കുടക് യുവതിയുമായുള്ള വിവാഹം നടക്കാനിരിക്കെ കുണ്ടംകുഴിയിലെ ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍; കടബാധ്യത ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ്
Oct 13, 2015, 11:07 IST
കുണ്ടംകുഴി: (www.kasargodvartha.com 13/10/2015) കുടക് യുവതിയുമായുള്ള വിവാഹം നടക്കാനിരിക്കെ കുണ്ടംകുഴിയിലെ ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ പുഷ്പയുടെ മകന് വിവേകിനെയാണ് (29) തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കുടക് സ്വദേശിനിയായ യുവതിയുമായി വിവേകിന്റെ വിവാഹം നവംബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മാതാവ് പുഷ്പ കൂലിപ്പണിക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ വിവേക് വീട്ടില്‍ തനിച്ചായിരുന്നു. വൈകുന്നേരം ജോലികഴിഞ്ഞ് പുഷ്പ തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്ത് അടുക്കളയിലേക്കുള്ള വാതില്‍ പൂട്ടിക്കിടക്കുന്നത് കണ്ടു. പുഷ്പ ജനലിലൂടെനോക്കിയപ്പോഴാണ് വിവേകിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
നിലവിളികേട്ട് പരിസരവാസികളെത്തുകയും വാതില്‍ തുറന്ന് അകത്തുകയറുകയും ചെയ്തപ്പോഴേക്കും വിവേക് മരണപ്പെട്ടതായി വ്യക്തമായി. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിവേക് സാമ്പത്തിക ബാധ്യതമൂലം കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നും ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. മദ്യപാനശീലവും വിവേകിനുണ്ടായിരുന്നു. വിനീത ഏക സഹോദരിയാണ്.
Keywords: Kundamkuzhi, Suicide, Obituary, Kasaragod, Kerala, Vivek, Man found dead hanged