Tribute | ചില ജീവിതങ്ങൾ ചില അടയാളപ്പെടുത്തലുകളാണ്; അതായിരുന്നു പി പി നസീമ ടീച്ചർ
● നസീമ ടീച്ചർ നടത്തിയ സേവനങ്ങൾ അനശ്വരമാണ്
● കൊറോണ കാലത്തെ മയ്യിത്ത് പരിപാലനം പ്രശംസനീയമായിരുന്നു
● അവരുടെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ്
അനുസ്‌മരണം / സുഫൈജ അബൂബക്കർ
(KasargodVartha) ചിലയാളുകൾ പകർന്നു നൽകുന്ന ഊർജങ്ങളും പാഠങ്ങളും ഉണ്ട്. അങ്ങനെയൊരു വ്യക്തിത്വം കാസർകോട് ജില്ലയിൽ വനിതകൾക്കിടയിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിൽ അത് പി പി നസീമ ടീച്ചർ ആയിരിക്കും. നസീമ ടീച്ചർ കറ കളഞ്ഞ ഒരു മുസ്ലിം ലീഗുകാരിയായിരുന്നു, അതിനു പുറമേ മികച്ചൊരു ഭരണാധികാരി, ആത്മാർത്ഥതയുള്ള അദ്ധ്യാപിക, ഉത്തരവാദിത്വ ബോധമുള്ള രാഷ്ട്രീയക്കാരി, കാരുണ്യം മുഖ മുദ്രയാക്കിയ സാമൂഹ്യ പ്രവർത്തക, നേതൃത്വ ഗുണമുള്ള മികച്ചൊരു സംഘാടക, അങ്ങിനെ എഴുതാൻ ഒരുപാട് വിശേഷണങ്ങളുള്ള ഒരു വനിതാ നേതാവായിരുന്നു.
ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ കഴിയുന്നതിലധികം നന്മകൾ ചുരുങ്ങിയ കാലം കൊണ്ട് ചെയ്ത് തീർത്ത അത്ഭുത വനിത. കൈകാര്യം ചെയ്ത പദവികളിൽ അടയാളപ്പെടുത്തലുകൾ സൃഷ്‌ടിച്ച വനിതാ നേതാവ്.
ഞാൻ അടങ്ങുന്ന പല വനിതകൾക്കും റോൾ മോഡലും കരുത്തും അവരായിരുന്നു. നസീമ ടീച്ചറിലേക്ക് എന്നെ ഏറെ ആകർഷിച്ച ഒന്നായിരുന്നു കൊറോണ കാലത്തെ അവരുടെ മയ്യിത്ത് പരിപാലനം.
കൊറോണ പിടിപെട്ട് മരണപ്പെട്ടവരുടെ മയ്യിത്ത് പരിപാലനത്തിന് എല്ലാവരും മടിച്ചിരുന്ന സമയത്ത് ധൈര്യപൂർവ്വം മുന്നോട്ട് വരികയും വനിതാ ലീഗ് പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും അതിന് വേണ്ടി എന്നും മുൻപന്തിയിലും നസീമ ടീച്ചർ ഉണ്ടായിരുന്നു. എന്നെ പോലുള്ളവർക്ക് മയ്യിത്ത് പരിപാലനത്തിന് ഇറങ്ങാനുള്ള പ്രചോദനവും ടീച്ചറായിരുന്നു.
പച്ചയെ സ്നേഹിച്ച, മുസ്‌ലിം ലീഗിന്റെ ആശയങ്ങളെ അണികളിലേക്ക് പകർന്ന് നൽകിയ, ഒരുപാട് വനിതാ നേതാക്കളെ ഈ സമൂഹത്തിന് പരിചയപ്പെടുത്തിയ, പച്ചയിലലിഞ്ഞ പ്രിയപ്പെട്ട നേതാവ് അവസാനം പച്ച പുതച്ച് യാത്രയായിരിക്കുന്നു. അവരുടെ ജീവിതം ഒരു പുതു തലമുറയ്ക്ക് പ്രചോദനമാകും. പ്രത്യേകിച്ചും വനിതകൾക്ക്, സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും, അതിനായി പ്രവർത്തിക്കുന്നത് വളരെ പ്രധാനമാണെന്നും അവർ തെളിയിച്ചു.
അവരുടെ ആശയങ്ങളും പ്രവർത്തനങ്ങളും വരും തലമുറയിലെ നേതാക്കളെ പ്രചോദിപ്പിക്കും. അവരുടെ സ്മരണ പ്രചോദിപ്പിക്കുകയും, മുന്നോട്ട് പോകാൻ ശക്തി നൽകുകയും ചെയ്യും. അവരുടെ ആശയങ്ങൾ ഒരു വഴികാട്ടിയായിരിക്കും.
(ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആണ് ലേഖിക)