നാടിനെ തീരാദുഃഖത്തിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടപറഞ്ഞത് രണ്ട് ഇതിഹാസങ്ങൾ
May 24, 2021, 14:42 IST
തളങ്കര: (www.kasargodvartha.com 24.05.2021) മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വന്മരങ്ങൾ വിടപറഞ്ഞതിന്റെ തീരാദുഃത്തിലാണ് നാട്. പൗരപ്രമുഖരായ തളങ്കര നുസ്രത് നഗറിലെ കെ എസ് ഹബീബുല്ല ഹാജി (80), പള്ളിക്കാൽ ഇസ്ലാമിയ റോഡിലെ മുക്രി ഇബ്രാഹിം ഹാജി (74) എന്നിവരാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി വിടവാങ്ങിയത്. തളങ്കര വലിയ ജുമാ മസ്‌ജിദിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹിത്വങ്ങൾ അലങ്കരിച്ചിരുന്ന ഇരുവരുടെയും വിയോഗം പള്ളിക്കും ഏറെ നഷ്ടമാണ്.
ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടവരായിരുന്ന ഇരുവരും ജീവകാരുണ്യ സാംസ്‌കാരിക സാമൂഹ്യ മേഖലകളിൽ നിറഞ്ഞുനിന്നു. ദാനധർമങ്ങൾ ജീവചര്യയാക്കിയിരുന്ന ഇവർ പാവങ്ങൾക്ക് അത്താണിയുമായിരുന്നു. ഇവരുടെ സഹായങ്ങളെത്താത്ത മത - ഭൗതിക സ്ഥാപനങ്ങൾ കുറവായിരുന്നു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹിത്വങ്ങൾ വഹിച്ച് ചിട്ടയോടെ പ്രവർത്തിച്ച് മാതൃക കാണിച്ചു തന്നവരായിരുന്നു ഈ രണ്ട് ഇതിഹാസങ്ങളും.
ഹബീബുല്ല ഹാജി മാനജിംഗ് പാട്ണറായിരുന്ന ഇസ്ലാമിയ ടൈൽ കമ്പനി ജാതിമത ഭേദമന്യേ നൂറിലധികം പേർക്കാണ് തൊഴിലവസരം നൽകിയത്. മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ് കൗൺസിൽ അംഗം, ദഖീറതുൽ ഉഖ്റാ സംഘം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ഉറൂസ് കമീറ്റിയിൽ എപ്പോഴും നേർച വിഭാഗത്തിൻ്റെ തലവനുമായിരുന്നു.
മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ട്രഷററും കേരള മുസ്ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡണ്ടും നിരവധി സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു മുക്രി ഇബ്രാഹിം ഹാജി. മാലിക്‌ദീനാർ മഹൽ കമിറ്റി പ്രസിഡന്റ്, സഅദിയ്യ കേന്ദ്ര കമിറ്റി അംഗം, സഅദിയ്യ ആർട്സ് ആൻഡ് സയൻസ് കോളജ് എക്സിക്യൂടീവ് മെമ്പർ തുടങ്ങിയ പദവികൾ വഹിച്ചു വരികയായിരുന്നു. പള്ളിക്കാൽ മസ്‌ജിദ് അമലു സ്വാലിഹീൻ പ്രസിഡന്റായിരുന്നു.
നാടിന്റെ ഓരോ സ്പന്ദങ്ങളിലും ഒപ്പമുണ്ടായിരുന്ന ഇരുവരുടെയും ഒന്നിച്ചുള്ള വിടവാങ്ങൽ ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല. ജീവിച്ചിരുന്ന കാലത്ത് സേവനത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഇരുവരുടെയും സ്ഥാനം ജനഹൃദയങ്ങളിൽ എന്നുമുണ്ടാവും.
Keywords: Thalangara, Kasaragod, Kerala, News, Death, Obituary, Charity-fund, K.S Abdulla, College, Science, President, Two great persons died hours apart.