പാട്ടുംപാടി ജയിക്കാന്‍ ഗായിക ശാന്താ ചന്ദ്രന്‍; എതിരാളി സഹോദരന്റെ ഭാര്യ
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 06.12.2020) ഞാന്‍ പാട്ടുംപാടി ജയിക്കും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും ഇത് പറയുന്നവരാണ്. എന്നാല്‍ പാട്ടുപാടി മത്സര രംഗത്ത് ശ്രദ്ധേയമാകുന്ന ഒരു വനിതാ സ്ഥാനാര്‍ഥി ഉണ്ട് ഇവിടെ.
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ മണ്ഡപത്തു നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശാന്താ ചന്ദ്രന്‍ എന്ന 42 കാരിയാണ് പാട്ടിലൂടെ വോട്ടര്‍മാരെ കയ്യിലെടുക്കുന്നത്.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങള്‍ തയ്യാറാക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം എഴുതിയും പാടിയും വ്യത്യസ്തയാവുകയാണ് ഈവനിതാ സ്ഥാനാര്‍ത്ഥി.
ശാന്താ ചന്ദ്രന്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഗാനങ്ങളില്‍നാടിന്റെ അര്‍ത്ഥവും കഥകളും നിറയുന്നു.
വെറും വോട്ട് അഭ്യര്‍ത്ഥന മാത്രമല്ല ഇവര്‍ പാട്ടിലൂടെ മറ്റുള്ളവരെ അറിയിക്കുന്നത്. തന്റെ ജീവിതം എന്താണെന്നും സ്വയം പരിചയപ്പെടുത്താനും പ്രവര്‍ത്തന മേഖലകളെക്കുറിച്ചും ജയിച്ചാല്‍ നാട്ടില്‍ നടപ്പാക്കേണ്ട വികസന കാര്യങ്ങളെ കുറിച്ചുമുള്ള സമ്പൂര്‍ണ വിവരങ്ങളും പാട്ടില്‍ അടങ്ങിയിട്ടുണ്ട്.
ചെറുപ്പം മുതല്‍ നന്നായി പാടുമായിരുന്ന ശാന്തയ്ക്ക് സംഗീതം ശാസ്ത്രീയമായി പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാഹചര്യംകൊണ്ട് കഴിഞ്ഞിട്ടില്ല.
സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്റെ പ്രചാരണത്തിന് വേണ്ടി തന്റെ പാടാനുള്ള കഴിവ് പുറത്തെടുക്കുകയാണ് ഇവര്‍. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും ഇവര്‍ പാട്ട്പാടി കയ്യടി നേടുകയാണ്.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇവരുടെ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കഴിഞ്ഞു.
ഇവരുടെ സഹോദര ഭാര്യ ഗിരിജ മോഹനും ഇതേ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി നേര്‍ക്കുനേര്‍ മത്സരിക്കുന്നു എന്നതും മണ്ഡപം വാര്‍ഡിനെ വ്യത്യസ്തമാക്കുന്നു.
പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാ വളണ്ടിയര്‍ കൂടിയാണ് ശാന്താ ചന്ദ്രന്‍. തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇവര്‍ ജോലിക്ക് മുടക്കം വരുത്തിയിട്ടില്ല. അങ്കണവാടി ടീച്ചര്‍, തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ പ്രവര്‍ത്തക എന്നീ നിലയിലും നാട്ടുകാര്‍ക്ക് പരിചിതയാണ്.
വെള്ളരിക്കുണ്ട് പുന്നകുന്നിലെ താഴത്തു വീട്ടില്‍ ചന്തന്റെയും കുമ്പയുടെയും മകളാണ് ശാന്ത ചന്ദ്രന്‍. വിവാഹം കഴിച്ചു മണ്ഡപത്തേക്കു കൊണ്ടുപോയതാണ്. ഇവരുടെ മൂത്ത മകന്‍ ശരത് ചന്ദ്രനും നന്നായി പാടും.
നേരത്തെ ഒടയംചാലിലെ തരംഗ് ഓര്‍കസ്ട്രയിലെ മികച്ച പാട്ടു കാരിയായിരുന്നു ശാന്ത. നിരവധി സ്‌റ്റേജുകളില്‍ പാടിയിട്ടുള്ള തന്റെ പാട്ടുകള്‍ക്ക് നിറഞ്ഞ കയ്യടിയും ലഭിച്ചിട്ടുണ്ടെന്ന് ശാന്താ ചന്ദ്രന്‍ പറയുന്നു.
ബി ജെ പിക്ക് ഇവിടെ സ്ഥാനാര്‍ത്ഥി ഇല്ല.