കുത്തിവെപ്പിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു; ജനറല്‍ ആശുപത്രിയില്‍ ബന്ധുക്കളുടെ ബഹളം
Mar 27, 2013, 00:18 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കുത്തിവെപ്പിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. സംഭവത്തെ തുര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചു. ആദൂര്‍ ഗാളിമുഖ കര്‍ന്നൂര്‍ കുദുക്കുളിയിലെ നാരായണന്റെ ഭാര്യ ചെറിയമ്മ എന്ന ശാരദ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം. ആസ്തമ രോഗത്തിന് മുള്ളേരിയ ആശുപത്രിയിലെ ഡോ. സന്തോഷ് രാജിന്റെ കീഴില്‍ ചികിത്സയിലായിരുന്നു ശാരദ. വിദഗ്ദ്ധ ചികിത്സയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോകാന് ആവശ്യപ്പെടുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് ശാരദയെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സ്ത്രികളുടെ വാര്‍ഡിലേക്ക് മാറ്റിയ ശേഷം ഇവരെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നേഴ്‌സുമാര്‍ ഇഞ്ചംഗ്ഷന്‍ നല്‍കുകയായിരുന്നു.
കുത്തിവെപ്പ് നടത്തിയതിന് ശേഷം അസ്വാസ്ഥ്യം പ്രകടിപ്പിച്ച വീട്ടമ്മ അല്‍പസമയത്തിനുള്ളില്‍ മരണപ്പെടുകയായിരുന്നു. വീട്ടമ്മയുടെ മരണത്തെ തുടര്‍ന്ന് പ്രകോപിതരായ ബന്ധുക്കള്‍ ബഹളംവെക്കുകയും നേഴ്‌സുമാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവര്‍ ചേര്‍ന്ന് ഇവരെ താഴത്തെ നിലയിലെത്തിച്ചെങ്കിലും അവിടെവെച്ചും ഏതാനുംപേര്‍ നഴ്‌സുമാരെ കൈയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞു.
ഡ്യൂട്ടി ഡോക്ടറും മറ്റു ജീവനക്കാരും ചേര്‍ന്ന് ഇവരെ തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയും വിവരമറിഞ്ഞെത്തിയ കാസര്‍കോട് സി.ഐ സി.കെ സുനില്‍ കുമാര്‍, ആദൂര്‍ സി.ഐ എ സതീശ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ സമാധാനിപ്പിക്കുകയായിരുന്നു. വന്‍പോലീസ് സംഘം ജനറല്‍ ആശുപത്രിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി ബുധനാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
മക്കള്‍: പുഷ്പ, ബേബി, ഗണേശ്. മരുമകന്‍: നാരായണന്‍. ശാരദയുടെ മകള്‍ ബേബിയുടെ വീവാഹ നിശ്ചയം ഏതാനും ദിവസം മുമ്പാണ് നടന്നത്. വേലക്കുന്നിലെ രവീന്ദ്രനുമായാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. ഏകസഹോദരന്‍ കൃഷ്ണന്‍.
Keywords: Kerala, Kasaragod, Police, house wife. dies, hospital, doctors, Injection, Vaccination, Adhur, Adoor, family, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.