city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കയ്യൂര്‍: (www.kasargodvartha.com 06/02/2015) കയ്യൂര്‍ പോരാളിയും സ്വാതന്ത്ര്യസമര സേനാനിയുമായ മൊഴക്കോത്തെ കുറുവാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അന്ത്യം. വര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അടുവേനി പൊതുശ്മശാനത്തില്‍.

മൃതദേഹം രാവിലെ എട്ടുമുതല്‍ 11 വരെ മൊഴക്കോം നന്ദാവനം സിപിഎം ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കയ്യൂര്‍ കേസിലെ 16-ാം പ്രതിയായിരുന്നു കുറുവാടന്‍. സഹോദരങ്ങളായ രാമന്‍നായരും കൃഷ്ണന്‍നായരും കയ്യൂര്‍ കേസില്‍ പ്രതികളായിരുന്നു. ഇവര്‍ക്കൊപ്പം 11 മാസം ജയിലില്‍ കഴിഞ്ഞശേഷമാണ് മോചിതനായത്.

1978ലെ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 19 ദിവസവും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കരിന്തളം നെല്ലെടുപ്പ് കേസിലും പ്രതിയായിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നതിനുശേഷം സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ നന്ദാവനം ബ്രാഞ്ച് അംഗമാണ്. കഴിഞ്ഞവര്‍ഷംവരെ പാര്‍ട്ടിയുടെ എല്ലാ പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നു.

മാധവിയാണ് ഭാര്യ. മക്കള്‍: സാവിത്രി, സിപിഎം ക്ലായിക്കോട് ലോക്കല്‍ കമ്മിറ്റി അംഗം സി രാഘവന്‍, സരസ്വതി, പാര്‍വതി, ദേവകി, വടകരയിലെ വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭാനുമതി, പരേതയായ രമ. മരുമക്കള്‍: പരേതനായ ഉക്കാരന്‍ നായര്‍, പാര്‍വതി, ബാലകൃഷ്ണന്‍ (ഇരുവരും പെരിയങ്ങാനം), സിപിഎം കാസര്‍കോട് ജില്ലാസെക്രട്ടറിയറ്റ് അംഗവും കാസര്‍കോട് ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി ജനാര്‍ദനന്‍.

സഹോദരങ്ങള്‍: പരേതരായ അക്കുഅമ്മ, കുറുവാടന്‍ രാമന്‍നായര്‍, കുടുവാടന്‍ കൃഷ്ണന്‍നായര്‍ (മൂവരും സ്വാതന്ത്ര്യ സമരസേനാനികളായിരുന്നു), ചിരുതൈ അമ്മ, പാര്‍വതിയമ്മ, മാണിയമ്മ. കുറുവാടന്‍ നാരായണന്‍ നായരുടെ നിര്യാണത്തില്‍ പി. കരുണാകരന്‍ എം.പിയും കെ പി സതീഷ്ചന്ദ്രന്‍നും, കെ കുഞ്ഞിരാമന്‍ എംഎല്‍എയും അനുശോചിച്ചു.

കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കുറുവാടന്‍ ഉജ്വലനായ പോരാളിയായിരുന്നു: പി കരുണാകരന്‍

കാസര്‍കോട്: ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവിതം സമര്‍പിച്ച ഉജ്വലനായ പോരാളിയായിരുന്നു കുറുവാടന്‍ കൃഷ്ണന്‍ നായരെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി പറഞ്ഞു. കുറുവാടന്റെ നിര്യാണത്തോടെ കയ്യൂര്‍ പോരാളികളില്‍ അവസാനത്തെ കണ്ണിയാണ് നഷ്ടമായത്. ഈ കേസിലുള്‍പ്പെട്ട ഒരാള്‍ മാത്രമാണ് ഇനി ജീവിച്ചിരിക്കുന്നത്.

രാജ്യത്താകെയുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് ഊര്‍ജമായ കയ്യൂര്‍ സംഭവത്തിലെ 16-ാം പ്രതിയായിരുന്നു ധീരനായ കുറുവാടന്‍. 17-ാം വയസില്‍ തന്റെ രണ്ട് സഹോദരന്മാരോടൊപ്പമാണ് കയ്യൂര്‍ കേസില്‍ ജയിലില്‍ കഴിഞ്ഞത്.

അന്ത്യനാളുകളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന കുറുവാടന്റെ ത്യാഗപൂര്‍ണമായ ജീവിതം വരുംതലമുറയ്ക്കും മാതൃകയാണ്. സമ്പന്ന നായര്‍ കുടുംബത്തില്‍ ജനിച്ച കുറുവാടന്‍ സഹോദരങ്ങള്‍ ജന്മിത്വത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും കിരാതവാഴ്ചക്കെതിരെയുള്ള പോരാട്ടത്തില്‍ ആകൃഷ്ടരായാണ് കമ്യൂണിസ്റ്റുകാരായത്.

മര്‍ദനവും ജയിലും മുന്നില്‍കണ്ട് സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയ കുടുംബമായിരുന്നു ഇവരുടേത്. നാരായണന്‍ നായരുള്‍പ്പെടെ നാലുപേര്‍ സ്വാതന്ത്ര്യ സമരസേനാനികളായിരുന്നു. പോലീസിന്റെയും ഗുണ്ടകളുടെയും കൊടിയ അക്രമങ്ങളെ അതിജീവിച്ചാണ് ഇവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായത്. കുറുവാടന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായി പി കരുണാകരന്‍ പറഞ്ഞു.


കുറുവാടന്‍ ധീരനായ കമ്യൂണിസ്റ്റ്: കെ.പി സതീഷ്ചന്ദ്രന്‍
കാസര്‍കോട്: കുറുവാടന്‍ നാരായണന്‍ നായരുടെ നിര്യാണത്തില്‍ സിപിഎം ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ അനുശോചിച്ചു. രാജ്യത്താകെയുള്ള കമ്യൂണിസ്റ്റ് പോരാളികള്‍ക്ക് ആവേശം പകരുന്ന കയ്യൂരിന്റെ ധീരനായ പോരാളിയായിരുന്നു കുറുവാടന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വിലമതിക്കാനാവാത്ത മുതല്‍കൂട്ടാണ്.

പോലീസിന്റെയും ജന്മി ഗുണ്ടകളുടെയും കിരാതമായ മര്‍ദനത്തെ അതിജീവിച്ചാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായത്. കയ്യൂര്‍ സംഭവത്തിനുശേഷം പോലീസ് നടത്തിയ നരനായാട്ടിന്റെ എല്ലാ കെടുതിയുമനുഭവിച്ച കുടുംബാംഗമാണ് കുറുവാടന്റേത്. പിന്നീട് ജില്ലയില്‍ നടന്ന നിരവധി കര്‍ഷക സമരങ്ങളിലും മുന്‍നിര പോരാളിയായിരുന്നു.

മിച്ചഭൂമി സമരത്തിലും നെല്ലെടുപ്പ് സമരത്തിലും പങ്കെടുത്ത് ജയില്‍വാസമുള്‍പ്പെടെ അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും ജില്ലയിലെ പ്രസ്ഥാനത്തിന് ആവേശകരമായിരിക്കും. സതീഷ്ചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എയും എ കെ നാരായണനും കുറുവാടന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Kayyur, CPM, Death, Obituary, Karuvadan Narayanan Nair. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia