Obituary | 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെപി പ്രേമനെ അനശ്വരനാക്കിയ കുഞ്ഞികണ്ണന്‍ ചെറുവത്തൂര്‍ വിടവാങ്ങി
● കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
● ശനിയാഴ്ച പുലര്‍ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
● സിനിമാ - നാടക മേഖലയില്‍ തിളങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ചെറുവത്തൂര്‍: (KasargodVartha) 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ കെ പി പ്രേമനെ അനശ്വരനാക്കിയ കുഞ്ഞികണ്ണന്‍ ചെറുവത്തൂര്‍ വിടവാങ്ങി. 85 വയസായിരുന്നു. ശനിയാഴ്ച പുലര്‍ചെ കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
വടക്കേ മലബാറിലെ നാടക പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന ഒരു വലിയ വ്യക്തിത്വമാണ് മണ്‍മറഞ്ഞത്. ചെറുവത്തൂര്‍ മേഖലയിലെ നാടക പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാള്‍ കൂടിയാണ് കുഞ്ഞികണ്ണന്‍. സിനിമാ - നാടക മേഖലയില്‍ തിളങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് നാടിന് അഭിമാനമായ നടനാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കണ്ണേട്ടന്‍.
കാസര്‍കോട്ട് പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കാസര്‍കോട് പ്രസ് ക്ലബിന്റെ സെക്രടറി, പ്രസിഡൻ്റ് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്ന പരേതനായ കെ കൃഷ്ണന്റെ അമ്മാവന്‍ കൂടിയാണ് കുഞ്ഞികണ്ണന്‍.
മൃതദേഹം രാവിലെ ഒന്‍പത് മണിയോടെ നാട്ടിലെത്തിച്ചു. ഭാര്യ: ജാനകി (ആരോഗ്യവകുപ്പില്‍ നഴ്‌സായിരുന്നു). മക്കള്‍: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.
മരണ വിവരമറിഞ്ഞ് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധിപേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാ പ്രേമികളുടെ കയ്യടി വാങ്ങിയ താരമാണ് കുഞ്ഞികണ്ണന്‍ ചെറുവത്തൂര്‍.
#KunjikannanCheruvathur #NnaThaanCaseKodu #MalayalamCinema #RIP #actor #Kerala #cinema