കാര്‍ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തില്‍ ആദ്യമായി പോകെറ്റ് കാര്‍ടൂണ്‍ പരിചയപ്പെടുത്തിയ കലാകാരന്‍
കൊച്ചി: (www.kasargodvartha.com 06.10.2021) പ്രശസ്ത കാര്‍ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ചെ 3.30 മണിയോടെയായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ പോകെറ്റ് കാര്‍ടൂണ്‍ രചയിതാവാണ്.
കേരളത്തില്‍ കാര്‍ടൂണുകളെ ജനകീയമാക്കിയ യേശുദാസന്‍ മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ടൂണിസ്റ്റാണ്. ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവന്‍' എന്ന കഥാപാത്രത്തിലൂടെ യേശുദാസന്‍ അവതരിപ്പിച്ച കാര്‍ടുണുകള്‍ മലയാളത്തിലെ ആദ്യത്തെ 'പോകെറ്റ്' കാര്‍ടൂണാണ്. വനിതയിലെ 'മിസിസ് നായര്‍', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്', 'ജൂബാ ചേട്ടന്‍' എന്നീ ജനപ്രിയ കാര്‍ടൂണ്‍ കഥാപാത്രങ്ങളും യേശുദാസിന്റെ സൃഷ്ടിയാണ്. കേരള കാര്‍ടൂണ്‍ അകാഡെമിയുടെ സ്ഥാപക അധ്യക്ഷനായ യേശുദാസന്‍ കേരള ലളിതകലാ അകാഡെമിയുടെ ഉപാധ്യക്ഷനും അധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1963 ല്‍ ഇന്‍ഡ്യന്‍ കാര്‍ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡെല്‍ഹിയിലെ ശങ്കേഴ്‌സ് വീക്‌ലിയില്‍ ചേര്‍ന്നു. ഇവിടെ നിന്ന് ജനയുഗത്തിലും പിന്നീട് 1985 ല്‍ മലയാള മനോരമ ദിനപത്രത്തിലും ചേര്‍ന്നു. 23 വര്‍ഷത്തോളം സ്റ്റാഫ് കാര്‍ടൂണിസ്റ്റായി മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചു. മെട്രോ വാര്‍ത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട് അദ്ദേഹം.
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: യേശുദാസന്റെ നിര്യാണത്തിലൂടെ കാര്‍ടൂണ്‍ മേഖലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തന്റെ വരകളില്‍ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല നിര്‍ഭയം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക കൂടിയാണ് യേശുദാസന്‍ ചെയ്തത്.
സമഗ്ര സംഭാവനക്കുള്ള കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് സാമൂഹ്യ പ്രതിബദ്ധതയുള്ള സമ്പൂര്‍ണ മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം എന്നതിനുള്ള അംഗീകാരമായാണ്. തെളിവ് കൂടിയാണ്. യേശുദാസന്റെ വരകളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകും. നര്‍മബോധത്തിലും അത് വരകളിലേക്ക് പകര്‍ത്തുന്നതിലും അസാധാരണമായ പ്രതിഭാ സാന്നിധ്യമായിരുന്നു യേശുദാസന്‍ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Keywords: Kochi, News, Kerala, Top-Headlines, Death, Obituary, Cartoonist, Yesudasan, Cartoon, Cartoonist Yesudasan passed away