Found Dead | നാലുകെട്ടുള്ള വീട്ടിൽ യുവതിയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി; 'ഭർത്താവ് ഒളിവിൽ; കൊല്ലപ്പെട്ടത് മിശ്രവിവാഹിതയായ യുവതി'
Feb 1, 2023, 16:07 IST
ബദിയഡുക്ക: (www.kasargodvartha.com) നാലുകെട്ടുള്ള വീട്ടിൽ യുവതിയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു (28) ആണ് മരിച്ചത്. ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശിയായ ആന്റോ (32) ഒളിവിലാണ്. ഇയാളെ പൊലീസ് തിരയുകയാണ്.
42 ദിവസം മുമ്പ് ബദിയഡുക്ക ഏൽക്കാനയിലെ ഷാജിയുടെ റബർ തോട്ടത്തിൽ ടാപിങ് ജോലിക്ക് എത്തിയതായിരുന്നു നീതുവും ആന്റോയും. ഇവർ താമസിച്ചുകൊണ്ടിരുന്ന നാലുകെട്ടുള്ള വീട്ടിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകീട്ടോടെ വീടിന്റെ മേൽക്കൂരയിൽ കയറി നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ബദിയടുക്ക എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തിയിട്ടുണ്ട്. മിശ്രവിവാഹം നടത്തിയ യുവതിയാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. റബർ തോട്ടം ഉടമയായ ഷാജിയുടെ മൊഴിയിലൂടെയാണ് മരിച്ച യുവതിയുടെ പേരുവിവരങ്ങളും മറ്റും പൊലീസിന് ലഭിച്ചത്.