനത്തിന്‌ ചേർത്ത് ആവശ്യമായ സഹായവും നൽകി. ഒടുവിൽ നിയമബിരുദം നേടി അഭിഭാഷകനുമായി. 

Advocate PK Muhammed, Kasaragod

അതിനിയിൽ അവകാശസമരങ്ങളുടെ മുന്നണിപ്പോരാളി അദ്ദേഹം മാറിയിരുന്നു. കോളജ്‌ പഠനകാലയളവിൽ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി. തുടർന്ന്‌ കാസർകോട്ട് നടന്ന നിരവധി അവകാശ സമരങ്ങളുടെ മുന്നിലുണ്ടായിരുന്നു. കാസർകോട്ടെ ബസ് തൊഴിലാളികൾക്ക് ജോലി സ്ഥിരതയും കൂലി വ്യവസ്ഥയുമില്ലാത്തതിനെതിരെ നടന്ന സമരത്തിന്‌ നേതൃത്വം നൽകി മുൻനിരയിൽ പ്രവർത്തിച്ചു. 

സമരം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് ബസ് ഉടമകൾ തയ്യാറാകാത്തതിനെ തുടർന്ന്‌ 1968ൽ മെഹബൂബ്‌ ബസിന് മുന്നിൽ കിടന്ന് പികറ്റിങ്‌ ആരംഭിച്ചു. ഈ സമരത്തിലാണ്‌ ബസുടമയുടെ ആളുകൾ ദേഹത്തേക്ക് ബസ് കയറ്റിയതിനെ തുടർന്ന് വരദരാജ പൈ രക്തസാക്ഷിയായത്. ബസ്‌ തൊഴിലാളി യൂണിയൻ പ്രസിഡന്റായിരുന്ന മുഹമ്മദും വരദരാജ് പൈക്കൊപ്പം ബസിനടിയിൽ കിടന്ന്‌ പ്രതിഷേധിച്ചിരിന്നു. 

വരദരാജ് പൈ രക്തസാക്ഷിത്വം വരിച്ചിട്ടും പ്രതിഷേധം തുടർന്ന മുഹമ്മദിനെ പിന്നീട്‌ മറ്റ്‌ തൊഴിലാളികൾ വലിച്ചിഴച്ചാണ്‌ പുറത്തിറക്കിയത്‌. നിരവധി പ്രക്ഷോഭസമരങ്ങൾക്ക്‌  നേതൃത്വം നൽകി തൊഴിലാളികളെയും ബഹുജനങ്ങളെയും ഇടതുപക്ഷത്തിനൊപ്പം ചേർത്തുനിർത്താൻ മുൻനിരയിൽ പ്രവർത്തിച്ചയാളാണ് ഇദ്ദേഹം. ഇതിനിടെ ബദ്‌രിയ അബ്ദുൽ ഖാദർ ഹാജി തന്റെ മരുമകൾ റുഖിയാബിയെ മുഹമ്മദിന്‌ വിവാഹം കഴിച്ച്‌ നൽകി. 

സിപിഎം നേതാക്കളായിരുന്ന എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കൊപ്പം കാസർകോട്‌ പാർടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 1979ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം ചെങ്കള ലോകൽ കമിറ്റി അംഗമായിരുന്ന പി കെ മുഹമ്മദ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിക്കുകയും മുൻ മന്ത്രിയും ലീഗ്‌ നേതാവുമായിരുന്ന ചെർക്കളം അബ്ദുല്ലയെ ലീഗ്‌ കോട്ടയെന്ന്‌ വിശേഷിപ്പിക്കുന്ന വാർഡിൽ തോൽപിച്ച് ചരിത്രവിജയം കൈവരിച്ച്‌ പഞ്ചായത് അംഗമായി. 

നിരവധി തവണ ഗുണ്ടാ അക്രമങ്ങൾക്കിരയായിട്ടുണ്ട്. ചെങ്കള നാലാംമൈലിൽ താമസിച്ച ഇദ്ദേഹം 1980ന്‌ ശേഷമാണ്‌ എറണാകുളത്ത്‌ ഹൈകോടതി അഭിഭാഷകനായി ജോലിചെയ്യുന്നതിനായി തിരിച്ചു പോയത്‌. 

ചൊവ്വാഴ്ച രാത്രിയോടെ കാസർകോട്ടെത്തിച്ച മൃതദേഹത്തിൽ സിപിഎം നേതാക്കളും വർഗ ബഹുജന സംഘടനാ നേതാക്കളും ഉൾപ്പെടെ നിരവധിയാളുകൾ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന്‌ ചെട്ടുംകുഴി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

#PKMuhammed #Kasaragod #CPM #TradeUnion #Obituary #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia