city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെയ്യംകലയുടെ കുലപതി ചിണ്ടന്‍ കര്‍ണ്ണമൂര്‍ത്തി അന്തരിച്ചു

കുറ്റിക്കോല്‍:(www.kasargodvartha.com 30/04/2018) കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രത്തില്‍ മൂന്നു പതിറ്റാണ്ടുകാലം കാളരാത്രി ഭഗവതിയെ കെട്ടിയാടി ഭക്തര്‍ക്ക് ഭഗവതി ദര്‍ശനം നല്‍കിയ കോലധാരി കക്കപ്രയത്ത് ചിണ്ടന്‍ പെരിയ കര്‍ണാമൂര്‍ത്തി അന്തരിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലായി മൂവായിരത്തഞ്ഞൂറോളം തെയ്യക്കോലം കെട്ടിയാടുകയും പ്രദേശങ്ങളിലെ വയനാട്ടുകുലവന്‍ ദേവസ്ഥാനങ്ങളില്‍ ഇരുന്നൂറോളം വായനാട്ടുകുലവനെ അരങ്ങിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

പെരിയ മീത്തല്‍ തറവാട്ടില്‍ ഊര്‍പ്പഴശീശ്വര തെയ്യത്തിനാണ് ആദ്യ ചിലമ്പണിഞ്ഞത്. അതിനും മുമ്പേ പന്ത്രണ്ടാം വയസില്‍ ആടിവേടന്‍ തെയ്യം കെട്ടി. തൃക്കണ്ണാട് മുതല്‍ കാവേരി വരെയും ദക്ഷിണകന്നടമേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും പ്രധാന തെയ്യക്കാരനായി. വെളിച്ചപ്പാടന്‍ തെയ്യം, പുള്ളികരിങ്കാളി, ചൂളിയാര്‍ ഭഗവതി, കന്നിക്കൊരു മകന്‍, പുള്ളിപ്പൂവന്‍, അരീക്കര ഭഗവതി, നടയില്‍ ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി, രക്തജാതന്‍, വേട്ടയ്‌ക്കൊരു മകന്‍, ഐവര്‍ തെയ്യങ്ങള്‍, കാലിച്ചേകവന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വയനാട്ടുകുലവന്‍ തെയ്യം, കാളരാത്രി ഭഗവതി തുടങ്ങി മൂവായിരത്തോളം തെയ്യക്കോലങ്ങള്‍ കെട്ടിയാടി.

തെയ്യംകലയുടെ കുലപതി ചിണ്ടന്‍ കര്‍ണ്ണമൂര്‍ത്തി അന്തരിച്ചു


ചിണ്ടന്‍ പെരിയ കര്‍ണാമൂര്‍ത്തി ഏറ്റവും കൂടുതല്‍ കെട്ടിയാടിയത് ഉത്തരമലബാറിലെ വിശ്വാസികളുടെ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവന്‍ തൊണ്ടത് വയനാട്ടുകുലവനെയാണ്. കുറ്റിക്കോല്‍ ബേത്തൂര്‍ കുന്നത്ത് തറവാട്ടിലാണ് ആദ്യം ചൂട്ടൊപ്പിച്ചത്. പെരിയ പരപ്പക്കെട്ടില്‍ നടന്ന തെയ്യം കെട്ടിലാണ് കണ്ടനാര്‍ കേളനെ ആദ്യം അരങ്ങിലെത്തിച്ചത്.

1974 -ല്‍ ചിറക്കല്‍ കോവിലകം കേരളവര്‍മ രാജാവില്‍ നിന്നും 'കച്ചും ചിരികയും' വാങ്ങി കര്‍ണാമൂര്‍ത്തിയായി ആചാരം കൊണ്ടു. തൃക്കണ്ണാട് മുതല്‍ കാവേരി വരെയാണ് അധികാര പരിധി. തെയ്യക്കോലം വ്രതാനുഷ്ഠാനങ്ങളുടെ നാളുകളാണ്. തെയ്യം കെട്ടുമ്പോള്‍ 'വാക്കും ചേലും' ഒത്തു നിക്കണം. ഓരോ തെയ്യം കെട്ടുമ്പോഴും മനസ്സുരുകി പ്രാര്‍ത്ഥിക്കും. ഭംഗിയായി മുഴുമിപ്പിക്കാന്‍ കഴിയണേയെന്ന്. ആത്മാര്‍ത്ഥതയോടെ ചെയ്യും; ആരാധനാമൂര്‍ത്തികള്‍ കൈവെടിയില്ല.

അച്ഛന്‍ ചിരുകണ്ടന്‍ കര്‍ണമൂര്‍ത്തി. അമ്മ കാരിച്ചി. ഇവരുടെ ഇളയ സന്താനമായി 1931- ല്‍ ആണ് ജനനം. ബാല്യത്തില്‍ തന്നെ അമ്മ നഷ്ടമായി. തുടര്‍ന്ന് അച്ഛനും. താനൂരിലെ അമ്മാവന്‍ കര്‍ത്തമ്പു കീഴൂര്‍ കര്‍ണമൂര്‍ത്തിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പരവനടുക്കം ഗവ. യു.പി സ്‌കൂളില്‍. തെയ്യം കെട്ടുന്നതിനു അമ്മാവന്‍ തന്നെയാണ് ഗുരു. താനൂരില്‍ നിന്നും കുറ്റിക്കോലിലേക്കു ജേഷ്ഠസഹോദരന്‍ അമ്പു പെരിയ കര്‍ണമൂര്‍ത്തി കൂട്ടികൊണ്ടു വന്നു. സമൂഹത്തില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും ജീവിതാനുഭവത്തില്‍ നിന്നും കിട്ടിയ ഉപദേശങ്ങളും ജ്ഞാനവും ജീവിതത്തിന് എന്നും വഴികാട്ടിയായെന്ന് ഒരു പുരുഷായുസ്സ് തെയ്യത്തിനായി ഉഴിഞ്ഞു വെച്ചു.

വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളില്‍ നിന്നും ആദരവും അംഗീകാരവും ലഭിച്ചിരുന്നു. കഴിഞ്ഞ തിരുവോണനാളില്‍ കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. കുറ്റിക്കോലില്‍ കൊച്ചുവീട്ടില്‍ ഭാര്യ കാര്‍ത്യായനിക്കൊപ്പം താമസിച്ചു വരികയായിരുന്നു. ആദ്യ ഭാര്യ മാണിയില്‍ ഒരു മകളുണ്ട്. പേര് ശാരദ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuttikol,Kasaragod, Death, Obituary,Chindan Karnamoorthi passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia