Mystery | എഎപി എംഎല്‍എ വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍
● ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
● പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തമാകും.
ദില്ലി: (KasargodVartha) ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുര്‍പ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കുടുംബാംഗങ്ങള്‍ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എഎപി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിങ് മക്കറും പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചാഹലും മരണം സ്ഥിരീകരിച്ചു. അതേസമയം, എംഎല്‍എ ജീവനൊടുക്കിയതാണോ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്ന് കമ്മീഷണര്‍ കുല്‍ദീപ് സിങ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സ്പീക്കര്‍ കുല്‍താര്‍ സിങ് സാന്ധവാനുമായി ഗുര്‍പ്രീത് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാചിന്‍ ഷീറ്റ്ല മാതാ മന്ദിറും വെള്ളിയാഴ്ച അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ നിന്ന് വെള്ളി മോഷ്ടിച്ച മോഷ്ടാക്കളുടെ സംഘത്തിനെതിരെ നടപടിയെടുക്കുമെന്ന് ഭക്തര്‍ക്ക് ഉറപ്പു നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതിനുപിന്നാലെയാണ് ഗുര്‍പ്രീത് വെടിയേറ്റു മരിച്ചുവെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്.
2022ല്‍ എഎപിയില്‍ ചേര്‍ന്ന ഗുര്‍പ്രീത്, ലുധിയാന (വെസ്റ്റ്) മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായ ഭരത് ഭൂഷണ്‍ ആഷുവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സുഖ്ചെയിന്‍ കൗര്‍ ഗോഗി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദര്‍ജിത് സിങ്ങിനോട് പരാജയപ്പെടുകയായിരുന്നു.
#aap #mla #death #punjab #india #politics #investigation