city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Condolences | ‘സംഗീത ലോകത്തിന് തീരാനഷ്ടം’, പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം

P. Jayachandran tribute, iconic Malayalam singer, music legend
Photo Credit: Facebook/ P Jayachandran The Bhavagayagan

● ജയചന്ദ്രന്റെ വിയോഗം സംഗീത ലോകത്തിന് ഒരു തീരാനഷ്ടമാണെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.
● ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഉണ്ടാകില്ലെന്ന് തന്നെ പറയാം. 
● സമാനതകളില്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്.

തിരുവനന്തപുരം: (KasargodVartha) മലയാള സിനിമാ സംഗീത ലോകത്തെ അനശ്വര ഗായകരിൽ ഒരാളായ പി. ജയചന്ദ്രൻ്റെ നിര്യാണത്തിൽ കേരളം ഒന്നടങ്കം ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്. കാലദേശാതിർത്തികൾ ലംഘിച്ച് തലമുറകളെ തന്റെ മാന്ത്രിക ശബ്ദത്താൽ കയ്യിലെടുത്ത ഭാവഗായകന്റെ ഓർമകൾക്ക് മുന്നിൽ പ്രമുഖ വ്യക്തിത്വങ്ങൾ അനുശോചനം രേഖപ്പെടുത്തി. ജയചന്ദ്രന്റെ വിയോഗം സംഗീത ലോകത്തിന് ഒരു തീരാനഷ്ടമാണെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.

‘ഹൃദയത്തിലേക്ക് കുടിയേറിയ ഗായകൻ’

മുഖ്യമന്ത്രി പിണറായി വിജയൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഉണ്ടാകില്ലെന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും അദ്ദേഹം ആലപിച്ചതെല്ലാം ശ്രോതാക്കളുടെ ഹൃദയത്തിലേക്കാണ് പതിച്ചത്. 

സമാനതകളില്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അദ്ദേഹം അസാമാന്യമായ സംഭാവനകൾ നൽകി. മലയാള ഭാഷയുടെ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. 

തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലച്ചിത്ര സംഗീത ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേർപാട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കും ഗാനവീചികൾക്കും മരണമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘കാലഭേദമില്ലാതെ തലമുറകൾ ഏറ്റെടുത്ത ശബ്ദം’

മലയാളിക്ക് വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന അപൂർവ ശബ്ദങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേതെന്നും കാലഭേദമില്ലാതെ തലമുറകൾ ഏറ്റെടുത്ത ശബ്ദമായിരുന്നു അതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകാലം പി. ജയചന്ദ്രൻ മലയാളികളെ വിസ്മയിപ്പിച്ചു. സവിശേഷമായ ആലാപന ശൈലി ജയചന്ദ്രന് മാത്രം അവകാശപ്പെട്ടതാണ്. 

അത് ആർക്കും അനുകരിക്കാനാകില്ല. കുട്ടികൾക്കും കൗമാരക്കാർക്കും യുവാക്കൾക്കും മധ്യവയസ്കർക്കും വയോധികർക്കും മനസ്സിൽ സൂക്ഷിക്കാൻ അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ഗാനമുണ്ടാകും. പ്രണയം, വിരഹം, വിഷാദം, ആഹ്ലാദം, ഭക്തി, അനുതാപം, സ്വപ്നം അങ്ങനെ എത്രയെത്ര പേരറിയാത്ത ലോകത്തേക്ക് ജയചന്ദ്രൻ നമ്മെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. 

എക്കാലത്തെയും മധുര മനോഹരമാക്കിയ ശബ്ദ സാന്നിധ്യമായിരുന്നു ജയചന്ദ്രൻ. മലയാള സിനിമാ സംഗീതത്തിന്റെ അലകും പിടിയും മാറ്റിയ എൺപതുകളിൽ, ഈണത്തിനനുസരിച്ച പാട്ടെഴുത്ത് ജയചന്ദ്രനിലെ അപൂർവ സിദ്ധിയുള്ള ഗായകന് ഒരു വെല്ലുവിളിയായില്ല. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി അങ്ങനെ ഭാഷാ അതിർത്തികൾ ഭേദിച്ച് അദ്ദേഹത്തിന്റെ സ്വരമാധുരി ഒഴുകി നടന്നു. സംഗീതത്തെ അങ്ങേയറ്റത്തെ തീവ്രതയോടെ സമീപിക്കുമ്പോഴും ജീവിതത്തെ ലാഘവത്തോടെയാണ് അദ്ദേഹം കണ്ടത്. എല്ലാ അർത്ഥത്തിലും പൊരുതി നേടിയതാണ് നമ്മൾ കേൾക്കുന്ന ജയചന്ദ്ര സംഗീതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന മനോഹര ഗാനങ്ങൾ’

മന്ത്രി എം ബി രാജേഷ് ഭാവഗായകൻ ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആധുനിക കേരളത്തിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ മനോഹര ഗാനങ്ങൾ. മലയാള ചലച്ചിത്ര ഗാനശാഖയുടെ വസന്തകാലത്ത് ഏറ്റവും മികച്ച ഗാനങ്ങൾ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു. അതിലൂടെ മലയാളികളുടെയാകെ ആദരവ് നേടാനും കഴിഞ്ഞു. വളരെ തെളിമയുള്ള ആലാപനമായിരുന്നു അദ്ദേഹത്തിന്റേത്. അതിനാൽ നേരിട്ട് ആസ്വാദകരുടെ ഹൃദയത്തെ സ്പർശിക്കാൻ ആ ഗാനങ്ങൾക്ക് കഴിഞ്ഞു. 

സിനിമയിലെ ഗാനരംഗം ആഗ്രഹിക്കുന്ന വികാരങ്ങളും ഭാവവും അതേപോലെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതിനാലാണ് അദ്ദേഹത്തെ ഭാവഗായകനായി മലയാളികൾ വിശേഷിപ്പിക്കുന്നത് എന്ന് കരുതുന്നു. പെരുമാറ്റത്തിലും സംഭാഷണത്തിലും അതേ തെളിമയുള്ള മികച്ച മനുഷ്യസ്നേഹി കൂടിയായിരുന്നു ജയചന്ദ്രൻ. മഞ്ഞലയിൽ മുങ്ങിത്തോർത്തി, മധുചന്ദ്രികയുടെ ചായ തളികയിൽ, അനുരാഗഗാനം പോലെ, തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹം മലയാളികൾക്കായി പാടി. ഒരു ഇടവേളയ്ക്കു ശേഷം പ്രായത്തിന്റെ അടയാളങ്ങൾ ഒന്നും തോന്നിപ്പിക്കാതെ അദ്ദേഹം പാടിയ ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനം യുവതലമുറ ആകെ ഏറ്റെടുത്തതാണ്. 

രാസാത്തി ഉന്നൈ കാണാമെ നെഞ്ച് തമിഴ് ആസ്വാദകരെ മാത്രമല്ല, മലയാളി ആസ്വാദകരെയും ഒരേ പോലെ ആകർഷിച്ചതാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ പാടി. മലയാള ലളിതഗാന ശാഖയിലും മികവ് പ്രകടിപ്പിച്ചു. മികച്ച പിന്നണിഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നിരവധി തവണ സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന് സംസ്ഥാന സർക്കാർ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമായ ജെ. സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. മലയാള സിനിമയുടെ വളർച്ചയ്ക്ക് ഒരു പുരുഷായുസ്സ് കൊണ്ട് മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഉന്നതനായ കലാകാരനെയാണ് കേരളത്തിന് നഷ്ടമായതെന്നും മന്ത്രി അനുസ്മരിച്ചു.

‘സംഗീതാരാധകർ നെഞ്ചേറ്റിയ ഭാവഗായകൻ’

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പി ജയചന്ദ്രന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഗീതാരാധകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു അദ്ദേഹമെന്നും തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലെല്ലാം അദ്ദേഹത്തിന്റെ ശബ്ദം നിറഞ്ഞുനിന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. 

പ്രണയവും വിരഹവുമെല്ലാം ഭാവപൂർണമായ ശബ്ദത്താൽ അനശ്വരമാക്കിയ അദ്ദേഹത്തിന്റെ പാട്ടുകൾ ഇനിയും തലമുറകൾ ഏറ്റുപാടുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. ജയചന്ദ്രന്റെ ഓർമകൾക്കും ഭാവസാന്ദ്രമായ പാട്ടുകൾക്കും മരണമില്ലെന്നും അദ്ദേഹം വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.

#PJayachandran, #MalayalamMusic, #MusicLegend, #Tribute, #IconicSinger, #MalayalamCinema

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia