Tragedy | നീലേശ്വരം വെടിപ്പുര അപകടത്തില്‍ മരണസംഖ്യ ഉയരുന്നു; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, ആകെ മരണം നാലായി
● തുരിത്തി ഓര്‍ക്കളത്തെ സ്വദേശി ശാബിന്‍ രാജ്.
● കരിന്തളം മഞ്ഞളംകാട്ടെ കെ ബിജു.
● ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി രതീഷ്.
● ചോയ്യങ്കോട് കിണാവൂരിലെ സന്ദീപ്.
കാസര്‍കോട്: (KasargodVartha) നീലേശ്വരം വെടിപ്പുര അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തുരിത്തി ഓര്‍ക്കളത്തെ സ്വദേശി ശാബിന്‍ രാജ് (Shabin Raj-19) ആണ് ഞായറാഴ്ച രാത്രി 12 മണിക്ക് മരിച്ചത്. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ മരിച്ചിരുന്നു. കരിന്തളം മഞ്ഞളംകാട്ടെ കെ ബിജു (38) ആണ് ഞായറാഴ്ച രാത്രി 10 മണിയോടെ മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി രതീഷ് എന്നയാള്‍ ഞായറാഴ്ച രാവിലെയും ചോയ്യങ്കോട് കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകിട്ടും മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ഇരുവരും.
നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. നിരവധിപേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയില്‍ തുടരുകയാണ്. തെയ്യം ഉറഞ്ഞാടുന്ന സമയത്ത്, തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്. കേസില്‍ പ്രതികളായ ക്ഷേത്ര കമിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും കാസര്‍കോട് ജില്ലാ സെഷന്‍ കോടതി ജാമ്യം റദ്ദാക്കിയിട്ടുണ്ട്.
സംഭവത്തില്‍ എഡിഎമ്മിന്റെ അന്വേഷണ റിപോര്‍ട് ഉടന്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന് കൈമാറും. കേസില്‍ ക്ഷേത്ര ഭാരവാഹികളായ നാല് പ്രതികള്‍ ഒളിവിലാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
#Nileshwaram #firecrackeraccident #Kerala #death #injured #safety #festival #tragedy