Obituary | 'ചക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ....' എന്ന പാട്ട് പാടാൻ ഇനി നാട്ടുകാരുടെ അപ്പുകുട്ടേട്ടൻ ഇല്ല; കല്ല് ചെത്തിക്കെട്ടിലൂടെ പ്രിയങ്കരനായ തൊഴിലാളി
● കല്ല് ചെത്ത് ജോലി ചെയ്യുന്നതിനിടയിലും പാട്ടുപാടി നാടിൻ്റെ പ്രിയങ്കരനായി.
● ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല
● പഴയ ഗാനങ്ങൾ മനോഹരമായി ആലപിക്കാനുള്ള കഴിവുണ്ടായിരുന്നു.
ചന്തേര: (KasargodVartha) ചക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ.... എന്ന പാട്ട് പാടാൻ ഇനി നാട്ടുകാരുടെ അപ്പുകുട്ടേട്ടൻ ഇല്ല. ശുചിമുറിയിൽ ശനിയാഴ്ച രാവിലെയാണ് പിലിക്കോട് വയലിലെ അമ്പുവിൻ്റെ മകൻ പി വി നാരായണൻ എന്ന അപ്പുക്കുട്ടനെ (70) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിയുടെ വെൻ്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കല്ല് കെട്ട് ജോലിയിൽ വിദഗ്ദ്ധനായിരുന്ന അപ്പുക്കുട്ടൻ, ജോലി ചെയ്യുന്നതിനിടയിലും ഇടവേളകളിലും സുഹൃത്തുക്കൾക്കൊപ്പം പാട്ട് പാടുന്നത് പതിവായിരുന്നു. ഈ ഗാനാലാപനത്തിലൂടെയാണ് അദ്ദേഹം നാട്ടുകാരുടെ പ്രിയങ്കരനായി മാറിയത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം 'ചക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ' എന്നതായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും പഴയ ഗാനങ്ങൾ അതിന്റെ തനിമയോടെയും മനോഹാരിതയോടെയും ആലപിക്കാൻ അപ്പുക്കുട്ടേട്ടന് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തെക്കുറിച്ച് രണ്ട് വർഷം മുമ്പ് വിനോദ് എരവിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അവിചാരിതമായി ഒരു വിവാഹ സൽക്കാരത്തിനിടയിൽ അപ്പുക്കുട്ടേട്ടൻ പാടുന്ന വീഡിയോ കാണാനിടയായതിനെക്കുറിച്ചും, 68-ാം വയസ്സിലും അദ്ദേഹത്തിന്റെ ശബ്ദത്തിനും താളത്തിനും യാതൊരു കുറവുമുണ്ടായിരുന്നില്ലെന്നും വിനോദ് കുറിച്ചിരുന്നു.
'ഇപ്പോൾ അസുഖം കാരണം പണിക്ക് പോകുന്നില്ലെങ്കിലും കൽപ്പണിക്കാരനായിരുന്നു പി വി നാരായണൻ എന്ന അപ്പുട്ടേട്ടൻ. കല്ലുകൾ ചെത്തിമിനുക്കി ചുമരുകൾ കെട്ടി പൊക്കുമ്പോൾ വിയർപ്പു കണങ്ങൾ മാത്രമായിരുന്നിരിക്കില്ല പൊടിഞ്ഞിരുന്നത്, ആരോരുമറിയാത്ത പാട്ടുകാരനിൽ നിന്ന് സംഗീതവും മൂളിപ്പാട്ടായി വന്നിട്ടുണ്ടായിട്ടുണ്ടാവും എന്നതുറപ്പ്. പാട്ടിനെയും നാട്ടിലെ പാട്ടുകാരെയും മുത്തുമാലയിലെന്നപോലെ കോർത്തെടുത്ത്, അവർക്ക് പൊതു ഇടങ്ങളിൽ പാടാൻ അവസരവും ധൈര്യവും സദാ പകരുന്ന സി ഭാസ്ക്കരൻ ആണ് ഒത്തുകൂടലിനിടയിൽ ഈ പാട്ടുകാരന്റെ വീഡിയോ ഞങ്ങൾക്ക് കാണിച്ചത്', അന്ന് വിനോദ് എഴുതി.
അപ്പുക്കുട്ടേട്ടന് കൂടുതൽ സംഗീത അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. സരോജിനിയാണ് ഭാര്യ. മക്കൾ: അജിത, അനില.
P. V. Narayanan (Appukuttan), 70, from Pilicode, known and loved in his village near Chanthara for his singing, especially the song 'Chakkara Panthalil', was found dead in his bathroom. A skilled stonemason who used to sing while working, Appukuttan was cherished for his melodious voice and rendition of old songs, despite having no formal musical training. His unexpected demise has saddened the community. He is survived by his wife Sarojini and children Ajitha and Anila.
#Appukuttan #Obituary #FolkSinger #Kerala #Kasaragod #BelovedVillager