Tragedy | വീട്ടുകാർ ഉറങ്ങുന്നതിനിടെ പാചക വാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി
● മംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം.
● മൂന്ന് പേർക്ക് ഗുരുതരമായ പൊള്ളലേറ്റിരുന്നു.
● കുടുംബം ഉറങ്ങുന്നതിനിടെയാണ് അപകടം.
മംഗ്ളുറു: (KasargodVartha) ഉള്ളാൾ മഞ്ഞനാടി കണ്ടിഗെയിൽ വീട്ടിൽ പാചക വാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി ഉയർന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി ഫാത്തിമത്ത് മൈസയാണ് മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ മാതാവ് കുബ്റ ഡിസംബർ 13നും മൂത്ത മകൾ സുലൈഖ മഹദിയ്യ ഡിസംബർ 26നും മരണപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റൊരു മകൾ മസിയ (13) ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന അധിക എൽപിജി സിലിൻഡറിൽ നിന്നുള്ള വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൊണാജെ പൊലീസ് സ്റ്റേഷനിൽ ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഗ്യാസ് ഏജൻസിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടില്ല. തീപ്പിടുത്തം അപകടമാണെന്നാണ് അഗ്നിശമന സേനയുടെ റിപ്പോർട്ട്. ഡെപ്യൂട്ടി കമ്മീഷണർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിൽ നിന്നും റിപ്പോർട്ടുകൾ ശേഖരിച്ചിട്ടുണ്ട്. അതിനിടെ, കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ അപകടം നടന്ന വീട് സന്ദർശിക്കുകയും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
#LPGexplosion #Mangaluru #accident #tragedy #fire #safety