Death | 16,000 രൂപ പിഴയടക്കാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വെൽഡിംഗ് കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി
● മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇദ്ദേഹത്തിന് പിഴ ചുമത്തിയത്.
● നോട്ടീസ് ലഭിച്ച ശേഷം മണി മാനസികമായി ബുദ്ധിമുട്ടിലായിരുന്നു.
● പിഴയടക്കാൻ പണമില്ലാത്തതിൻ്റെ വിഷമം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
ബേഡകം: (KasargodVartha) പിഴയടക്കാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വെൽഡിംഗ് കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി.
കുറ്റിക്കോൽ വാവടുക്കത്തെ നാരായണൻ്റെ മകൻ സദാശിവൻ എന്ന മണി (49) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ട വീട്ടുകാർ ബഹളം വെച്ച് ആളെ കൂട്ടി രക്ഷപ്പെടുത്തി കാസർകോട് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
ഒരു മാസം മുമ്പ് താന്നിയടിയിൽ വെച്ച് ബേക്കൽ പൊലീസ് സദാശിവനെ ഇരുചക്രവാഹനം ഓടിക്കുന്നതിനിടെ പിടികൂടിയിരുന്നു. വാഹനമോടിക്കുമ്പോൾ ഇദ്ദേഹം മദ്യപിച്ചിരുന്നതായി തെളിഞ്ഞിരുന്നു. ഈ കേസിൽ 16,000 രൂപ പിഴയടക്കാൻ രണ്ട് ദിവസം മുൻപ് നോട്ടീസ് ലഭിച്ചതായി പറയുന്നു.
നോട്ടീസ് ലഭിച്ച ശേഷം ഇയാൾ മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു. പിഴയടക്കാൻ പണമില്ലാത്തതിൻ്റെ പ്രയാസം മണി പരിചയക്കാരായ ചിലരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബേഡകം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭാര്യ: ബിന്ദു. മക്കൾ: നിർമാല്യ, നവനീത്.
#BedakamDeath #Death #FineNotice #KeralaNews #FinancialStress #TragicIncident