Tragedy | മുന്‍ ഡിവൈഎഫ്ഐ നേതാവ് സച്ചിതാറൈയുടെ തൊഴില്‍ തട്ടിപ്പിനിരയായ യുവതിയുടെ മാതാവ് വീട്ടിനകത്ത് മരിച്ച നിലയില്‍; '12.70 ലക്ഷം നഷ്ടപ്പെട്ടു'
● ഭര്‍ത്താവ് സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍ പോയിരുന്നു.
● മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
ബദിയടുക്ക: (KasargodVartha) മുന്‍ ഡിവൈഎഫ്ഐ നേതാവ് സച്ചിതാറൈയുടെ ജോലി തട്ടിപ്പിനിരയായ യുവതിയുടെ മാതാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളത്തടുക്ക നെല്ലിക്ലായയിലെ അരവിന്ദാക്ഷന്റെ ഭാര്യ സരോജിനി(Sarojini-50)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ ആരുമില്ലാത്ത നേരത്താണ് സംഭവം. സച്ചിതാറൈയുടെ തൊഴില്‍ തട്ടിപ്പിനിരയായി 12.70 ലക്ഷം രൂപ നഷ്ടപ്പെട്ട മനോവേദനയിൽ ഇവർ ജീവനെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. 30 ഓളം പോരാണ് സച്ചിതാറൈയുടെ തൊഴില്‍ തട്ടിപ്പിനിരയായത്.
ഭര്‍ത്താവ് അരവിന്ദാക്ഷന്‍ സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് സരോജിനിയെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നിലവിളി കേട്ട് ഓടികൂടിയ പ്രദേശവാസികള്‍ ഉടന്‍തന്നെ കെട്ട് അറുത്ത് മാറ്റി ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ടിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കള്‍: അമൃത, അനിത, അനീഷ. മരുമകന്‍: വിജിന്‍. സച്ചിതാറൈ സരോജിനിയുടെ മൂത്ത മകള്‍ അമൃതക്ക് സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 12.70 ലക്ഷം രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പരാതി. ആ സംഭവത്തില്‍ അമൃതയുടെ പരാതിയില്‍ ബഡിയടുക്ക പൊലീസ് സച്ചിതക്കെതിരെ കേസെടുത്തിരുന്നു. സ്വന്തം ആഭരണങ്ങളും വിറ്റും പണയംവെച്ചും മറ്റുള്ളവരോട് കടം വാങ്ങിയുമാണ് സച്ചിതാറൈക്ക് പണം കൊടുത്തത്. ചതിയില്‍പെട്ടതെന്ന് ബോധ്യപ്പെട്ടതോടെ, സരോജിനി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതെന്ന് വീട്ടുകാര്‍ സൂചിപ്പിച്ചു.
അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സച്ചിതാറൈ അറസ്റ്റിലായി കൈക്കുഞ്ഞിനോടൊപ്പം കണ്ണൂര്‍ വനിതാ ജിയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരെയുള്ള കേസ് പൊലീസ് ഇതുവരെ ഗൗരവമായി എടുക്കുകയോ, തട്ടിപ്പ് നടത്തി സമ്പാദിച്ച പണം എന്തുചെയ്തുവെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് വഞ്ചനക്ക് ഇരയായവര്‍ ആരോപിച്ചു.
#JobScam #Suicide #DYFI #Kerala #FinancialFraud #MentalHealth #JusticeForVictims