ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി നിര്യാതനായി
ബദിയടുക്ക: (www.kasargodvartha.com 02.12.2020) ബദിയടുക്കയിലെയും പരിസര പ്രദേശങ്ങളിലെയും ജനകീയ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി (68) നിര്യാതനായി. കാല്‍നൂറ്റാണ്ടിലേറെക്കാലം ബദിയടുക്ക സി എച്ച് സിയില്‍ സേവനം ചെയ്തിരുന്നു. മത സാമൂഹിക രംഗത്തും സുന്നീ സംഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍സ് ഫോറം (ഐ പി എഫ്) ബദിയടുക്ക ചാപ്റ്റര്‍ ചെയര്‍മാനായിരുന്നു. പെര്‍ള, ബദിയടുക്ക, മുളിയാര്‍, കരിവെള്ളൂര്‍ പി എച്ച് സികളില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്ത അദ്ദേഹം 2007 ല്‍ കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും കാസര്‍കോട് ജില്ലാ റീപ്രൊഡക്റ്റീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍ സി എച്ച്) ഓഫീസറായാണ് വിരമിച്ചത്.
ഇതിനു ശേഷം ബദിയടുക്കയില്‍ സേവനം നടത്തി വരികയായിരുന്നു. നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട ഡോക്ടറായിരുന്നു. ബദിയടുക്കയിലേയും പരിസരത്തേയും പാവപ്പെട്ട രോഗികള്‍ക്ക് എത് പാതിരാക്കും ആശ്രയിക്കാവുന്ന ഡോക്ടറായിരുന്നു അദ്ദേഹം. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം പ്രദേശത്തുകാര്‍ക്ക് വലിയ നഷ്ടം തന്നെയാണ്.
കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി സര്‍കാര്‍ ജോലി ലഭിച്ച് ബദിയടുക്കയില്‍ എത്തിയതോടെയാണ് നാട്ടുകാര്‍ക്ക് അദ്ദേഹം പ്രിയങ്കരനായത്. പ്രദേശത്ത് ജനങ്ങള്‍ക്ക് ഏത് സമയത്തും സേവനം ലഭിച്ചിരുന്ന നല്ലൊരു ഡോക്ടര്‍ ഉണ്ടായിരുന്നില്ല. രോഗികളോടുള്ള നല്ല പെരുമാറ്റവും ഇടപെഴകലും മൂലം വളരെ പെട്ടെന്ന് തന്നെ ഡോ. മുഹമ്മദ് കുഞ്ഞി നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറുകയായിരുന്നു. സര്‍കാര്‍ സര്‍വീസിലിരിക്കെ തന്നെ ഡോ. മുഹമ്മദ് കുഞ്ഞി ബദിയടുക്കയില്‍ സ്ഥിരം താമസമാക്കിയിരുന്നു. സി എച്ച് അഹ് മദ് - ഖദീജ ദമ്പതികളുടെ മകനാണ്. പാദൂര്‍ മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ മകള്‍ ഫാത്വിമത് സെറീനയാണ് ഭാര്യ. മക്കള്‍: റംശീദ് മുഹമ്മദ് കെ (എം ബി എ ബംഗുളൂറു), റാസിഫ് മുഹമ്മദ് കെ (ഫാര്‍മസിസ്റ്റ്), ഡോ. ഖദീജത്ത് റിനോശ ജദില്‍ കെ. മരുമകന്‍: ഡോ. നദീം റഹ് മാന്‍ കോഴിക്കോട്.
പാവപ്പെട്ടവരുടെയും സാധാരണക്കാരായ രോഗികളുടെയും ആശ്രയമായിരുന്ന ഡോക്ടര്‍ മുഹമ്മദിന്റെ നിര്യാണം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസ്ഡന്റ് സയ്യിദ് ഇബ് റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ് എസ് എഫ് ജില്ലാ പ്രസ്ഡന്റ് സയ്യിദ് മുനീറുല്‍ അഹ് ദല്‍ തങ്ങള്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ പേരില്‍ യൂണിറ്റുകളില്‍ പ്രാര്‍ത്ഥനാ സദസ്സുകളും മയ്യിത്ത് നിസ്‌ക്കാരവും സംഘടിപ്പിക്കാനും അഭ്യര്‍ത്ഥിച്ചു.
Keywords: Badiyadukka, News, Obituary, Kasaragod, Kerala, Death, Doctor, IPF, RCH, Popular doctor Muhammad Kunji of Badiyadukka passed away