Social Leader | പി പി നസീമ ടീച്ചർ: പഠിച്ച അതേ സ്‌കൂളിൽ അധ്യാപിക, അനുഭവസമ്പത്തുമായി രാഷ്ട്രീയത്തിലും ഉന്നത നിലയിലെത്തി; വിടവാങ്ങിയത് നവീന പദ്ധതികൾ നടപ്പിലാക്കിയ മികച്ച ഭരണാധികാരി
● അസുഖത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
● അധ്യാപികയായി സേവനം തുടങ്ങിയ നസീമ ടീച്ചർ, പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമായി.
● നസീമ ടീച്ചറുടെ വിയോഗത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നിന്നടക്കം പ്രമുഖർ അനുശോചിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) വനിതാ ലീഗ് സംസ്ഥാന ട്രഷററും അജാനൂർ ഗ്രാമപഞ്ചായത് മുൻ പ്രസിഡന്റുമായ കൊളവയലിലെ പി പി നസീമ ടീച്ചറുടെ ആകസ്മിക വിയോഗം ഏവരെയും ദു:ഖത്തിലാഴ്ത്തി. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ടീച്ചർ, കാസർകോട് ജില്ലയിലെ വനിതാ ലീഗിന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു.
2015-20 കാലഘട്ടത്തിൽ അജാനൂർ ഗ്രാമപഞ്ചായതിന്റെ പ്രസിഡന്റായിരുന്ന അവർ, നവീന പദ്ധതികളിലൂടെ പഞ്ചായതിന്റെ മുഖഛായ മാറ്റിയെടുത്തിരുന്നു. അസുഖത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
അധ്യാപികയും രാഷ്ട്രീയ നേതാവും
അധ്യാപികയായി സേവനം തുടങ്ങിയ നസീമ ടീച്ചർ, പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമായി. വനിതാ ലീഗിലെ വിവിധ പദവികൾ വഹിച്ച അവർ, കാസർകോട് ജില്ലയിലെ വനിതാ സമൂഹത്തിന്റെ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റായിരുന്ന കാലത്ത്, പഞ്ചായത്തിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കുകയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ശ്രമിക്കുകയും ചെയ്തു.
വനിതാ ലീഗ് പഞ്ചായത്, നിയോജക മണ്ഡലം, ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രടറി പദവികൾ അലങ്കരിച്ചിരുന്ന നസീമ ടീച്ചർ കഴിഞ്ഞ കമിറ്റിയിൽ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. അജാനൂർ ഗ്രാമപഞ്ചായത്തിലെ മാണിക്കോത്ത്, കൊളവയൽ, ബാരിക്കാട്, ചിത്താരി വാർഡുകളെ പ്രതിനിധീകരിച്ച അവർ 2015-20 കാലത്ത് ബാരിക്കാട് വാർഡിനെ പ്രതിനിധീകരിച്ചപ്പോഴാണ് പ്രസിഡന്റായി സേവനനുഷ്ഠിച്ചത്.
മാണിക്കോത്ത് ഫിഷറീസ് സ്കൂൾ, അജാനൂർ ഇഖ്ബാൽ ഹൈസ്‌കൂൾ, വാദി ഹുദാ, ഫറോഖ് റൗലതുൽ ഉലൂം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠിച്ച അതേ ഇഖ്ബാൾ സ്കൂളിൽ പിന്നീട് അധ്യാപികയുമായത് ചരിത്രം. നസീമ ടീച്ചറുടെ വിയോഗത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നിന്നടക്കം പ്രമുഖർ അനുശോചിച്ചു.
കൊളവയലിലെ പരേതയായ അബ്ദുൽ സലാം - പി പി ആഇശ ദമ്പതികളുടെ മകളാണ്. അതിഞ്ഞാൽ ഖാസിയായിരുന്ന കെ എച് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പൗത്രിയും കൂടിയാണ്. ഭർത്താവ്: മുഹമ്മദ് കുഞ്ഞി മാസ്റ്റർ പട്ല. മക്കൾ: മുർശിദ് മൻസൂർ, നസ്രീൻ. മരുമകൻ: നൗശാദ് പരയങ്ങാനം. സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ നാസർ, അബ്ദുൽ ബശീർ, മറിയം, സഫിയ, മൈമൂന, നഫീസ, ഫൗസിയ, പരേതനായ പി പി കുഞ്ഞബ്ദുല്ല. ഖബറടക്കം വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ കൊളവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നസീമ ടീച്ചർ വനിതാലീഗിന് അടിത്തറ പാകിയ നേതാവ്: കല്ലട്ര മാഹിൻ ഹാജി
കാസർകോട്ടെ വനിതാ ലീഗിന് അടിത്തറ പാകുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവും അധ്യാപികയുമായിരുന്ന പി.പി. നസീമ ടീച്ചറുടെ നിര്യാണത്തിൽ. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അനുശോചനം രേഖപ്പെടുത്തി.
ഒരു അധ്യാപിക എന്ന നിലയിലുള്ള അവരുടെ പക്വതയും, പഞ്ചായത്ത് പ്രസിഡന്റായിരുന്നതിലെ ഭരണപരിചയവും സ്ത്രീകളിൽ അവർക്ക് ആദരവും സ്നേഹവും നേടിക്കൊടുത്തു. ചിട്ടയായ സംഘടനാ വൈഭവം കൊണ്ട് വനിതാ ലീഗിന്റെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്കും കെ.എ.ടി.എഫ്. ന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കും അവർക്ക് എത്താൻ കഴിഞ്ഞു.
നിഖില മേഖലകളിലും അവരുടെ വിയോഗം തീരാ നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മാഹിൻ ഹാജി പറഞ്ഞു.
നസീമ ടീച്ചറുടെ വിയോഗം: എസ് ഇ യു അനുശോചിച്ചു
സർവ്വീസ് സംഘടനാ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്.) വനിതാ വിംഗ് സംസ്ഥാന ചെയർപേഴ്സണും, സജീവ സാമൂഹിക പ്രവർത്തകയുമായിരുന്ന പി.പി. നസീമ ടീച്ചറുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്. ഇ. യു.) സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത്, സെക്രട്ടറി ഒ.എം. ഷെഫീക്ക്, ജില്ലാ പ്രസിഡന്റ് കെ.എൻ .പി. മുഹമ്മദലി, സെക്രട്ടറി ഒ.എം. ഷിഹാബ് എന്നിവർ അടക്കമുള്ള സംഘടനാ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഒരു അധ്യാപിക എന്ന നിലയിൽ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ നസീമ ടീച്ചർ, സർവ്വീസ് സംഘടനകളിലും സജീവമായ പങ്കാളിത്തം സ്വീകരിച്ചിരുന്നു. കെ.എ.ടി.എഫ്. വനിതാ വിംഗിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹിക പരിപാടികൾക്ക് നേതൃത്വം നൽകി. അവരുടെ അപ്രതീക്ഷിതമായ വിയോഗം സർവ്വീസ് സംഘടനകളിലും വിദ്യാഭ്യാസ മേഖലയിലും വലിയ ശൂന്യത സൃഷ്ടിച്ചതായി നേതാക്കൾ പറഞ്ഞു.
#PPNaseem, #WomenEmpowerment, #PoliticalLeader, #Educator, #Kasaragod, #SocialLeader