Jail Release | പെരിയ കേസ്: 4 സിപിഎം നേതാക്കൾ ജയിൽ മോചിതരായി; നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിച്ചുവെന്ന് കെ വി കുഞ്ഞിരാമന്‍
● ജയിൽ മോചിതരായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്.
● ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
● സിബിഐയുടെ മറുപടി ലഭിച്ച ശേഷം കേസിൽ തുടർവാദം കേൾക്കും.
കണ്ണൂർ: (KasargodVartha) പെരിയ കല്യോട്ട് യൂത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ച നാല് സിപിഎം നേതാക്കൾ ഹൈകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതരായി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡണ്ട് കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ പുറത്തിറങ്ങിയത്.
സിപിഎം സംസ്ഥാന കമിറ്റി അംഗം പി ജയരാജൻ, കണ്ണൂർ ജില്ലാ സെക്രടറി എം വി ജയരാജൻ, കാസർകോട് ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് ജയിലിന് പുറത്ത് ഒരുക്കിയിരുന്നത്. ജയിൽ മോചിതരായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസിൽ തങ്ങളെ പ്രതികളാക്കിയതെന്ന് കെ വി കുഞ്ഞിരാമൻ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ കെട്ടിച്ചമച്ച കഥകളാണ് ഇപ്പോൾ പൊളിഞ്ഞതെന്നും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവർക്ക് സിബിഐ കോടതി വിധിച്ച അഞ്ചു വർഷം തടവ് ഹൈകോടതി ബുധനാഴ്ച സ്റ്റേ ചെയ്യുകയും നാലുപേർക്കും ഉടൻ ജാമ്യം അനുവദിക്കാൻ ഉത്തരവിടുകയുമായിരുന്നു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അപീൽ ഫയലിൽ സ്വീകരിച്ച കോടതി സിബിഐക്ക് നോടീസ് അയച്ചിട്ടുണ്ട്.
സിബിഐയുടെ മറുപടി ലഭിച്ച ശേഷം കേസിൽ തുടർവാദം കേൾക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. അതേസമയം, കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള മറ്റു 10 പ്രതികളുടെ അപീൽ ഹർജി ഹൈകോടതിയുടെ പരിഗണനയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. ഒന്നുമുതൽ എട്ടുവരെ പ്രതികളും പത്താം പ്രതിയും പതിനഞ്ചാം പ്രതിയുമടക്കം 10 പേർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
#PeriyaCase #CPM #JailRelease #KVKunhiraman #PoliticalReactions #KeralaNews