മംഗലാപുരത്തെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ നടപടി ഉടന്‍ സ്വീകരിക്കണം: എബിവിപി
കാസര്‍കോട്: (www.kasargodvartha.com 14.02.2021) വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍കാര്‍ ഉടന്‍ സ്വീകരിക്കണമെന്ന് എബിവിപി ജില്ല പ്രസിഡന്റ് വൈശാഖ് കൊട്ടോടി. കാസര്‍കോട് ജില്ലയില്‍ നിന്ന് ആയിരകണക്കിന് വിദ്യാര്‍ഥികളാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മംഗലാപുരത്തെ ആശ്രയിക്കുന്നത്. നിലവില്‍ റെയില്‍വെ ഗതാഗതം പൂര്‍ണമായ രീതിയില്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ ഈ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പാസ് നല്‍കാനോ ആവശ്യമായത്ര ബസുകള്‍ നിലവില്‍ കാസര്‍കോട് മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്താനോ കെഎസ്ആര്‍ടിസി തയ്യാറല്ല. മാത്രമല്ല കോവിഡ് കാലത്ത് കുത്തനെ സര്‍കാര്‍ വര്‍ധിപ്പിച്ച ടിക്കറ്റ് ചാര്‍ജുകള്‍ പിന്‍വലിക്കാത്തതും വിദ്യാര്‍ഥികളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിലാക്കുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട് ബസുകള്‍ ചാര്‍ജില്‍ ഇളവ് നല്‍ക്കുകയും പത്തുമാസത്തേക്ക് ആയിരത്തി ഇരുന്നോളം രൂപയാണ് കര്‍ണ്ണാടക കെഎസ്ആര്‍ടിസി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത്.
എന്നാല്‍ വിദ്യാര്‍ഥികള്‍ യാത്രകള്‍ക്കായി ബസുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സമയമായ രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ പൂര്‍ണമായി കേരള ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇത് ബോധപൂര്‍വ്വം വിദ്യാര്‍ഥികളെ ചൂഷണം ചെയ്യാനും അതുവഴി വരുമാനം കണ്ടെത്താനുമുള്ള കെഎസ്ആര്‍ടിസിയുടെ ദുഷ്ടലാക്കാണെന്നും വികസന മേഖലയില്‍ കാസര്‍കോടിനാവശ്യമായതൊന്നും ചെയ്യാത്ത സംസ്ഥാന സര്‍കാര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കര്‍ണ്ണാടക സര്‍കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും കേരള സര്‍കാര്‍ ജില്ലയിലെ വിദ്യാര്‍ഥികളെയും ഭാഷ ന്യൂനപക്ഷങ്ങളേയും അവഗണിക്കുകയാണെന്നും കാസര്‍കോട് ജില്ലയിലെ ജനങ്ങളെ സര്‍കാര്‍ വഞ്ചിക്കുകയാണെന്നും വൈശാഖ് കൊട്ടോടി ആരോപിച്ചു.
അടിയന്തിരമായി വിദ്യാര്‍ഥികളുടെ ഈ പ്രശ്‌നത്തില്‍ റെയില്‍വേ സര്‍വീസുകള്‍ പുനരാരംഭിക്കാനും. കെഎസ്ആര്‍ടിസിയില്‍ ഇളവ് നല്‍കാനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും ബസുകളുടെ സമയക്രമം പുനക്രമീകരിക്കാനും സര്‍കാരുകള്‍ തയ്യാറവണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ഥികളെ അണിനിരത്തി ശക്തമായ സമരപരുപാടികള്‍ സംഘടിപ്പിക്കുമെന്നും വൈശാഖ് കൊട്ടോടി കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, news, Kerala, ABVP, Politics, Students, KSRTC, Bus, Action should be taken to solve the travel problems of students who depend on Mangalore: ABVP