city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

ബദിയടുക്ക: (www.kasargodvartha.com 22.01.2022) ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ബദിയടുക്കയിലെ സായിറാം ഭട്ട് എന്നറിയപ്പെടുന്ന എൻ ഗോപാലകൃഷ്ണ ഭട്ട് (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
      
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

വീടില്ലാതെ പ്രയാസപ്പെടുന്ന നൂറുകണക്കിന് പേർക്ക് സ്വന്തമായി ഭവനം നിർമിച്ച് നൽകി കാരുണ്യത്തിന്റെ വലിയ മാതൃക അദ്ദേഹം തീർത്തിരുന്നു.
ബദിയടുക്ക സീതാംഗോളിയിലെ പരമ്പരാഗത കാർഷിക കുടുംബത്തിലായിരുന്നു സായിറാം ഭട്ടിന്റെ ജനനം. കൃഷിയിലെ വരുമാനത്തിനൊപ്പം ജ്യോതിഷത്തിലും ആയുർവേദ ചികിത്സയിലും കിട്ടുന്ന പണവും അദ്ദേഹം കാരുണ്യ പ്രവർത്തങ്ങൾക്കായി നീക്കിവെച്ചിരുന്നു.

തന്റെ തോട്ടങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നുള്ള വരുമാനത്തിലെ ഒരു പങ്ക് മാറ്റി വെച്ചാണ് അദ്ദേഹം പാവങ്ങളുടെ കണ്ണീരൊപ്പിയത്. 'എന്റെ തോട്ടത്തിലെ ഓരോ ചെടിയ്ക്കുമറിയാം, അവര്‍ വിളവ് തന്നാല്‍ അത് ഇന്നാട്ടിലെ ഏതെങ്കിലുമൊരു പാവപ്പെട്ടവന് അത്താണിയാവുമെന്ന്' - ഈ വാക്കുകളിൽ നിന്നു തന്നെ അദ്ദേഹത്തിൻ്റെ കാരുണ്യ പ്രവർത്തിയുടെ വലിപ്പം ബോധ്യമാകുന്നതായിരുന്നു.

രാവിലെ മുതല്‍ പകലന്തിയോളം തോട്ടത്തില്‍ ചെലവഴിക്കുന്ന സായിറാം ഒരു കര്‍ഷകന്‍ മാത്രമല്ല, ബദിയടുക്ക പ്രദേശത്തെ പലർക്കും കണ്‍കണ്ട ദൈവമായിരുന്നു. സ്വാമി എന്നാണ് നാട്ടുകാർ സ്‌നേഹത്തോടെ സായ്‌റാം ഗോപാലകൃഷ്ണ ഭട്ടിനെ വിളിച്ചിരുന്നത്. കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് ഒട്ടേറെ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

വീടായ 'സായ് നിലയ' യിൽ ആർക്കും സഹായം തേടി കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു .അദ്ദേഹത്തിൻ്റെ കാരുണ്യത്തിന്റെ കൈത്താങ്ങ് ലഭിക്കാത്തവർ പരിസരങ്ങളിൽ ഇല്ലെന്ന് തന്നെ പറയാം. 1995-ലെ വര്‍ഷകാലത്ത് സന്ധ്യയ്ക്ക് സായ് നിലയത്തിന്റെ വാതില്‍ക്കല്‍ വന്ന് കരഞ്ഞ് നിലവിളിച്ചതാണ് വീട് നിർമിച്ചു കൊടുക്കുന്ന സംരംഭത്തിലേക്ക് സായിറാമിനെ കൂട്ടികൊണ്ടു പോയത്.

അയാളുടെ ഓലമേഞ്ഞ കുടില്‍ കാറ്റിലും മഴയിലും നശിച്ചിരുന്നു. ഭാര്യയും കുട്ടികളുമായി എവിടേക്ക് പോണമെന്ന് അറിയില്ലെന്നും മുട്ടി വിളിക്കാവുന്ന ഒരേ ഒരു വാതില്‍ സായ് നിലയത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞാണ് അയാളും കുടുംബവും അവിടെയെത്തിയത്. അയാളുടെ ഓലമേഞ്ഞ കുടില്‍ വര്‍ഷാവര്‍ഷം പുതുക്കിപ്പണിയാന്‍ ഓലയും കവുങ്ങ് തടിയും മറ്റും നൽകി സഹായിച്ചു വന്നതും സായിറാം ഭട്ടായിരുന്നു.

ആ വര്‍ഷവും അയാള്‍ വീട് പുതുക്കിപ്പത്തിതിരുന്നതാണ്. എന്നാൽ കാറ്റിലും മഴയിലും കുടിൽ പൂർണമായും നശിച്ചു. മുന്നില്‍ നിന്ന് കരയുന്ന മനുഷ്യനോട് അടച്ചുറപ്പുള്ള വീട് കെട്ടി തരാമെന്ന് പറഞ്ഞപ്പോൾ ആയാളുടെയും കുടുംബത്തിൻ്റെയും മുഖത്തുണ്ടായ സന്തോഷമാണ് സായി റാമിനെ ഈ ഉദ്യമത്തിലേക്ക് നയിച്ചത്. താന്‍ സഹായം നല്‍കിയ ആരുടേയും പേര് വെളിപ്പെടുത്താന്‍ സായിറാം ഒരുക്കമല്ലായിരുന്നു. അവര്‍ക്കും തനിക്കുമിടയിലെ രഹസ്യമാണ് അതെന്ന ചിന്തയാണ് സായിറാം ഭട്ടിനെ നയിച്ചിരുന്നത്.

വിവരം അറിഞ്ഞ് തലചായ്ക്കാന്‍ ഇടമില്ലാത്ത പലരും സായിറാമിനെ കാണാനെത്തി. മനുഷ്യര്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ വലിയ മനുഷ്യനായി സായ്‌റാം ഭട്ട് നാട്ടുകാർക്ക് മുന്നിൽ ദൈവ ദൂതനെ പോലെ നിലകൊണ്ടു. കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം സായ്‌റാം ഭട്ട് നടത്തിയ കാരുണ്യപ്രവര്‍ത്തനം വേറിട്ടതായി മാറി. .

ബുദ്ധിശക്തിയും അധ്വാനവുമുണ്ടെങ്കില്‍ ഭൂമിയിലെ ജീവിതത്തില്‍ എന്തും നേടാനും ചെയ്യാനുമാകുമെന്നാണ് നാട്ടുകാരുടെ സ്വന്തം സ്വാമിയുടെ വിശ്വാസം. പാവപ്പെട്ടവരെ അറിഞ്ഞ് നമ്മുടെ നേട്ടങ്ങളുടെ ഒരു പങ്ക് കൊടുത്താലേ ആ നേട്ടങ്ങള്‍ക്ക് സ്ഥിരതയുണ്ടാവൂവെന്നും മരിക്കുമ്പോള്‍ നമുക്ക് ബാക്കിയാവുന്നത് നമ്മുടെ അധ്വാനമായിരിക്കില്ല. പാവപ്പെട്ടവരെ സഹായിച്ചാല്‍, അത് മാത്രമേ അവസാനത്തെ കണക്ക് പുസ്തകത്തില്‍ ഉണ്ടാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം 250-ലധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കിയ സായ്‌റാം ഭട്ട് ആദ്യകാലത്ത് വീട് വെക്കാനുള്ള സ്ഥലവും വാങ്ങി നല്‍കിയിരുന്നു. പിന്നീട് പഞ്ചായത്ത് സ്ഥലമനുവദിക്കാന്‍ തുടങ്ങിയതോടെ വീട് നിർമാണം തുടർന്നു. വിവിധ ദേശങ്ങളില്‍ നിന്നുള്ളവര്‍ സായ്‌റാം ഭട്ടിന്റെ സ്നേഹവും കരുതലും കേട്ടറിഞ്ഞു സഹായത്തിനായി 'സായ് നിലയ'ത്തിലേക്കെത്താറുണ്ടായിരുന്നു. അര്‍ഹതപ്പെട്ട ആരെയും നിരാശരയോടെ മടക്കിയിരുന്നില്ല.

വീട് നിര്‍മിച്ച് നല്‍കുന്നതിനൊപ്പം അനേകം കാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി വന്നിരുന്നു. കുടിവെള്ളമില്ലാത്തവര്‍ക്ക് കുടിവെള്ളവും, തയ്യല്‍ പഠിച്ചവര്‍ക്ക് തയ്യല്‍ മെഷീനും അടക്കം നല്‍കി വന്നിരുന്നു. ആഴ്ച തോറും മുന്നൂറിലധികം പേര്‍ പങ്കെടുക്കുന്ന മെഡികല്‍ ക്യാംപ് അടക്കം നിരവധി സേവന പ്രവര്‍ത്തനങ്ങളും നടത്തിവന്നിരുന്നു.

ഓടോറിക്ഷ നല്‍കുന്ന പദ്ധതിയും നടപ്പിലാക്കിയിരുന്നുവെങ്കിലും ചിലർ ഓടോറിക്ഷ വിറ്റ് നശിപ്പിച്ചത് കാരണം അത് നിര്‍ത്തിയിരുന്നു. സായ്‌റാം ഭട്ടിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി രാഷ്ട്രീയ നേതാക്കളടക്കം അദ്ദേഹത്തിന്റെ അടുക്കലെത്തിയിരുന്നു.

ബിനോയ് വിശ്വം മന്ത്രിയായിരിക്കെ സായിറാം ഭട്ടിനെ കാണാനെത്തിയിരുന്നു. അദ്ദേഹം നിര്‍മിച്ച് നല്‍കുന്ന വീടുകള്‍ക്ക് 40,000 രൂപ സര്‍കാര്‍ സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. നമുക്ക് കഴിയുന്നത്ര വീട് നമ്മള്‍ തന്നെ നിര്‍മിച്ചുനല്‍കിയാല്‍ പോരെ' എന്നായിരുന്നു അദ്ദേഹം മന്ത്രിയോട് ചോദിച്ചത്. സർകാർ വേറെ തന്നെ, പാവങ്ങൾക്ക് വീട് കൊടുക്കണമെന്നും സായിറാം ഭട്ട് അഭ്യർഥിച്ചു.

ഭാര്യ: സുബ്ബമ്മ. മക്കൾ: കെ എൻ കൃഷ്ണ ഭട്ട് (ബദിയടുക്ക ഗ്രാമ പഞ്ചായത് മുൻ പ്രസിഡന്റും നിലവിലെ അംഗവും), ശ്യാമള.
മരുമക്കൾ: ഈശ്വര ഭട്ട്, ഷീല കെ ഭട്ട്.

Keywords: News, Kerala, Kasaragod, Badiyadukka, Obituary, Top-Headlines, Seethangoli, Sairam Gopalakrishna Bhatt, Sairam Gopalakrishna Bhatt passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia