city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സായിറാം ഭട്ടിന്റെ ജീവിതം കുറിച്ച 'വീട് പറഞ്ഞ കഥ' രചിച്ച എ ബി കുട്ടിയാനത്തിന്റെ ഓർമകൾ

കാസർകോട്: (www.kasargodvartha.com 22.01.2022) മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിർമിച്ച് നല്‍കിയതടക്കം സമാനതകളില്ലാത്ത നന്മകള്‍കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തിയ സായിറാം ഭട്ടിന്റെ ജീവചരിത്രമായ വീട് പറഞ്ഞ കഥ എന്ന പുസ്തകം ഏറെ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു. ചെമ്പരത്തി പ്രസാധനത്തിനുവേണ്ടി എഴുത്തുകാരന്‍ എബി കുട്ടിയാനമാണ് സായിറാംഭട്ടിന്റെ ജീവിതം എഴുതിയത്.
             
സായിറാം ഭട്ടിന്റെ ജീവിതം കുറിച്ച 'വീട് പറഞ്ഞ കഥ' രചിച്ച എ ബി കുട്ടിയാനത്തിന്റെ ഓർമകൾ
          
ഏറെ സമയമെടുത്ത് എഴുതിയ പുസ്തകത്തില്‍ സായിറാംഭട്ടിന്റെ ബാല്യം തൊട്ടുള്ള കഥകളാണ് പറയുന്നത്. ഒരുപാട് നന്മകള്‍ ചെയ്യുമ്പോഴും അതിനെയൊന്നും പുറം ലോകത്തെ അറിയിക്കാന്‍ താല്പര്യമില്ലാത്ത സായിറാം ഭട്ടിന്റെ കഥ എഴുത്ത് ഏറെ ശ്രമകരമായിരുന്നുവെന്ന് എബി കുട്ടിയാനം പറഞ്ഞു.

പുസ്തകത്തിൽ എബി കുട്ടിയാനം ഇങ്ങനെ കുറിക്കുന്നു: 'ഇതുവരെയായി 246പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി,(ഈ പുസ്തകം അടിച്ചുവരുമ്പോഴേക്ക് അതിന്റെ എണ്ണം പിന്നെയും കൂടിയിട്ടുണ്ടാവും) 150ലേറെ നിര്‍ധന യുവതികള്‍ക്ക് തയ്യില്‍ മെഷിന്‍ നല്‍കി ജീവിക്കാനുള്ള വഴികാണിച്ചുകൊടുത്തു, കഴിവുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍ പഠിക്കാന്‍ കഴിയാതെ പകച്ചുപോയ നൂറു കണക്കിന് വിദ്യാർഥികളെ സഹായത്തിന്റെ തലോടലോടെ പുസ്തകവും വസ്ത്രവും നല്‍കി സ്‌കൂളിലേക്ക് പറഞ്ഞയച്ചു, വെള്ളമില്ലാതെ അലയേണ്ടിവന്ന അനേകം കുടുംബങ്ങളുടെ വീട്ടുമുറ്റത്തേക്ക് ആശ്വാസത്തിന്റെ പൈപുലൈനെത്തിച്ചു.

പാവങ്ങള്‍ക്ക് നല്ല ചികിത്സകള്‍ അന്യമായ കാലത്ത് ഗുണമേന്മയുള്ള മരുന്നും നല്ല ഡോക്ടര്‍മാരെയും മാത്രം കൊണ്ടുവന്ന് മാസം തോറും മെഡികല്‍ ക്യാംപ് സംഘടിപ്പിക്കുന്നു, മൊട്ടക്കുന്നില്‍ പച്ചപ്പ് തീര്‍ത്ത മനസ് അരികിലെത്തുന്നവര്‍ക്കെല്ലാം രണ്ട് മരത്തൈകള്‍ നല്‍കി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുന്നു, വിവാഹം ഒരു സ്വപ്നം മാത്രമായി കഴിഞ്ഞുകൂടുന്നവരെ കണ്ടെത്തി സമൂഹ വിവാഹം നടത്തുന്നു.... അങ്ങനെ... അങ്ങനെ... സമാനതകളില്ലാത്ത പുണ്യമാണിവിടെ പെയ്തിറങ്ങുന്നത്...

പാവങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്ന സ്വാമി എന്ന സാദാ വിശേഷണമാണ് സായിറാം ഭട്ടിന് പലരും നല്‍കിയിട്ടുള്ളത്. എന്നാല്‍ കൂടുതലറിയും തോറും അദ്ദേഹം നമ്മെ കൂടുതല്‍ ഞെട്ടിച്ചുകളയുന്നു...എത്രയോ പാവങ്ങള്‍ക്ക് സാന്ത്വനത്തിന്റെ മേല്‍ക്കൂര ഒരുക്കി അല്‍ഭുതം സൃഷ്ടിച്ച മനുഷ്യന്റെ കൊട്ടാരം ഒന്നു കാണുവാനായി കിളിംഗാറിലെത്തിയാല്‍ നിങ്ങള്‍ ഒന്നുകൂടി ഞെട്ടും. ഒരു സാദാ കോണ്‍ക്രീറ്റ് വീട്ടിലാണ് വീടുകളുടെ തമ്പുരാന്‍ താമസിക്കുന്നത്.(150 വീട് നിര്‍മിച്ചു നല്‍കും വരെ ഓടിട്ട കൊച്ചു കൂരയിലായിരുന്നു അദ്ദേഹം താമസിച്ചത് എന്നുകൂടി അറിയണം) ആഡംബരത്തിന്റെ സോഫകള്‍ക്കും കുളിരു തരുന്ന എസികള്‍ക്കും പകരം പഴയ മരകസേരകളും പാളയുടെ വിഷറിയുമൊക്കെയാണ് അലങ്കാരം ചാര്‍ത്തുന്നത്. എല്‍ ഇ ഡി സ്‌ക്രീനിന്റെ വര്‍ണ ചിത്രങ്ങളേക്കാളേറെ പഴയ റേഡിയോയുടെ പ്രതാപമാണവിടെ തിളങ്ങി നില്‍ക്കുന്നത്...'

ഇൻഡ്യയുടെ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുല്‍ കലാമുമായി ബന്ധപ്പെട്ട ഒരു സംഭവവും എ ബി കുട്ടിയാനം വിവരിക്കുന്നുണ്ട്: 'സ്വാമിയുടെ ശിഷ്യനായ ഒരു ചെറുപ്പക്കാരന്‍ ഒരാവശ്യത്തിന് വേണ്ടി പ്രസിഡണ്ടിനെ കാണാന്‍ വേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നു. പൊതുവേ ഇൻഡ്യൻ പ്രസിഡണ്ടിന്റെ ഒരു അപോയിമെന്റ് കിട്ടണമെങ്കില്‍ ഏറെ കടമ്പകളുണ്ട്. എന്നാല്‍ പോയമാത്രയില്‍ തന്നെ അയാള്‍ക്ക് രാഷ്ട്രപതിയെ കാണാനും പോയകാര്യം സഫലമാക്കാനും സാധിച്ചു.

പ്രസിഡണ്ടിനെ കണ്ട് മടങ്ങുമ്പോള്‍ ആ ചെറുപ്പക്കാന്‍ രാഷ്ട്രപതിയോട് പറഞ്ഞു. ഞാന്‍ എന്റെ ഗുരുവിന്റെ അനുഗ്രഹം വാങ്ങിയിട്ടാണ് ഇങ്ങോട്ട് വന്നത്. ഗുരു സായിറാം ഭട്ട് എന്ന ആളാണ് എന്നറിഞ്ഞപ്പോള്‍ അബ്ദുല്‍ കലാം അത്ഭുതത്തോടെ പറഞ്ഞു. ഹൊ, ദി വീകില്‍ അദ്ദേഹത്തെക്കുറിച്ച് വന്ന ഫീചര്‍ ഞാന്‍ വായിച്ചിരുന്നു. എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തിയ ജീവിതമാണ് അത്. ആ മനുഷ്യനെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്.
സായിറാംഭട്ടിനെക്കുറിച്ച് കേട്ടപ്പോള്‍ വല്ലാത്ത ആവേശത്തോടെയാണ് അബ്ദുല്‍ കലാം സംസാരിച്ചതെന്നും അഞ്ച് മിനിറ്റ് സമയം അനുവദിച്ച എന്നോട് ഇരുപത് മിനുറ്റ് നേരം അദ്ദേഹം സ്വാമിയെക്കുറിച്ച് ചോദിച്ചറിഞ്ഞുവെന്നും ആ ചെറുപ്പക്കാരന്‍ പറഞ്ഞു.

ഒരു മാസം കഴിഞ്ഞ് ഞാന്‍ ബാംഗ്ലൂരില്‍ ഒരു വരുന്നുണ്ടെന്നും സ്വാമിയെ കാണാന്‍ ആഗ്രഹമുണ്ടെന്നും ശിഷ്യനോടെ പ്രസിഡണ്ട് പറഞ്ഞു. പ്രസിഡണ്ടിന്റെ ആഗ്രഹം ശിഷ്യന്‍ സ്വാമിയോട് വന്നുപറഞ്ഞപ്പോള്‍ ഇൻഡ്യന്‍ പ്രസിഡണ്ടാണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്ന അമിത ആഹ്ലദമോ ജാഡയോ ഒന്നുമില്ലാതെ സ്വാമി പറഞ്ഞു. നമ്മക്ക് ബാംഗ്ലൂരൊന്നും യാത്ര ചെയ്യാന്‍ സാധിക്കില്ലപ്പ'.

മറ്റൊരു അനുഭവം ഇങ്ങനെയാണ്: 'കാസര്‍കോട് നഗരത്തിലെ ഒരു വേനല്‍ക്കാല മധ്യാനം. നഗരസഭ കോൻഫറന്‍സ് ഹോളില്‍ വലിയൊരു ചടങ്ങ് നടക്കുന്നു. കാസര്‍കോട്ടെ സമ്പന്നരും രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളുടമടക്കം നിരവധി പ്രമുഖര്‍ സന്നിഹിതരായിട്ടുള്ള ചടങ്ങാണത്. സായിറാംഭട്ടിനുള്ള ആദരവും ആ പരിപാടിയിലുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനുഷ്യസ്‌നേഹത്തെക്കുറിച്ചുമുള്ള വാചക കസര്‍ത്തുകള്‍ അവിടെ പൊടിപൊടിക്കുകയാണ്.

അകത്ത് പ്രസംഗം അരങ്ങ് തകര്‍ക്കുമ്പോള്‍ നൂറുക്കണക്കിന് ആളുകള്‍ ശ്രോതാക്കളായി മുന്നിലുണ്ട്. എന്നാല്‍ ഒരു സ്ത്രീമാത്രം ഹാളിന് പുറത്ത് ആരെയോ കാത്തു നില്‍ക്കുകയാണ്. ഒരു പ്രസംഗവും അവരുടെ കാതിലേക്ക് കയറുന്നില്ല, ഒരു ഉപദേശവും അവര്‍ക്ക് ആവശ്യവുമില്ല. മനസ്സ് ദു:ഖം കൊണ്ട് തിളച്ചുമറിയുകയാണെന്ന് ആ മുഖം പറയാതെ തന്നെ പറഞ്ഞുതരുന്നുണ്ട്.

നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നതെന്ന് സംഘടകരിലൊരാള്‍ വന്ന് ചോദിച്ചപ്പോള്‍ ആ സ്ത്രീ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു. എനിക്ക് സായിറാംഭട്ടിനെ കാണണം. എന്താണ് ആവശ്യമെന്ന് ചോദിക്കുമ്പോള്‍ കണ്ണീരോടെ അവര്‍ പറയുന്നു. കയറികൂടാന്‍ ഒരു വീടില്ലാതെ ഞാനും എന്റെ മക്കളും മഴ നനയാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. സഹായത്തിന് വേണ്ടി പല വാതിലുകളും മുട്ടി, പക്ഷെ നിരാശയായിരുന്നു ഫലം. അതിനിടയിലാണ് ആരോ പറഞ്ഞത്. സായിറാഭട്ടിനെ കണ്ട് സങ്കടം പറഞ്ഞാല്‍ അദ്ദേഹം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന്. അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്.

അറിയുമോ, ഒരുപാട് പ്രമുഖര്‍ ഇരിക്കുമ്പോഴും സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ പ്രതീക്ഷകളത്രയും സായിറാം ഭട്ടിലായിരുന്നു. ആയിരം വീടുകള്‍ ഒന്നിച്ച് നിര്‍മ്മിച്ചുനല്‍കാന്‍ കഴിയുവുള്ള ആളുകള്‍ ആ വേദിയുലുണ്ട്. പക്ഷെ അവരുടെ പേരുപോലും ഈ സ്ത്രീക്ക് അറിയില്ലായിരുന്നു...അവരുടെ എല്ലാ കണ്ണുകളും സായിറാംഭട്ടില്‍ മാത്രമായിരുന്നു... ഇങ്ങനെയെത്രയെത്ര പാവങ്ങളാണ് നിത്യവും സായിറാംഭട്ടിന്റെ അരിലേക്ക് എത്തുന്നത്.' 

ബദിയഡുക്കയില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ അബ്ദുസമദ് സമദാനിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറക്കാനുള്ള തയാറെടുപ്പിനിടയിലായിരുന്നു സായിറാം ഭട്ടിന്റെ വേര്‍പാട്.

Keywords: News, Kerala, Kasaragod, Remembrance, Obituary, Top-Headlines, Badiyadukka, 'Veed Paranja Katha', A B Kuttiyanam, Sairam Bhatt, A B Kuttiyanam wrote 'Veed Paranja Katha' about life of Sairam Bhatt.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia