സന്ദീപിന്റെ മരണം സംബന്ധിച്ച് കള്ളപ്രചരണത്തിലൂടെ ഹര്‍ത്താല്‍ നടത്തിയ ബി ജെ പി ജനങ്ങളോട് മാപ്പുപറയണം: കെ പി സതീഷ്ചന്ദ്രന്‍
Apr 10, 2017, 11:34 IST
കാസര്‍കോട്: (www.kasargodvartha.com 10.04.2017) ബിഎംഎസ് പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായ ചൗക്കിയിലെ സന്ദീപിന്റെ സ്വാഭാവിക മരണം പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് പ്രചരിപ്പിച്ച് ഹര്‍ത്താല്‍ നടത്തിയ ബിജെപി നേതൃത്വം ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ നിസാര സംഭവങ്ങളെ രാഷ്ട്രീയവത്കരിച്ച് കലാപമുണ്ടാക്കുകയെന്നത് ബിജെപിയുടെ പതിവ് ശൈലിയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിഎംഎസ് പ്രവര്‍ത്തകന്‍ കെ സന്ദീപ് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിലാണ് മരിച്ചതെന്ന പ്രചാരണവും ഹര്‍ത്താലും അക്രമ സംഭവങ്ങളും. സന്ദീപിന്റേത് സ്വാഭാവിക മരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ബിജെപി നേതൃത്വം ജനങ്ങളോട് തെറ്റ് ഏറ്റുപറയാന്‍ തയ്യാറാകണം.
പരസ്യ മദ്യപാനത്തിലേര്‍പ്പെട്ടവരെ പിടികൂടാനാണ് കറന്തക്കാട് ബീരാന്ത്‌വയലിലെ കൃഷി വകുപ്പിന്റെ വിത്തുല്‍പാദന കേന്ദ്രത്തില്‍ പോലീസെത്തിയത്. വിത്തുല്‍പാദന കേന്ദ്രം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. വിത്തുല്‍പാദന കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും സ്ഥിരം ഭീഷണയായ സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയില്‍ കുഴഞ്ഞുവീണാണ് സന്ദീപ് മരിച്ചത്.
എന്നാല്‍ വസ്തുതകള്‍ അന്വേഷിക്കാതെ പോലീസ് മര്‍ദ്ദനത്തിലാണ് ബിഎംഎസ് പ്രവര്‍ത്തകന്‍ മരിച്ചതെന്ന് കള്ളപ്രചാരണം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ഇതിലൂടെ ജില്ലയിലെ ക്രമസാമാധാനം തകര്‍ക്കാനാണ് ബി ജെ പി ലക്ഷ്യമിട്ടത്. നിയമം െൈകയിലെടുക്കാനുള്ള ബിജെപി ഗൂഢനീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്ന് സതീഷ്ചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്തിയവരെ ഇരുപത്തിനാലുമണിക്കൂറിനകം പിടികൂടിയ പോലീസിനെ ഏവരും പ്രശംസിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിലൂടെ കലാപത്തിന് കോപ്പുകൂട്ടിയവര്‍ക്ക് ഇത് ദഹിച്ചില്ല. അവരാണ് സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വ്യാജ ആരോപണവുമായി രംഗത്തിറങ്ങിയത്.
എന്നാല്‍ ബിഎംഎസ് പ്രവര്‍ത്തകന്റെ ദേഹത്ത് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് കണ്ടെത്തിയതോടെ ബിജെപി ഒറ്റപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ബിജെപിക്ക് തിരിച്ചടിയാണ്. സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട സാഹചരത്തില്‍ ബിജെപി തെറ്റ് ഏറ്റുപറയാനുള്ള ആര്‍ജവം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Against, Harthal, BJP, Obituary, Apology, Sandeep, Case.