Tragedy | നീലേശ്വരം അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം 5 ആയി
● 50 ശതമാനത്തിലധികം പൊള്ളലേറ്റ റജിത്ത് ആണ് മരിച്ചത്
● 80-ഓളം പേർ ചികിത്സയിലാണ്
● പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സർകാർ വഹിക്കും
നീലേശ്വരം: (KasargodVartha) തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ അഞ്ചായി ഉയർന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിനാന്നൂർ മുണ്ടോട്ടെ കെ വി റജിത്ത് (24) ആണ് ശനിയാഴ്ച രാവിലെ 9.45 മണിയോടെ മംഗ്‌ളൂറിലെ ആശുപത്രിയില്‍വെച്ച് മരിച്ചത്.
കെഎസ്ഇബിയില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു റജിത്ത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്, കൊല്ലംപാറയിലെ ബിജു, കിണാവൂരിലെ രതീഷ്, കിണാനൂര്‍ ചോയ്യങ്കോട്ടെ സി സന്ദീപ് എന്നിവരാണ് നേരത്തെ മരിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. പൊള്ളലേറ്റ 80 ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്. മരിച്ചവർക്ക് നാല് ലക്ഷം രൂപ വീതം സംസ്ഥാന സർകാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സ തുക വഹിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ഇതിന്റെ ഉത്തരവിറങ്ങുകയും ചെയ്തിട്ടുണ്ട്.
#KeralaAccident #TempleFestivalSafety #FirecrackerDisaster #NeelēśvaramNews