ബാവിക്കര ദുരന്തത്തിന് പിന്നാലെ ബദിയടുക്കയില്‍ രണ്ട് കുട്ടികള്‍ കിണറില്‍വീണ് മരിച്ചു
Nov 29, 2016, 11:53 IST
ബദിയടുക്ക: (www.kasargodvartha.com 29/11/2016) ബാവിക്കരയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചതിന്റെ ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് ബദിയടുക്കയില്‍ രണ്ട് പിഞ്ചുകുട്ടികള്‍ കിണറില്‍വീണ് മരിച്ചു. ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ് - റിയാന ദമ്പതികളുടെ മകന്‍ റംസാന്‍ (നാല്), ഹമീദിന്റെ സഹോദരന്‍ ശബീര്‍ - നാഫിയ ദമ്പതികളുടെ മകന്‍ നസ്‌വാന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്നു കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അയല്‍പക്കത്തുംമറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് വീട്ടുകിണറില്‍ മരിച്ചനിലയില്‍ കണ്ടത്. ആള്‍മറയുള്ള കിണറിന്റെ സമീപം കോണ്‍ക്രീറ്റ് ജെല്ലി കൂട്ടിവെച്ചിരുന്നു. ഇതുവഴിയായിരിക്കാം കുട്ടികള്‍ കിണറിന് മുകളില്‍ കയറിയതെന്ന് സംശയിക്കുന്നു. ബദിയടുക്ക മുള്ളേരിയ പിലാങ്കട്ട ഉബ്രങ്കള റോഡിന് സമീപമാണ് ഇവരുടെ വീട്.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തി പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബദിയടുക്ക ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കുട്ടികളെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹം കിണറില്‍ കണ്ടെത്തിയത്. നഫാനയാണ് റംസാന്റെ സഹോദരി. പിഞ്ചുകുട്ടികളുടെ ആകസ്മിക മരണം ബദിയടുക്കയെ നടുക്കിയിരിക്കുകയാണ്.
Keywords: Kids, Kasaragod, Badiyadukka, Kerala, Well, Obituary, Child, 2 kids drown to death in well