city-gold-ad-for-blogger

Vishu Festival | വിഷുക്കണിയുടെ പ്രാധാന്യവും ഒരുക്കങ്ങളും അറിയാം

Kanikkonna
* വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങി വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്.

കൊച്ചി: (KaasargodVartha) മലയാളികള്‍ക്ക് വിഷു കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. കാര്‍ഷിക സംസ്‌കാരവുമായി മാത്രമല്ല, ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായുമൊക്കെ പ്രത്യേകതകള്‍ ഉള്ള ഉത്സവമാണ് വിഷു. തുല്യമായത് എന്നാണ് വിഷു എന്ന വാക്കിന്റെ അര്‍ത്ഥം. രാത്രിയും പകലും തുല്യമായ ദിവസം എന്ന അര്‍ഥത്തിലാണ് ഈ പേരു വന്നത്.

ഓരോ വര്‍ഷവും രാവും പകലും തുല്യമായ രണ്ട് ദിവസങ്ങള്‍ വരും, മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമായിരിക്കും. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാവിഷുവും ആഘോഷിക്കാറുണ്ടെങ്കിലും മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.

വിഷുവുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങള്‍ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. വിഷു കണിയെ ആശ്രയിച്ചാണ് ഒരുവര്‍ഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങി വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  നീളുന്ന കേരളത്തിന്റെ വിഷു ആഘോഷങ്ങള്‍ക്ക് പലയിടങ്ങളിലും പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മലബാറില്‍ ചിലയിടങ്ങളില്‍ വിഷുക്കണിയുമായി ബന്ധപ്പെട്ട് അകം കണി, പുറം കണി എന്നിങ്ങനെ ചില പ്രത്യേക ആചാരങ്ങളും നിലവിലുണ്ട്.

പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകള്‍, കായ്ച്ചു നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍, വെള്ളരിക്കയും തണ്ണിമത്തനുമെല്ലാമായി വിളഞ്ഞുനില്‍ക്കുന്ന വേനല്‍ പച്ചക്കറിവിളകള്‍, പാടത്തും പറമ്പിലുമെല്ലാം വിരുന്നെത്തുന്ന വിഷുപ്പക്ഷികള്‍- വിഷു എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങള്‍ ഇവയൊക്കെയാണ്. 

മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാര്‍ഷിക കലന്‍ഡര്‍ പ്രകാരം മേടം ഒന്നാണ് വര്‍ഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാല്‍ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്.

മേടരാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം കുറിക്കുന്ന ദിനമാണ് വിഷു. സൂര്യന്റെ മേടരാശിയിലേയ്ക്കുള്ള പ്രവേശനം ഉദയവുമായി യോജിച്ചു വരുന്ന ദിനമാണ് വിഷുവായി ആചരിക്കുന്നത്. അന്നേ ദിവസം ഐശ്വര്യപൂര്‍ണമായത് തുടക്കത്തില്‍ കാണുന്നതിനെ കണി കാണുക എന്നു പറയും. ഭഗവദ് ചിത്രങ്ങള്‍ക്കു മുമ്പില്‍ നിലവിളക്ക് തെളിച്ച് ഐശ്വര്യപൂര്‍ണമെന്നു കരുതുന്നത് കാഴ്ചയായി വച്ച് നാം തലേദിവസമേ ഇത് ഒരുക്കുന്നു. പുലര്‍കാലത്ത് തന്നെ എഴുന്നേറ്റ്  കണിയായി കാണുകയും ചെയ്യുന്നു. ഇതാണ് വിഷുക്കണി ദര്‍ശനത്തിന്റെ രീതി.

മനസ്സിന് ഇമ്പമേകുന്ന വസ്തുക്കള്‍ ഇങ്ങനെ കണി കണ്ടാല്‍ ആ വര്‍ഷം മുഴുവനും ഐശ്വര്യ പൂര്‍ണമായിരിക്കും എന്നുള്ളത് ഈ ആചാരത്തിന്റെ പൊരുള്‍ ആകുന്നു.

ഐതിഹ്യം

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. ആദ്യത്തേത് നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷു എന്നതാണ്. രണ്ടാമത്തെ ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണന്‍ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷു എന്നതാണ് രണ്ടാമത്തെ ഐതിഹ്യം. വിഷുവിന്റെ തലേദിവസം വീടുകളുടെ പരിസരത്തുള്ള ചപ്പുചവറുകള്‍ അടിച്ചുവാരി കത്തിച്ചുകളയുന്ന പതിവും ചിലയിടങ്ങളിലുണ്ട്. രാവണവധത്തിനെ തുടര്‍ന്ന് നടന്ന ലങ്കാദഹനത്തിന്റെ പ്രതീകമാണ് ഇതെന്നും വിശ്വാസമുണ്ട്.

വിഷുവിന്റെ പ്രാധാന്യവും കണിവെക്കുന്നവിധവും അറിയാം

നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല്, നാളികേരം, ഭംഗിയുള്ള സ്വര്‍ണനിറമുള്ള വെള്ളരിക്ക, മാമ്പഴം, വാല്‍ക്കണ്ണാടി, കൃഷ്ണപ്രതിമ, കണിക്കൊന്ന പൂവ്, കോടിമുണ്ട്, ഗ്രന്ഥം, നാണയം, സ്വര്‍ണം, കണ്‍മഷി, കുങ്കുമം, വെറ്റില, അടയ്ക്ക, കിണ്ടിയില്‍ വെള്ളം, തുടങ്ങിയവയാണ് കണിയൊരുക്കാന്‍ ഉപയോഗിക്കുന്നത്.

കണിയൊരുക്കുന്നതിന് ശുദ്ധസാത്വിക ഗുണമുള്ള വസ്തുക്കള്‍ ഉപയോഗിക്കണം. അഞ്ചുതിരിയിട്ട് വിളക്കു കൊളുത്തി അതിന്‍ മുമ്പില്‍ ഓട്ടുരുളിയില്‍ കണിയൊരുക്കണം. ഉണക്കലരിയും നെല്ലും നിറച്ച്, നാളുകേരമുറി വയ്ക്കണം. സ്വര്‍ണവര്‍ണ കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം. 

മാമ്പഴം, ചക്കപ്പഴം ഇവ വയ്ക്കാം. വാല്‍ക്കണ്ണാടി ഇതിനോടൊപ്പം വയ്ക്കുക. ഭഗവതിയായ ലക്ഷ്മി വാല്‍ക്കണ്ണാടിയില്‍ അധിവസിക്കുന്നു എന്നാണ് വിശ്വാസം. കണിക്കാഴ്ചയില്‍ സ്വന്തം മുഖം ദര്‍ശിക്കുക എന്നത് ഒരു രീതിയാണ്. ഈശ്വര സാന്നിധ്യത്തിനൊപ്പം സ്വന്തം ആത്മാവിനെ അറിയുക എന്നത് ഒരു വിശ്വാസം.

കൃഷ്ണപ്രതിമ ഉരുളിയോട് ചേര്‍ത്തു വയ്ക്കാം. അടുത്തൊരു തട്ടത്തില്‍ വസ്ത്രം, ഗ്രന്ഥം, നാണയം, സ്വര്‍ണം ഇവയും കുങ്കുമം, കണ്‍മഷി ഇവയും വയ്ക്കാവുന്നതാണ്. നാണയം വെറ്റില പാക്കിനുള്ളില്‍ വയ്ക്കണം. സ്വര്‍ണവും നാണയവും ലക്ഷ്മിയെയും ഗ്രന്ഥം സരസ്വതിയേയും സൂചിപ്പിക്കുന്നു. ഒടുവില്‍ ഇതിനു സമീപം ജീവ പ്രപഞ്ചത്തിന് അടിസ്ഥാനമായ ശുദ്ധജലം കിണ്ടിയില്‍ വയ്ക്കുക.

വിഷുഫലം

കണികണ്ടു കഴിയുമ്പോള്‍ വിഷുഫലം പറയുന്ന രീതിയും പലയിടങ്ങളിലും നിലവിലുണ്ട്. ഒരു വ്യക്തിയുടെ വരാന്‍ പോകുന്ന വര്‍ഷം എങ്ങനെയായിരിക്കുമെന്ന സൂചനകളാണ് ജ്യോതിഷ ശാസ്ത്രത്തിലൂടെ നിര്‍ണയിക്കുന്നത്. ഒരു വര്‍ഷത്തെ കാര്‍ഷിക വൃത്തിയുടെ ഗുണഫലങ്ങള്‍ കൂടിയാണ് വിഷുഫലത്തില്‍ തെളിയുന്നത് എന്നാണ് വിശ്വാസം. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നൊരു വിശ്വാസവും നിലവിലുണ്ട്.

വിഷുഫലം പറയുന്ന രീതി പണ്ടു കാലത്ത് സാര്‍വത്രികമായിരുന്നു. പണിക്കര്‍ (കണിയാന്‍) വീടുകളില്‍ വന്ന് വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കര്‍ വരുന്നത്. അവര്‍ക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ 'യാവന' എന്നാണ് പറയുക.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia